HOME
DETAILS

സഹിഷ്ണുതയാണ് ഇസ്‌ലാം സമസ്തയാണ് വഴി

  
backup
May 27 2023 | 05:05 AM

tolerance-is-the-way-of-islam

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ
ജമലുല്ലൈലി


ഇസ്‌ലാമിക വിശ്വാസസംഹിതകളുടെ സുന്ദര സന്ദേശങ്ങളിലൊന്നാണ് സഹിഷ്ണുത. പ്രപഞ്ച പരിപാലകനായ അല്ലാഹു അവന്റെ വചനങ്ങളിലൂടെ സ്വയം പരിചയപ്പെടുത്തിയ വിശേഷണങ്ങളിലൊന്നാണത്. നിങ്ങളില്‍ നിന്നുണ്ടാകുന്ന നിരര്‍ഥക ശപഥങ്ങള്‍ക്ക് അല്ലാഹു ശിക്ഷിക്കുകയില്ല; എന്നാല്‍ സുബോധശപഥങ്ങള്‍ ലംഘിച്ചതിനു പിടികൂടുകയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും സഹിഷ്ണുതയുള്ളവനുമാകുന്നു(അൽ ബഖറ: 225). ഇതു പറഞ്ഞ പ്രപഞ്ചനാഥനെ പരിചയപ്പെടുത്താൻ നിയുക്തരായ പ്രവാചകന്മാരുടെപ്രബോധനാധ്യാപനങ്ങളിലെല്ലാം സഹിഷ്ണുതയുടെ സവിശേഷ പാഠങ്ങൾ ദർശിക്കാൻ സാധിക്കുന്നതാണ്. അന്ത്യപ്രവാചരായ മുഹമ്മദ് നബി(സ)യോട് അനുയായികൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ട സന്ദർഭത്തിൽ പ്രവാചകൻ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'വിശ്വാസമെന്നാൽ ക്ഷമയും സഹിഷ്ണുതയുമാണ്'. സത്യവിശ്വാസത്തിന്റെ സാരസന്ദേശം എന്താണെന്ന് ശിഷ്യരിലൊരാൾ ചോദിച്ചപ്പോഴും പ്രവാചക തിരുമേനി(സ) യുടെ മറുപടി ഇപ്രകാരം തന്നെയായിരുന്നു. മറ്റൊരു പ്രിയപ്പെട്ട അനുയായിയെ കണ്ടപ്പോൾ പ്രവാചകൻ(സ) പ്രശംസിച്ചത് ഇങ്ങനെയായിരുന്നു: 'അല്ലാഹുവിനേറെ പ്രിയപ്പെട്ട രണ്ട് സ്വഭാവസവിശേഷതകൾ നിങ്ങളിലുണ്ട്, ദയയും സഹിഷ്ണുതയുമാണവ'.


മാനവരാശിയുടെ മാർഗദർശിയായി കടന്നുവന്ന പ്രവാചകന്റെ അധ്യാപനങ്ങളിൽ സഹിഷ്ണുത കേവലം വർത്തമാനം മാത്രമായിരുന്നില്ല, വരും തലമുറയ്ക്ക് വഴി പിഴക്കാതിരിക്കാൻ മാത്രമാഴത്തിലുള്ള ദിവ്യസന്ദേശങ്ങളുടെ പ്രഭാകിരണങ്ങൾ ഉദയം ചെയ്ത പ്രഭവ കേന്ദ്രമായിരുന്നു. അല്ലാഹു ആരാണെന്നതിന് ഖുർആൻ പറഞ്ഞ അടയാളങ്ങളിലൊന്ന് സഹിഷ്ണുതയായതിന്റെ പിന്നിൽ അല്ലാഹുവിന് വ്യക്തമായ ലക്ഷ്യമുണ്ട്. തന്നെ ആരാധിക്കുന്ന ദാസന്മാരെല്ലാം ദയയും സഹിഷ്ണുതയും ആത്മാവിൽ സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നതാണത്. 'അതുകൊണ്ട് അവര്‍ക്ക് മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച നല്‍കുകയും ചെയ്യുക. നിശ്ചയമായും പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്'(അൽ മാഇദ: 3).
സഹിഷ്ണുതയും മാനവികതയും ആധുനിക ആശയങ്ങളാണെന്ന പ്രതീതി പൊതുസമൂഹത്തിനു മുന്നിൽ ജനിപ്പിക്കുന്നവിധത്തിൽ സമകാലികരും മുൻഗാമികളുമായ സാമൂഹികശാസ്ത്രജ്ഞരും മാനവികവാദികളും ചിന്തകരും ആഖ്യാനിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് കാണുമ്പോഴാണ് സർവകാല പ്രസക്തമായ ഇസ്‌ലാമിക സന്ദേശങ്ങളുടെ സൗന്ദര്യവും ദൈവികതയും ബോധ്യപ്പെടുന്നത്.


ഇസ്‌ലാമോഫോബിയ വളർത്തുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് മുസ്‌ലിംകളോട് പൊതുസമൂഹത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതുവഴി ഇസ് ലാമിനെ അറിയാനും അനുഭവിക്കാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ചരിത്രത്തിലെന്ന പോലെ വർത്തമാന കാലത്തും നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുഷ്ട ശക്തികൾക്ക് പിൻബലം നൽകുന്നതിൽ ഇസ്‌ലാമിന്റെ ലേബലൊട്ടിച്ച കപട പുരോഗമന-നവോത്ഥാനവാദികൾക്ക് ശക്തമായ പങ്കുണ്ട്. സവിശേഷ സന്ദർഭങ്ങളിൽ പ്രത്യേക വിഷയ സംബന്ധിയായി അവതീർണമായ ഖുർആൻ വചനങ്ങളെയും പ്രവാചക കൽപ്പനകളെയും അടർത്തിമാറ്റുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്തവർ സമൂഹത്തിൽ അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കുകയും ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുകയും ചെയ്യുമ്പോൾ അത്തരം ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് പാരമ്പര്യ ഇസ്‌ലാമിന്റെ പാതയിൽ ഉറച്ചുനിൽക്കുന്ന വിശ്വാസികളുടെ ധർമമാണ്. ആദർശഭദ്രവും ആശങ്കാശൂന്യവുമായ ഇസ്‌ലാമിന്റെ പരമ്പരാഗത വഴിയും രീതിയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഇസ്‌ലാമോഫോബിയക്കെതിരേ ആശയപ്രതിരോധം തീർക്കേണ്ടത്.


പ്രവാചക കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശങ്ങൾ പായക്കപ്പലേറി വന്ന മണ്ണാണ് മലയാളക്കര. പ്രവാചകന്റെ നേരനുയായികളായ മാലിക്ബ്നു ദീനാറിന്റെ നേതൃത്വത്തിലുള്ള സംഘം വിത്തുപാകിയ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ വൻവൃക്ഷമായി പടർന്നുപന്തലിച്ചതാണ് കേരളത്തിലെ ഇസ് ലാമിന്റെ ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകങ്ങൾവരെ അർഥശങ്കകൾക്കിടയില്ലാതെ ആചരിച്ചും അനുഷ്ഠിച്ചും വന്ന ഇസ്‌ലാമിന്റെ ആശയങ്ങളെ ദുഷ്ടലാക്കോടെയും സ്വാർഥ തൽപ്പരതയോടെയും സമീപിക്കുകയും വക്രീകരിക്കുകയും ചെയ്തുകൊണ്ട് ഐക്യബോധത്തിൽ ജീവിച്ചുവന്ന സമൂഹത്തിൽ അനൈക്യത്തിന്റെ വിഷവൃക്ഷങ്ങൾക്ക് വിത്തുപാകാൻ ചിലർ രംഗത്തു വന്നു. അങ്ങനെയൊരു ദശാസന്ധിയിൽ സമുദായത്തെ വിശ്വാസഭിന്നിപ്പിൻ്റെ ചിതൽപ്പുറ്റുകൾ മൂടാതെ സംരക്ഷിക്കാൻ വേണ്ടി ഉദയം ചെയ്ത ആത്മീയപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അല്ലാഹുവിന്റെ ദീനിന് സമർപ്പിതമായ പവിത്രമായ പണ്ഡിതക്കൂട്ടായ്മയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് സമസ്ത.


പാരമ്പര്യ ഇസ്‌ലാമിന്റെ പാതയെ വിശ്വാസികൾക്കും പൊതുസമൂഹത്തിനും മുമ്പിൽ ആർജവത്തോടെ തുറന്നു പറയാൻ ഈ പണ്ഡിതക്കൂട്ടായ്മ നാളിതുവരെ ആരെയും ഭയന്നിട്ടില്ല. പ്രയാണപാതയിലെ പ്രതിസന്ധികളോരോന്നും തരണം ചെയ്യാൻ അതത് കാലങ്ങളിൽ അനവധി ഉപഘടകങ്ങൾ സമസ്തക്കുണ്ടായിട്ടുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടും സമസ്തയുടെ ഊന്നുവടിയെന്ന വിശേഷണം ലഭിച്ചതുമായ യുവജന കൂട്ടായ്മയാണ് സുന്നി യുവജന സംഘം. പ്രവർത്തനപാതയിൽ ത്യാഗോജ്വലവും കർമനിരതവുമായ എഴുപതാണ്ടുകൾ പിന്നിടുകയാണ് സുന്നി യുവജന സംഘം. ആദർശം - നിലപാട്, ആത്മീയം - പ്രാസ്ഥാനികം, ജനാധിപത്യം - മതേതരത്വം എന്നീ വിഷയങ്ങളിലധിഷ്ഠിതമായി ഇസ്‌ലാമിക മുന്നേറ്റവും സംഘടന ശാക്തീകരണവും ലക്ഷ്യംവച്ചുകൊണ്ട് 'സഹിഷ്ണുതയാണ് ഇസ്‌ലാം, സമസ്തയാണ് വഴി' എന്ന പ്രമേയത്തിൽ, മെയ് 21ന് സിദ്ധാപുരത്തുനിന്ന് ആരംഭിച്ച ജാഗരണ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രസ്തുത ചടങ്ങിൽ പ്രസ്ഥാനത്തിന്റെ എഴുപതാം വാർഷിക പ്രഖ്യാപനവും ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തന -പദ്ധതികളുടെ സമർപ്പണവും നടക്കും. സമൂഹത്തിന്റെയും സമുദായത്തിന്റെയും നാനോന്മുഖ നന്മയും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നമുക്ക് കരുത്ത് പകരാം.

(എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."