'നമുക്ക് നമ്മുടെ നാട് തിരിച്ചു പിടിക്കാം' എന്ന സന്ദേശവുമായി ശില്‍പശാല
വാടാനപ്പള്ളി: നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കിം യൂനിറ്റിലെ വളണ്ടിയര്‍മാര്‍ നാട്ടറിവും ,നാട്ടുപഴമയും, നാട്ടു പെരുമയും നാട്ടറിവു കലാകാരന്‍മാരുമായി കണ്ടും കേട്ടും അനുഭവിച്ചും സംവദിച്ചും ചിലവഴിച്ചു. വിദ്യാലയത്തില്‍ പോകാതെ, പാഠപുസ്തകങ്ങളില്‍ നിന്നല്ലാതെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പരമ്പരാഗതമായി പകര്‍ന്ന അറിവാണ് നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം എന്ന തിരിച്ചറിവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടറിവിനായി ഒരു ദിനം ചിലവഴിച്ചത്. പഴമക്കാര്‍ ചിട്ടപ്പെടുത്തിയതും നിര്‍മിച്ചതുമായ പ്രയോജനമൂല്യമുള്ള നാടന്‍ പാട്ടുകളും ,കൊയ്തുപാട്ടുകളും, പാളത്തൊപ്പിയും, ഓലക്കുടയും, ഉറിയും, ഉലക്കയും, വിത്തുപെട്ടിയും വിദ്യാര്‍ഥികള്‍ അനുഭവിച്ചറിഞ്ഞു.
വര്‍ഷങ്ങളായി നമ്മുടെ തെയ്യവും ,കരിങ്കാളിയും, ആദിവാസി നൃത്തവും ഗാനങ്ങളും, നാടന്‍ ദൃശ്യാവിഷ്‌ക്കാരങ്ങളും, വള്ളുവനാടന്‍ പെരുമയും,നാട്ടുപഴമയും നാട്ടുപെരുമയും സമൂഹത്തിലെത്തിക്കുന്ന തൃശൂര്‍ ജന നയനയുടെ കലാകാരന്‍മാരായ അസ്വക്കേറ്റ് വി.ഡി.പ്രേം പ്രസാദ്, ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, ഭവ്യ ശ്രീ അക്കിക്കാവ്, ബിന്ദുചേലക്കര, അജു ഒരുമനയൂര്‍, സുവനേഷ് പട്ടാമ്പി, സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഫോക്ക്‌ലോര്‍ വിരുന്ന് ഒരുക്കിയത്.
കവി പി.എന്‍ ഗോപീകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. തിന്മയും കപടതയും നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് നമ്മുടെ നാട് തിരിച്ചു പിടിക്കാം എന്ന സന്ദേശത്തോടെയാണ് എന്‍.എസ്.എസ് വളണ്ടിയര്‍ ശില്‍പശാലയില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പല്‍ വി.എ ബാബു, പി.ടി.എ പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി ,കെ.വി.അലീഷ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ ഗായത്രി എം.പി, ജ്യോതി ടി.ബി, ജ്വാല എന്‍.ജെ, അപര്‍ണ്ണ പി.എ, ഹസ്‌ന പി.എസ്, മുഹമ്മദ് ഇര്‍ഷാദ്, സാല്‍വിന്‍ തോമാസ് , മുഹമ്മദ് ഷിഹാസ് പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."