HOME
DETAILS

പ്രാദേശിക വിവേചനവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും

  
backup
June 24 2022 | 19:06 PM

89456456-2022-june-25

ഫൈസ് അറക്കൽ


നന്നായി പഠിക്കുന്ന കുട്ടിക്ക് തന്റേതല്ലാത്ത കാരണത്താൽ പരീക്ഷാഹാളിൽ കൃത്യസമയത്ത് എത്താനായില്ല. എന്നാൽ ആ കാരണത്താൽ കൃത്യസമയങ്ങളിൽ കുട്ടിക്ക് അഡീഷനൽ ഷീറ്റ് നൽകാതിരുന്നാൽ എങ്ങനെയിരിക്കും? അതാണ് ഇന്നത്തെ മലബാറിന്റെ അവസ്ഥ. സാമൂഹിക, സാംസ്‌കാരിക, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസരംഗത്ത് പുറകിലായിരുന്നു മലബാർ. എന്നാൽ ഈ പരിമിതികൾക്കുള്ളിൽ നിന്ന് തന്നെ നേടിയെടുത്ത പുരോഗതിയും നേട്ടങ്ങളും ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ഒട്ടനേകം മേഖലകളിലായി ഈ പ്രദേശം നേരിടുന്ന അവഗണനകൾക്ക് നീണ്ട വർഷങ്ങളുടെ കഥപറയാനുണ്ട്. രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ് നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാകൂർ, കൊച്ചി പ്രദേശങ്ങൾ ബ്രിട്ടീഷുകാരുമായി അനുരഞ്ജനം പുലർത്തി വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ ആവശ്യാനുസരണം വികസനങ്ങൾ നേടിയെടുത്തു. എന്നാൽ, മലബാറിലെ ബഹുഭൂരിപക്ഷം ജനങ്ങളും അധിനിവേശശക്തികളോട് ചെറുത്തുനിന്നവരായതിനാൽ അവരുടെ കണ്ണിലെ കരട് പോലെയായിരുന്നു ഈ പ്രദേശം. നേരിട്ടുള്ള ബ്രിട്ടീഷ്ഭരണത്തിന്റെ കീഴിലായിരുന്നത് കൊണ്ട് മലബാറിനെ ഇത്തരം നേട്ടങ്ങളിൽ നിന്ന് പുറകോട്ടടിപ്പിക്കുകയുണ്ടായി. ഐക്യ കേരളത്തിന്റെ പിറവിയോടെയെങ്കിലും അർഹമായ പരിഗണനയുണ്ടാകേണ്ടതായിരുന്നു. എന്നാൽ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയങ്ങളും പ്രശ്‌നങ്ങളും അപ്പോഴും ശ്രദ്ധിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും തുടർന്നു. അതിൽ എടുത്തുപറയേണ്ടതാണ് വിദ്യാഭ്യാസ മേഖലയിലെ അസമത്വം.


കേരളത്തിലെ ഉപരിപഠന മേഖലകളിലെ അവസരങ്ങളും സാധ്യതകളും വിശകലനം ചെയ്യുമ്പോൾ ഇന്നും മലബാർ, തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് കടുത്ത അസമത്വവും വിവേചനവും നേരിടുന്നതായി കാണാം. ഈ സാമൂഹിക അനീതിക്കെതിരേ പലതവണ പ്രതിഷേധങ്ങളുയർന്നിട്ടും പ്രശ്‌നത്തിന് അറുതിവരുത്താതെ അധികാരിവർഗം നിസംഗത നടിക്കുകയാണ്. ഭരണകക്ഷി സംഘടനകളുടെ മൗനവും പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകളുടെ കലക്ടറേറ്റ് മാർച്ചും സെക്രട്ടേറിയറ്റ് സമരവും ഓരോ വർഷവും തുടർന്നുകൊണ്ടിരിക്കുന്നു. പുതിയ വിഷയങ്ങളും ചർച്ചകളും രൂപപ്പെടുമ്പോൾ ഇതങ്ങ് കെട്ടടങ്ങുകയും ചെയ്യുന്നു.


സമീപ വർഷങ്ങളിൽ പത്താംക്ലാസ് ഫലപ്രഖ്യാപനാനന്തരം ചർച്ചയാകുന്ന ഒന്നാണ് മലബാറിലെ ഹയർ സെക്കൻഡറി രംഗത്തെ സീറ്റ് ക്ഷാമം. സംസ്ഥാനത്ത് ഈ വർഷത്തെ എസ്.എസ്.എൽ.സി. വിജയം 99.26 ശതമാനമാണ്. ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ 423303 വിദ്യാർഥികളിൽ 226013 പേരും മലബാർ പ്രദേശ പരിധിയിലുള്ള ആറ് ജില്ലകളിൽ നിന്നുള്ളവരാണ്. എന്നാൽ, ഇവരിൽ ഭൂരിഭാഗം കുട്ടികളുടെ മുമ്പിലും ഉപരിപഠന സാധ്യതയുടെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടരിക്കുന്നു. ഈ ജില്ലകളിൽ മലപ്പുറത്തെ വിദ്യാർഥികളെയാണ് സീറ്റ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്. വലിയ അവഗണനകളാണ് ഈ ജില്ലകൾ നേരിട്ടുകൊണ്ടിരിക്കുന്നത്.


ഏറ്റവും കൂടുതൽ ജനസംഖ്യയും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി വിജയിക്കുകയും ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലബാർ എജുക്കേഷൻ മൂവ്‌മെന്റിന്റെ കണക്കു പ്രകാരം ഇവിടെ ഏകദേശം മുപ്പതിനായിരത്തിൽ പരം വിദ്യാർഥികൾ ഓരോവർഷവും പുറന്തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. തെക്കൻ ജില്ലകളിൽ ആവശ്യമായ സീറ്റുകളേക്കാൾ അധികമുള്ളതിനാൽ വിദ്യാർഥികൾ അഡ്മിഷൻ നേടിക്കഴിഞ്ഞാലും സീറ്റുകൾ ബാക്കിയാവുന്നു. പത്തനംതിട്ടയിൽ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ കുട്ടികൾ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഐ.ടി.ഐ, പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ അഡ്മിഷനെടുത്ത് കഴിഞ്ഞാലും 6074 സീറ്റുകൾ മിച്ചം വരും. കോട്ടയം (4990), ആലപ്പുഴ (3164 ), കൊല്ലം (1796 ) എന്നീ ജില്ലകളിലെ സ്ഥിതിയും ഇത് തന്നെയാണ്. അതേസമയം മലപ്പുറത്തിന് പുറമെയുള്ള മലബാറിലെ മറ്റു അഞ്ചു ജില്ലകളിലും ആവശ്യമായ സീറ്റുകളിൽ ആയിരങ്ങളുടെ കുറവാണുള്ളത്. പാലക്കാട് (10132), കോഴിക്കോട് (8579), കണ്ണൂർ (5356), കാസർകോട് (3723), വയനാട് (2232) എന്ന നിലയിലാണ് സീറ്റുകളുടെ അപര്യാപ്തത വരുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് ആകെയുള്ള 389 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 131എണ്ണം മാത്രമാണ് മലബാർ ജില്ലകളിലായുള്ളത്. ജില്ല അടിസ്ഥാനത്തിൽ നോക്കുമ്പോൾ കൊല്ലം (52), തിരുവനന്തപുരം(41), തൃശൂർ (36), എറണാകുളം (34), കോട്ടയം (31) എന്നിങ്ങനെ വി.എച്ച്.എസ്.ഇ സ്‌കൂളുകളുള്ളപ്പോൾ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള മലപ്പുറത്തിനുള്ളത് 27 എണ്ണം മാത്രം. വി.എച്ച്. എസ്.ഇയുടെ കാര്യത്തിലും വിശപ്പറിഞ്ഞ് അന്നം വിളമ്പിയിട്ടില്ല.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ ഹയർ സെക്കൻഡറി കോഴ്‌സുകൾ നിലവിൽ വരുന്നത്. 1990ൽ പരീക്ഷണാടിസ്ഥാനത്തിൽ അക്കാലത്തെ 31വിദ്യാഭ്യാസ ജില്ലകളിൽ നിന്ന് ഓരോ സ്‌കൂളുകൾ തിരഞ്ഞെടുത്താണ് ഹയർ സെക്കൻഡറികൾക്ക് ആരംഭം കുറിക്കുന്നത്. അക്കാലം മുതൽ തന്നെ ഈ മേഖലയിലെ അസമത്വവും ആരംഭിച്ചു. 1997 മുതലാണ് വ്യാപകമായി ഹയർ സെക്കൻഡറി സ്‌കൂളുകൾ സംസ്ഥാനത്തുണ്ടാകുന്നത്. 1998- 99 അധ്യയന വർഷത്തിൽ പ്രീഡിഗ്രി പ്രവേശനം അവസാനിപ്പിച്ചതോടെ ഹയർ സെക്കൻഡറി സ്‌കൂളുകളുടെ പ്രാധാന്യവും ആവശ്യകതയും വർധിച്ചു. എന്നാൽ, അക്കാലം മുതൽ തന്നെ ഈ മേഖലയിലെ അസമത്വം ആരംഭിച്ചു. 1997 ജൂൺ 11ന് സർക്കാർ 77 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചതിൽ നാലെണ്ണം മാത്രമാണ് മലപ്പുറത്തിനുണ്ടായിരുന്നത്. അതേസമയം, വിദ്യാർഥി സാന്ദ്രത കുറഞ്ഞ ഇടുക്കി ജില്ലക്ക് എട്ട് ഹയർ സെക്കൻഡറി സ്‌കൂളുകളാണ് അനുവദിച്ചത്. മലപ്പുറം നേരിട്ട കടുത്ത വിവേചനം ബോധ്യപ്പെടാൻ ഇത് തന്നെ ധാരാളം മതി. തുടർന്ന് ജൂൺ 12ന് സർക്കാർ മേഖലയിൽ 108ഉം എയ്ഡഡ് മേഖലയിൽ 178ഉം ഹയർ സെക്കൻഡറി സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതിലെ ഭൂരിഭാഗവും തെക്കൻ ജില്ലകളിലേക്കുള്ളതായിരുന്നു.


2000 ജൂലൈ മാസത്തിൽ സംസ്ഥാനത്ത് അനുവദിച്ച ഹയർസെക്കൻഡറി സ്‌കൂളുകളുടെ കണക്ക് പരിശോധിക്കുമ്പോഴും അവസ്ഥ സമാനം തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ 1997 ജൂൺ മുതൽ 2001 മാർച്ച് വരെ ഇടതുപക്ഷ സർക്കാർ ആകെ 1069 ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചപ്പോൾ സംസ്ഥാനത്തെ വിദ്യാർഥികൾ അധികമുള്ള ജില്ലയായ മലപ്പുറത്തിന് ലഭിച്ചത് വെറും 67 സ്‌കൂളുകൾ മാത്രമാണ്. 2001ന് ശേഷം മാറിവന്ന സർക്കാരുകളിൽ ചിലർ ശ്രമങ്ങൾ നടത്തിയെങ്കിലും സീറ്റുകളുടെ കുറവ് നികത്താൻ ഈ ശ്രമങ്ങൾ പോരാതെവന്നു. ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിക്കുമ്പോൾ പ്രാദേശികമായ അസന്തുലിതത്വം പരിഹരിക്കണമെന്ന ഹൈക്കോടതി വിധിയായിട്ടുപോലും മലപ്പുറത്തെ സംബന്ധിച്ച്‌ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല. മുറിവുള്ളിടത്ത് പുരട്ടേണ്ട മരുന്നെടുത്ത് ഒരു പോറലുമില്ലാത്തയിടങ്ങളിൽ വെറുതെ തടവുന്നത് പ്രാദേശിക അസന്തുലിതാവസ്ഥ തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.


ഓരോ വർഷവും അഡ്മിഷൻ സീസണിലെ പ്രതിഷേധക്കാരെ ഒതുക്കാനും ഭരണാനുകൂലികൾക്ക് പ്രചരിപ്പിക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമായി മാറിവരുന്ന സർക്കാരുകൾ 10/20 മാർജിനൽ ഇൻഗ്രിമെന്റ് വഴി സീറ്റുകൾ വർധിപ്പിക്കും. ഇതിനെ തുടർന്ന് നിലവിൽ 50 വിദ്യാർഥികൾക്ക് മാത്രം സൗകര്യമുള്ള ക്ലാസ്മുറികളിൽ അറുപതോ എഴുപതോ വിദ്യാർഥികൾ തിങ്ങിയിരുന്ന് പഠിക്കേണ്ട ഗതികേടാണുണ്ടാകുന്നത്. കണക്കിലധികം വരുന്ന കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകർ ക്ലാസ് മുറികളിൽ പെടാപ്പാടുപെടുകയാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. താരതമ്യേന മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് കൂടി അവർക്കിഷ്ടമുള്ള വിഷയങ്ങൾ താൽപര്യമുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിക്കാതെ വരുന്നു. അവർ നേടിയ മാർക്കുകളേക്കാളുപരി അഡ്മിഷൻ പ്രക്രിയയിൽ നിർണായകമാവുന്നത് വിദ്യാഭ്യാസം നേടിയ സ്‌കൂൾ, പഞ്ചായത്ത്, നീന്തൽ സർട്ടിഫിക്കേറ്റ് എന്നിവക്ക് ലഭിക്കുന്ന ബോണസ് പോയിന്റുകളാണ്.
ഈ വിഷയത്തിൽ സർക്കാരുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉന്നയിക്കുന്ന പ്രധാനവാദം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ്. ധൂർത്തും ദുർവിനിയോഗവും കുറച്ച് കാര്യക്ഷമമായ സാമ്പത്തിക ഇടപെടലുകൾ മാത്രം നടത്തിയാൽ തന്നെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്ന അടിസ്ഥാന വിഭാഗമായ വിദ്യാഭ്യാസരംഗത്ത് നവോന്മേഷം സൃഷ്ടിക്കൽ തീർച്ചയായും കഴിയും. അടിയന്തരമായി പരിഹരിക്കേണ്ട ഈ പ്രശ്‌നത്തെ സാമ്പത്തിക പരിമിതിയുടെ പേരിൽ വർഷങ്ങളായി നീക്കിവയ്ക്കുമ്പോഴും വലിയ കമ്മിഷൻ പറ്റാവുന്ന കാര്യങ്ങൾക്ക് പുറകിൽ പോകാൻ യാതൊരു പ്രതിസന്ധിയുമുണ്ടാകുന്നില്ലെന്നത് വിചിത്രമാണ്.


ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും അർഹമായ പ്രാതിനിധ്യവും ലഭിക്കാതെ പോകുന്ന തലമുറകളാണ് മലബാർ ഭാഗങ്ങളിലുള്ളത്. മാർജിനൽ ഇൻഗ്രിമെന്റിന് പകരം അധിക ബാച്ചുകളും പുതിയ സ്‌കൂളുകളും അനുവദിക്കുകയും സീറ്റുകൾ അധികമായി വരുന്ന ജില്ലകളിലേത് മറ്റു ജില്ലകളിലേക്ക് കൈമാറുകയുമല്ലാതെ പ്രശ്‌നപരിഹാരത്തിന് യാതൊരുവിധ എളുപ്പവഴികളുമില്ല. പുതിയ വിദ്യാഭ്യാസ പ്രവണതകൾ രൂപപ്പെടുമ്പോൾ പലരീതിയിലും തരത്തിലുമുള്ള അനീതികൾ തുടരാതിരിക്കാനും സംഭവിക്കാതിരിക്കാനും ജാഗ്രതയോട് കൂടിയ നീതിയുക്തമായ ഇടപെടലുകൾ നടത്തേണ്ടതാണ്.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി ഗവേഷകനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago