ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം: പ്രതിഷേധം ശക്തം; ലക്ഷദ്വീപ് ബി.ജെ.പിയില്‍ വീണ്ടും കൂട്ടരാജി
സ്വന്തം ലേഖകന്‍
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിലപാടുകളെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ ദ്വീപ് സ്വദേശിയായ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത ലക്ഷദ്വീപ് പൊലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തം.
ലക്ഷദ്വീപ് പ്രക്ഷോഭത്തില്‍ സേവ് ലക്ഷദ്വീപ് ഫോറത്തിനൊപ്പം നിലകൊള്ളുന്ന ബി.ജെ.പി ഘടകത്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് കവരത്തി പൊലിസ് കേസെടുത്തത്.
അതിനിടെ ഐഷയ്‌ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കേസ് നല്‍കിയതിനും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കുമെതിരേ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് മുള്ളിപ്പുരയടക്കം 12 നേതാക്കളാണ് ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുല്‍ ഖാദറിന് രാജി സമര്‍പ്പിച്ചത്.
ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം ഉമ്മുല്‍കുല്‍സു പുതിയ പുര, ഖാദി ബോര്‍ഡ് അംഗം സൈഫുല്ല പക്കിയോട, ചെത്ത്‌ലത്ത് യൂനിറ്റ് പ്രസിഡന്റ് ജാബിര്‍ സാലിഹത്ത് മന്‍സില്‍, അബ്ദുല്‍ സമദ് ചക്കിത്തിയോട, അന്‍ഷാദ് സൗഭാഗ്യവീട്, അബ്ദുല്‍ ഷുക്കൂര്‍ കൂടത്തപ്പാട, നൗഷാദ് പണ്ടാരം, ചെറിയകോയ കല്ലില്ലം, ബാത്തിഷ മൈദാനച്ചെറ്റ, ആര്‍.എം. മുഹമ്മദ് യാസീന്‍, മുനീര്‍ മൈദാന്‍മാളിക എന്നിവരാണ് രാജിവെച്ചത്.കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നേരത്തെ യുവമോര്‍ച്ച ഭാരവാഹികള്‍ അടക്കം രാജിവെച്ചിരുന്നു
ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചിരിക്കുകയാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന പട്ടേലിനെ ഉപമിച്ചതാണ് വിവാദമായത്. തന്റെ ഉപമ കേന്ദ്ര സര്‍ക്കാരിനെയല്ലെന്നും പട്ടേലിനെയാണെന്നും വിശദീകരിച്ച് ഐഷ രംഗത്ത് വന്നെങ്കിലും ബി.ജെ.പി പരാതി നല്‍കി കേസെടുപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ പോലും രാജ്യദ്രോഹമല്ലെന്ന് സുപ്രിം കോടതി വിധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഐഷയ്ക്ക് നിയമപരമായും രാഷ്ട്രീയപരമായും എം.പി എന്ന നിലയില്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് ജനതയുടെ വികാരം ചാനല്‍ ചര്‍ച്ചയില്‍ പ്രകടിപ്പിക്കുകയും പിന്നീട് അതില്‍ വാക്കുകളിലെ അവ്യക്തത തിരുത്തുകയും ചെയ്തിട്ടും കേസെടുത്ത നടപടി നീതികരിക്കാനാവില്ലെന്ന് ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഹസന്‍ ബൊഡുമുക്കഗോത്തി പറഞ്ഞു.
ഐഷയുടെ പേരിലുള്ള കേസിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തയാറാണെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും സി.പി.എം ലക്ഷദ്വീപ് ഘടകം സെക്രട്ടറി ലുക്മാന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധിക്കുമെന്നും ഐഷയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സി.പി.ഐ ഘടകം സെക്രട്ടറി സി.ടി നജ്മുദ്ദീന്‍ പറഞ്ഞു.
ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു ദ്വീപില്‍ വിവിധ കലാ സാംസ്‌കാരിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."