വാക്‌സിന്‍ ക്ഷാമം പരിഹരിക്കണം
കൊവിഡ് വാക്‌സിന്‍ ക്ഷാമം കേരളത്തില്‍ രൂക്ഷമായി തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയമാണ് ദൗര്‍ലഭ്യം രൂക്ഷമാക്കിയതിന്റെ പ്രധാനകാരണം. ജനസംഖ്യയിലെ മൂന്നുശതമാനത്തിനു മാത്രമാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത്. ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം കൈയൊഴിഞ്ഞതാണ് ക്ഷാമം രൂക്ഷമാക്കിയത്. ലോകത്തൊരു രാജ്യവും സ്വന്തം ജനതയോട് ഇങ്ങനെ ദയയില്ലാതെ പെരുമാറുകയില്ല. സൗജന്യമായാണ് എല്ലാ രാജ്യങ്ങളും പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കിവരുന്നത്. മഹാമാരിയെപ്പോലും കച്ചവട സാധ്യതയാക്കുകയാണിവിടെ. വാക്‌സിന് കടുത്ത ക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കേന്ദ്രം 6.6 കോടി ഡോസ് വാക്‌സിന്‍ കയറ്റി അയച്ചത്.
സംസ്ഥാനങ്ങള്‍ വാക്‌സിനു വേണ്ടി നെട്ടോട്ടമോടുകയാണ്. വാക്‌സിന്‍ നയം കേരള ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോള്‍ വിചിത്രന്യായവും വിശദീകരണവുമാണ് കേന്ദ്രം നല്‍കിയത്. വില നിയന്ത്രിച്ചാല്‍ ആവശ്യമായ വാക്‌സിന്‍ വിദേശനിര്‍മാതാക്കളില്‍നിന്നു കിട്ടാതാകുമെന്നും പുതിയ വാക്‌സിന്‍ നയം ഉല്‍പാദനം വര്‍ധിപ്പിക്കാനും പുതിയ നിര്‍മാതാക്കളെ ആകര്‍ഷിക്കാനും വില കുറയ്ക്കാനും കഴിയുമെന്നും അവിശ്വസനീയ വിശദീകരണം കേന്ദ്രം നല്‍കി. മത്സരാധിഷ്ഠിത വിപണിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ കണ്ടുപിടിത്തം. സംസ്ഥാനങ്ങള്‍ക്ക് കാര്യക്ഷമമായി വാക്‌സിന്‍ നല്‍കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിച്ച വ്യാപാര മനഃസ്ഥിതിയാണ് സംസ്ഥാനങ്ങളില്‍ ക്ഷാമം രൂക്ഷമാക്കിയത്.
രാജ്യത്ത് ഇതുവരെ 16.16 കോടി വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തുവെന്നാണ് കേന്ദ്രം പറയുന്നത്. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രതിമാസ ഉല്‍പാദനശേഷി 6 മുതല്‍ 7 കോടി ഡോസാണ്. മറ്റൊരു കമ്പനിയായ ഭാരത് ബയോടെക് ഏപ്രിലില്‍ രണ്ട് കോടി ഡോസുകള്‍ ഉല്‍പാദിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ ഇത് 1.5 കോടി ഡോസായിരുന്നു. സിറം ഇന്‍സ്റ്റിറ്യൂട്ടിന്റെ കൊവിഷീല്‍ഡാണ് കേരളത്തില്‍ ഭൂരിഭാഗവും വിതരണം ചെയ്തിരുന്നത്.
കുത്തിവയ്പ് തുടങ്ങും മുന്‍പ് ആവശ്യമായ വാക്‌സിന്‍ സംഭരിച്ചുവയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ അനാസ്ഥയും വാക്‌സിന്‍ ക്ഷാമത്തിനു കാരണമായി. രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകും മുന്‍പുതന്നെ വാക്‌സിന്‍ ഉപയോഗാനുമതി തേടി ഫൈസര്‍ കമ്പനി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്ത്യന്‍ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അപേക്ഷ നല്‍കുന്നതിനു മുന്‍പായിരുന്നു അത്. 95 ശതമാനം ഫലപ്രാപ്തിയുള്ള വാക്‌സിന്‍ ആണെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്. മറ്റൊരു കമ്പനിയായ മൊഡേണ 94.1 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്നു. എന്നാല്‍ കേന്ദ്രം ഇതില്‍ താല്‍പര്യം കാണിച്ചില്ല. ഇതേക്കുറിച്ച് അന്വേഷിക്കാനോ ആവശ്യമായ വാക്‌സിന്‍ വാങ്ങാനോ ഇന്ത്യ ശ്രദ്ധിച്ചില്ലെന്ന് സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. ഗഗന്‍ദീപ് കാങ് വിമര്‍ശിച്ചിരുന്നു.
വാക്‌സിന്‍ സംഭരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയാണ് പല സംസ്ഥാനങ്ങളിലും ക്ഷാമം രൂക്ഷമാക്കിയത്. കൊവാക്‌സിനും കൊവിഷീല്‍ഡും ഉല്‍പാദിപ്പിക്കപ്പെടുന്നതു വരെ കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുകയായിരുന്നു. ഈ അലംഭാവമാണിപ്പോള്‍ വിനയായിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും പ്രതിദിന ഉല്‍പാദനശേഷി രാജ്യത്തെ വാക്‌സിന്‍ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാവുകയില്ലെന്ന് നേരത്തെ കണ്ടറിയാനുള്ള വിവേകം സര്‍ക്കാരിന് ഇല്ലാതെ പോയതാണോ? അതോ ബോധപൂര്‍വം അവഗണിച്ചതോ? കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം രൂക്ഷമായപ്പോള്‍ ആവശ്യമായ വാക്‌സിനു വേണ്ടി ഫൈസര്‍ കമ്പനിയെ സമീപിച്ചു. അവര്‍ അനങ്ങിയതുമില്ല. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഇതിനുകാരണം.
കുത്തിവയ്പ് ആരംഭിക്കും മുന്‍പുതന്നെ ഇതര രാജ്യങ്ങള്‍ ആവശ്യമായ വാക്‌സിന്‍ സംഭരിച്ചുവയ്ക്കാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഫൈസര്‍ കമ്പനി ഇന്ത്യയില്‍ വാക്‌സിന്‍ ഉപയോഗാനുമതി തേടിയപ്പോള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ തട്ടിക്കളിക്കുകയായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് കൂടുതല്‍ പരിശോധന ഇല്ലാതെ അനുമതി നല്‍കുകയും ചെയ്തു.
ഉല്‍പാദിപ്പിക്കപ്പെടുന്ന വാക്‌സിന്റെ 50 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് വിദേശ വാക്‌സിന്‍ വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും നേരിട്ടു സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ലെന്നും കരാര്‍ കേന്ദ്രവുമായി മാത്രമെന്നും നിലപാടെടുത്ത് ഫൈസര്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ഫൈസറും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലും. ഇനിയിപ്പോള്‍ വിദേശ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയാലും ഇന്ത്യയ്ക്കാവശ്യമായ വാക്‌സിന്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഫൈസറുമായി കരാറില്‍ ഏര്‍പ്പെട്ട് വാക്‌സിന്‍ പ്രതീക്ഷിച്ച ഇതര രാജ്യങ്ങള്‍ 2023വരെ ക്യൂവിലാണ്. രാജ്യം മഹാമാരിയില്‍ ഞെരിപിരികൊള്ളുമ്പോള്‍ വിഷണ്ണരായി നോക്കി നില്‍ക്കുന്ന ഒരു ഭരണകൂടത്തിന്റെ കഴിവില്ലായ്മയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.
കേന്ദ്രവിഹിതത്തിലെ അപര്യാപ്തത മൂലം കേരളം ഭാരത് ബയോടെക്കില്‍നിന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സ്വന്തംനിലയ്ക്ക് വാക്‌സിന്‍ വാങ്ങിയിരുന്നു. അതു തികയാതെ വന്നിരിക്കുകയാണ്. രണ്ടാംഘട്ട വാക്‌സിന്‍ എടുക്കേണ്ടവര്‍ക്കും 18- 44 പ്രായക്കാര്‍ക്കും വാക്‌സിന്‍ കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനങ്ങള്‍. ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഈ വൈകിയവേളയിലെങ്കിലും കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."