ലോക കേരള സഭ: പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരള സഭയില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലോക കേരള സഭ ബഹിഷ്കരിച്ചത് അപഹാസ്യമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയോട് പുറം തിരിഞ്ഞ് നില്ക്കുകയല്ല വേണ്ടത്. ഏത് തരം ജനാധിപത്യമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അറിയില്ല. രാഷ്ട്രീയ കാരണമാണ് ബഹിഷ്കരണത്തിന് കാരണമെന്ന് പറയുന്നു.
പക്ഷേ, ചെല്ലാനത്തെ പരിപാടിയാല്‍ ഹൈബി ഈഡന് ഉണ്ടായിരുന്നു, മറ്റൊരു പരിപാടിയില്‍ പ്രതിപക്ഷ നേതാവും പങ്കെടുത്തു. എംപിമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും രാഷ്ട്രീയം തടസ്സമായില്ല. ഉരുകിത്തീരുന്ന മെഴുകുതിരിയായ പ്രവാസികളെ ബഹിഷ്കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
11 പ്രമേയങ്ങള്‍ ലോക കേരള സഭ അംഗീകരിച്ചു. ഈ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി അവതരിപ്പിച്ച സമീപന രേഖയും ലോക കേരള സഭ അംഗീകരിച്ചു.
കേരളത്തിന്റെ വികസനത്തിന് പ്രവാസികള്‍ നല്കി പങ്ക് അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ് ലോകത്തെ മലയാളികള്‍. പ്രവാസികളുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."