എ.എഫ്.സി കപ്പ് യോഗ്യത ; സഹലിന്റെ ഗോളിൽ ഇന്ത്യക്ക് ജയം
കൊൽക്കത്ത
എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന് അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയം അനുവാര്യമായിരുന്ന മത്സരത്തിൽ സാൾട്ട്ലേക്കിലെ കാണികളെ സാക്ഷിയാക്കി കരുതലോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിൽ പല സമയത്തും ഇന്ത്യ അഫ്ഗാനിസ്താൻ ഗോൾ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു. എന്നാൽ പന്ത് വലയിലെത്തിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല.
ഇരു ടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങളുമായി ഇറങ്ങിയ ഇന്ത്യ കളംനിറഞ്ഞ് കളിച്ചു. പലപ്പോഴും അഫ്ഗാൻ താരങ്ങൾ ഇന്ത്യൻ ഗോൾ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു. പ്രതിരോധ താരം സന്ദേശ് ജിങ്കനും ഗോൾ കീപ്പർ ഗുർപ്രീതും ചേർന്ന് അഫ്ഗാൻ മുന്നേറ്റങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ 86ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി അനായാസം വലിയിലെത്തിച്ച് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ ഇന്ത്യയുടെ ലീഡിന് അധിക ആയുസുണ്ടായിരുന്നില്ല. 88ാം മിനുട്ടിൽ ലഭിച്ച കോർണർകിക്കിൽ നിന്ന് ഹെഡറിലൂടെ സുബൈർ അമീരി അഫ്ഗാന് വേണ്ടി ഗോൾ മടക്കി സമനില കണ്ടെത്തി.
90ാം മിനുട്ടിൽ ഇന്ത്യ സുനിൽ ഛേത്രിയെ പിൻവലിച്ച് മലയാളി താരം സഹൽ അബ്ദുൽ സമദിനെ കളത്തിലിറക്കി. തൊട്ടടുത്ത മിനുട്ടിൽ ആഷിക് കുരുണിയന്റെ പാസിൽ നിന്ന് സഹൽ ഗോൾ നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
പിന്നീട് അഫ്ഗാൻ താരങ്ങളെ പൂട്ടിക്കെട്ടിയ ഇന്ത്യ വിജയവുമായിട്ടായിരുന്നു മൈതാനം വിട്ടത്. രണ്ട് മത്സരത്തിൽ നിന്ന് ആറു പോയിന്റുള്ള ഇന്ത്യ പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. 14ന് ഹോങ്കോങിനെതിരേയുള്ള മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് എ.എഫ്.സി യോഗ്യത ഉറപ്പാക്കാൻ കഴിയും.
ഇന്നലെ നടന്ന മത്സരത്തിൽ കമ്പോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതോടെയായിരുന്നു ഹോങ്കോങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."