ടെസ്റ്റ് ക്രിക്കറ്റ് രാജാക്കന്മാരായി കിവികള്‍
കൊവിഡ് മഹാമാരിയില്‍ മൈതാനങ്ങളുടെ ശ്വാസം നിലച്ചു. ലോകത്തിന്റെ ചലനങ്ങള്‍ക്കുതന്നെ പൂട്ടു വീണു. നിശ്ചലതയില്‍ നിന്ന് മൈതാനങ്ങളില്‍ തിരിച്ചുവരവിന്റെ ചിറകടികള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ കനലുകള്‍ ജ്വലിപ്പിച്ചാണ് കൊവിഡ് കാലത്ത് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ സമാപനം. ആദ്യമായി നടന്ന ഐ.സി.സി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ജേതാക്കളായി. മഴമേഘങ്ങള്‍ പെയ്തിറങ്ങിയിട്ടും ഇംഗ്ലണ്ടിലെ സൗതാംപ്റ്റന്‍ ഏജീസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക ജയവുമായി കിവികള്‍ കിരീടം ചൂടി.
ഒന്‍പത് ടീമുകള്‍ അണിനിരന്ന ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ആസ്‌ത്രേലിയയേയും ഇംഗ്ലണ്ടിനെയും മറികടന്ന് പ്രഥമ ടൂര്‍ണമെന്റില്‍ തന്നെ ഇന്ത്യക്ക് ഫൈനലില്‍ എത്താനായത് വലിയ നേട്ടമാണ്. ന്യൂസിലന്‍ഡിനോട് കീഴടങ്ങേണ്ടി വന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണെങ്കില്‍ കൂടി. വിരസത സമ്മാനിച്ചിരുന്ന പഴയകാലത്തുനിന്ന് പഞ്ചദിനങ്ങളിലേക്ക് ക്രിക്കറ്റിന് മാറ്റം സംഭവിച്ചിട്ട് 144 വര്‍ഷം പിന്നിട്ടു. 1877ല്‍ മെല്‍ബണില്‍ ഇംഗ്ലണ്ട് - ആസ്‌ത്രേലിയ മത്സരത്തോടെയാണ് ഔദ്യോഗികമായ ആദ്യ ടെസ്റ്റ് പോരാട്ടം തുടങ്ങിയത്. ഐ.സി.സിയുടെ മാതൃസംഘടനയായ എം.സി.സിയാണ് ടെസ്റ്റ് ക്രിക്കറ്റിനെ പഞ്ചദിനത്തിലേക്ക് മാറ്റിയത്. ടെസ്റ്റ് പദവി നേടിയ രാജ്യങ്ങള്‍ പിന്നീട് സ്വദേശത്തും വിദേശത്തുമായി കാലങ്ങളായി ഏറ്റുമുട്ടുന്നു. എങ്കിലും ഔദ്യോഗികമായൊരു ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് യാഥാര്‍ഥ്യമാക്കാന്‍ 144 വര്‍ഷത്തിലേറെ വേണ്ടി വന്നു.
പരിമിത ഓവര്‍ ക്രിക്കറ്റ് തകര്‍ത്താടുമ്പോഴും ടെസ്റ്റുകളില്‍ തന്നെയാണ് ക്രിക്കറ്റിന്റെ ആത്മാവ് നിലനില്‍ക്കുന്നത്. ഏറ്റവും മനോഹരവും ആധികാരികവും ടെസ്റ്റ് ക്രിക്കറ്റ് തന്നെ. ബാറ്റ്‌സ്മാനും ബൗളര്‍ക്കും തന്റെ മികവ് തെളിയിക്കാനുള്ള വേദിയും ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്. മനോഹരവും ശാസ്ത്രീയവുമായ ക്ലാസിക് പ്രകടനങ്ങളിലൂടെ ക്രിക്കറ്റിന്റെ മനോഹാരിത ഉയര്‍ത്താന്‍ കഴിയുന്നതും സ്വന്തം ശൈലിയില്‍ ബാറ്റ് ചെയ്യാനും പന്തെറിയാനുമുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്ക് ലഭിക്കുന്നതും ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ്. ബ്രാഡ്മാനും സുനില്‍ ഗവാസ്‌ക്കറും സചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും ഉള്‍പ്പെടെയുള്ള പ്രതിഭകളെ ഇന്നും ഓര്‍ത്തിരിക്കുന്നതും ടെസ്റ്റിലെ ക്ലാസിക് ബാറ്റിങ്ങിലൂടെയാണ്. ഇവരെല്ലാം ക്രിക്കറ്റിന്റെ ഐക്കണുകളാക്കി മാറ്റിയതും ക്ലാസിക് ബാറ്റിങ്ങാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ എക്കാലത്തെയും ആഗ്രഹം രാജ്യത്തിന്റെ ടെസ്റ്റ് ക്യാപ് നേടുക എന്നത് തന്നെ.
എട്ടുവര്‍ഷമായി ഐ.സി.സി കിരീടമെന്നത് ഇന്ത്യയുടെ സ്വപ്നമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലൂടെയും ആ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനായില്ല. കപ്പിനും ചുണ്ടിനുമിടയില്‍ എന്നും കിരീടം നഷ്ടമാകുന്ന പതിവ് ഇത്തവണ ന്യൂസിലന്‍ഡ് തെറ്റിച്ചു. കഠിനാധ്വാനവും ദൃഢനിശ്ചയവും കൈമുതലാക്കി കിവികള്‍ പതിവ് രീതികളെ മറികടന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിഞ്ഞും ബാറ്റു വീശിയുമുള്ള ആധികാരിക ജയം. ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്മാരാകാന്‍ കഴിയാതെ പോയ ഇന്ത്യന്‍ ക്രിക്കറ്റിന് ചിന്തിക്കാന്‍ പലതുണ്ട് കാര്യങ്ങള്‍. ഫാസ്റ്റ് ബൗളിങ് പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ബലഹീനത തുടരുന്നു. ഫീല്‍ഡിങ്ങില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍ച്ച അനുഭവിച്ചറിഞ്ഞു. കിവീസ് നായകന്‍ കെയ്ന്‍ വില്യംസനെ പോലൊരു ബാറ്റ്‌സ്മാന്റെ കുറവ് ഇന്ത്യക്കുണ്ടായി. നങ്കൂരമിട്ട് സ്‌കോറിങ് വേഗതയ്ക്ക് കരുത്തേകാന്‍ ആളില്ലാതെ പോയി. ക്രീസില്‍ ഉറച്ച് നിന്ന് ദൗത്യം നിര്‍വഹിക്കാന്‍ ചേതേശ്വര്‍ പൂജാരക്ക് കഴിഞ്ഞില്ല. നങ്കൂരമിട്ടു കളിക്കുമെങ്കിലും സ്‌കോറിങ് വേഗതയില്ല പൂജാരക്ക്. പൂജാര സമീപകാലത്തൊന്നും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെന്നത് ഫാസ്റ്റ് ബൗളിങ് പിച്ചുകളില്‍ ഇന്ത്യയുടെ ബാറ്റിങ് ദൗര്‍ബല്യം തുറന്നു കാട്ടുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണെന്ന് വാദിക്കുമ്പോഴും രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ കാലഘട്ടത്തിന് ശേഷം ഒരു ക്ലാസിക് താരം ഇന്ത്യന്‍ ടീമിലില്ല. അഗ്രസീവ് നായകനായി കളത്തില്‍ വിരാട് കോഹ്‌ലി ഉണ്ടെങ്കിലും ദീര്‍ഘ ഇന്നിങ്‌സ് പിറക്കുന്നില്ല. രോഹിത് ശര്‍മയാവട്ടെ ഇന്ത്യന്‍ ടീമില്‍ ഉറച്ചത് തന്നെ അടുത്ത കാലത്താണ്. ട്രിപ്പിള്‍ സെഞ്ചുറി അടിച്ച വീരേന്ദ്ര സേവാഗിനെ പോലൊരു താരവും സമീപകാലത്ത് ഇന്ത്യന്‍ ടീമിലില്ല. അടുത്തിടെയുള്ള ഇന്ത്യന്‍ ജയമെല്ലാം ബൗളിങ് നിരയുടെ കരുത്തിലായിരുന്നു. താരങ്ങളുടെ വ്യക്തിപരമായ ചില പ്രകടനങ്ങള്‍ക്കപ്പുറം സമ്പൂര്‍ണമായൊരു ബാറ്റിങ് കരുത്ത് ഇപ്പോഴല്ല മുന്‍പും ഇന്ത്യക്ക് ഉണ്ടായിട്ടില്ല. അതിന്റെയെല്ലാം ആകെ തുകയാണ് നാട്ടില്‍ പുലികളാകുന്ന ടീമിന്റെ ന്യൂസിലന്‍ഡിന് മുന്നിലെ പരാജയം.
50-60 റണ്‍ കൂടുതല്‍ നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറ്റാന്‍ കഴിയുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കിവീസ് ബൗളര്‍മാരായ ടീം സൗത്തിയുടെയും കെയ്ല്‍ ജാമിന്‍സന്റെയും സംഭാവന 51 റണ്‍സാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ വാലറ്റം സഹായിച്ചു. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും നന്നായി പന്തെറിഞ്ഞിട്ടും ജസ്പ്രീത് ബുംറ ഫോമിലേക്ക് ഉയരാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യ മൂന്നു പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാണ് പരീക്ഷിച്ചത്. കിവികള്‍ അഞ്ചു പേസര്‍മാരെ ഇറക്കി കളിച്ചു. ഇന്ത്യക്ക് രവിചന്ദ്ര അശ്വിനോ ജഡേജയ്‌ക്കോ പകരം മുഹമ്മദ് സിറാജിനെയോ ഉമേഷ് യാദവിനെയോ പേസറാക്കി ഇറക്കാമായിരുന്നു. സമീപകാലത്ത് സിറാജ് മികച്ച രീതിയില്‍ പന്തെറിയുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ മത്സരത്തിന്റെ ഗതി മാറ്റിയേനെ.
രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റാണ് സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. ഇതോടെ ഇന്ത്യയുടെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. മഴ സാധ്യതയുള്ള സൗതാംപ്റ്റനില്‍ സ്പിന്നിനേക്കാള്‍ പേസ് ബൗളര്‍മാരെയാണ് പിച്ച് തുണയ്ക്കുകയെന്നത് ടീം ഇന്ത്യ ഗൗനിച്ചില്ല. ഭുവനേശ്വര്‍ കുമാറിനെ പോലെ സ്വിങ് ബൗളറുടെ അഭാവും പ്രകടമായി. ഇന്‍സ്വിങറും ഔട്ട് സ്വിങറും നന്നായി പ്രയോഗിച്ചാണ് ടീം സൗത്തി ഇന്ത്യയെ വീഴ്ത്തിയത്. പിച്ചിന്റെയും കാലാവസ്ഥയുടെയും ആനുകൂല്യം കിവീസ് ബൗളര്‍മാര്‍ നന്നായി മുതലാക്കി. ആധികാരിക വിജയത്തിലൂടെ ന്യൂസിലന്‍ഡ് ആത്മാഭിമാനം ഉയര്‍ത്തിയ ജയവും പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."