വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്തു; യു.പിയില്‍ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആഗ്ര: രാമനവമി ദിനത്തില്‍ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ടാണ് വര്‍ഗീയ കലാപത്തിന് പദ്ധതിയിട്ടത്. പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണ് പ്രധാന സൂത്രധാരന്‍. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗില്‍ മാര്‍ച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ജിതേന്ദ്ര കുശ്വാഹയോട് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.
മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാന്‍ ഖുറൈശി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണല്‍ പൊലീസ് കമീഷണര്‍ ആര്‍.കെ. സിങ് വെളിപ്പെടുത്തി.
ഗൂഢാലോചനയില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."