ഭീതിവിതച്ച് തെരുവ്‌നായ്ക്കള്‍; ചികിത്സാ സൗകര്യമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍
പൂച്ചാക്കല്‍: തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയില്‍ കഴിയുമ്പോഴും അധികൃതര്‍ നിസംഗതയില്‍.
ജില്ലയുടെ വിവിധ മേഖലകളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പ്രഹരമേല്‍ക്കേണ്ടി വന്നിട്ടും അധികൃതര്‍ പരിഹാരം കാണാത്തതില്‍ പരക്കേ പ്രതിഷേധവും ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ കടിയേറ്റ് വരുന്ന രോഗികളെ പ്രാഥമിക പരിശോധന പോലും നടത്താതെ മടക്കി അയക്കുന്ന പ്രവണതയാണ് ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രിയിലും ചെയ്തു വരുന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രി,അരൂക്കുറ്റി സാമൂഹ്യാരോഗ്യ ആശുപത്രി,തുറവൂര്‍,തൈക്കാട്ടുശ്ശേരി ഗവ.ആശുപത്രികള്‍ കൂടാതെ ഓരോ പഞ്ചായത്തുകളിലുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ പട്ടികടിക്കുള്ള മരുന്നും ചികിത്സയും ലഭ്യമല്ല.
ഈ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ കിലോമീറ്ററോളം യാത്ര ചെയ്ത് വേണംകോട്ടയം,വണ്ടാനം എന്നീ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെത്തുവാന്‍.ജില്ലകളില്‍ ഇവിടെ മാത്രമേ തെരുവ് നായ്ക്കളുടെ പ്രഹരമേറ്റ് വരുന്നവര്‍ക്ക് ചികിത്സയും മരുന്നും ലഭിക്കുകയുള്ളു.പാമ്പ് കടിയേറ്റ് വരുന്നവരുടെ സ്ഥിതിയും ഇതുതന്നെയാണ്.
ജനസാന്ദ്രത കൂടിയ മേഖലകളില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിട്ടും പരിഹാരം കാണാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്. ആതുരാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തെരുവ് നായ്ക്കളുടെ താവളമാക്കിയിരിക്കുകയാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രി വളപ്പില്‍ തെരുവ് നായ്ക്കളുടെ സ്വത്രന്ത്ര വിഹാരം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. മിക്ക പൊലിസ് സ്റ്റേഷന്‍ വളപ്പുകളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് തെരുവ് നായ്ക്കള്‍ രാവും പകലും നിലയുറപ്പിച്ചിരിക്കുന്നത്.
കൂടാതെ കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് വളര്‍ത്തു മൃഗങ്ങളാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്തത്. തെരുവ് നായ്ക്കളുടെ ശല്യം സഹിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് ഓരോ ഗ്രാമപഞ്ചായത്തുകളിലും നൂറുകണക്കിന് പരാതികളും നിവേദനങ്ങളുമാണ് പ്രദേശവാസികള്‍ നല്‍കിയത്.എന്നാല്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."