2018ലും ഗംഗയില്‍ മൃതദേഹങ്ങളെത്തി; അന്നു കൊവിഡ് ഉണ്ടായിരുന്നോ എന്ന് യോഗി; മറച്ചുവയ്ക്കാന്‍ ശവക്കച്ച നീക്കം ചെയ്ത് മുനിസിപ്പല്‍ അധികൃതര്‍;മൃതദേഹങ്ങളോടും അനാദരവെന്ന് പ്രിയങ്ക
പ്രയാഗ്‌രാജ്: ഗംഗാതീരത്ത് കുഴിച്ചുമൂടിയ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നത് പതിവായതോടെ അവയെ കാമറക്കണ്ണുകളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ കാവി നിറത്തിലുള്ള ശവക്കച്ചയും അതിരുവച്ച മുളവടിയും നീക്കം ചെയ്തു. മുനിസിപ്പല്‍ അധികൃതരാണിവ നീക്കം ചെയ്തത്.
അതേ സമയം ഗംഗ നദിയിലും തീരങ്ങളിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ ന്യായീകരണവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തി. 2018ലും സമാനമായ സംഭവം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് യോഗിയുടെ ഓഫീസ് ഒരു പത്രവാര്‍ത്തയുടെ കട്ടിംഗ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ 2018ലെ വാര്‍ത്ത ആചാര പ്രകാരമുള്ള മൃതദേഹങ്ങള്‍ സംസ്‌കരിച്ചതാണെന്ന് നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഗംഗ തീരങ്ങളില്‍ മൃതദേഹങ്ങള്‍ വലിയ തോതില്‍ കുഴിച്ചിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത്തരം നൂറുകണക്കിന് സംഭവങ്ങളാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകള്‍ പോലും വകവെക്കാതെയാണ് ഗംഗയുടെ തീരങ്ങളില്‍ മൃതദേഹം സംസ്‌കരിക്കുന്നത് കൂടിയത്.
ആഴ്ചകള്‍ക്ക് മുന്‍പ് നിരവധി മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. അതോടൊപ്പം ഗംഗാതീരങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ ഗംഗാതീരത്ത് മണലില്‍ തന്നെ കുഴിച്ചുമൂടി. പിന്നാലെ കാറ്റടിച്ച് മണല്‍ നീങ്ങിയതോടെ ശവക്കച്ചകള്‍ പുറത്തായി. ഇതിന്റെ ചിത്രങ്ങള്‍ ഡ്രോണ്‍ കാമറയില്‍ പകര്‍ത്തി റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ചതോടെ യു.പി സര്‍ക്കാര്‍ നാണക്കേടിലായിരുന്നു.
വീണ്ടും കുഴിച്ചുമൂടിയെങ്കിലും പിന്നാലെ പെയ്ത മഴയിലും കാറ്റിലും ശവക്കച്ചകളും ശവക്കുഴികള്‍ക്ക് അതിരായി വച്ച മുളവടികളും വീണ്ടും പൊങ്ങി. ഇതാണ് നീക്കം ചെയ്തിരിക്കുന്നത്.
ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ല. ആദരവോടെയുള്ള സംസ്‌കാരവും ലഭിച്ചില്ല. സര്‍ക്കാര്‍ കണക്കുകളിലും അവര്‍ ഇല്ല. ഇപ്പോള്‍ അവരുടെ ശവക്കുഴിക്ക് മുകളിലെ തുണികള്‍ പോലും എടുത്തുകൊണ്ടുപോകുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മൃതദേഹങ്ങളോടും വിശ്വാസത്തോടും മാനവികതയോടുമുള്ള അനാദരവാണിതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."