HOME
DETAILS

ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റ് ജീവിച്ച അതേ തെരുവില്‍ ഇന്ന് അവള്‍ സബ് ഇന്‍സ്‌പെക്ടര്‍; ആനി ശിവ എന്ന പോരാളിയുടെ കഥ

  
backup
June 27 2021 | 11:06 AM

inspiring-story-of-si-annie-shiva453213

തിരുവനന്തപുരം: പതിനാല് വര്‍ഷം മുന്‍പ് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്നവള്‍, ജീവിക്കാന്‍ വേണ്ടി പല പണികളും ചെയ്തു. ആ പെണ്‍കുട്ടി ഇന്ന് അതേ തെരുവിലെ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ്.

ആത്മവിശ്വാസത്തിന്റെയും മനോബലത്തിന്റെയും ഉത്തമഉദാഹരണമാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്. സ്വന്തം അനുഭവം പങ്കുവെച്ച ആനിയുടെ ഫേസ്ബുക്ക് പോസ്റ്റിപ്പോള്‍ വൈറലാണ്.

അതില്‍ ആനി എഴുതുന്നു

'പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ്‌ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഞാന്‍ ഇന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്. ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക'

ആനിയുടെ കഥയിങ്ങനെ:

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് ഇഷ്ടപ്പെട്ടവനോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചത്. കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ട് വേര്‍പിരിഞ്ഞു. സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും തിരിച്ചയക്കപ്പെട്ടു. പിന്നീട് ആ കൈക്കുഞ്ഞുമായി അമ്മൂമ്മയുടെ വീട്ടില്‍ അഭയം തേടി.

പല ജോലികളും മാറിമാറി ചെയ്തു. ഐസ്‌ക്രീമും നാരങ്ങവെള്ളവും വരെ വിറ്റുനടന്നു. ഇതിനിടെ പഠനം പൂര്‍ത്തിയാക്കി. പലതവണ കുഞ്ഞുമായി വീടുമാറേണ്ടിയും വന്നു.

സുഹൃത്തുക്കളുടെ പ്രേരണയിലാണ് എസ്.ഐ പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. പരീശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. 20 മണിക്കൂറോളം ദിവസവും പഠിച്ചു. ഉറക്കം പോലും തടസമായില്ല. പരീക്ഷയെഴുതി. വിജയിച്ചു. 2016 ല്‍ വനിതാ പൊലിസായി ജോലി ലഭിച്ചു. 2019 ല്‍ എസ്.ഐ പരീക്ഷയിലും വിജയം. പരിശീലനത്തിനു ശേഷം 2021 ജൂണ്‍ 25 ന് വര്‍ക്കലയില്‍ എസ്.ഐ ആയി ആദ്യ നിയമനം.

'എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു.'' ആനി ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

മോശം സാഹചര്യങ്ങളെ മറികടന്ന് ജീവിതത്തില്‍ ലക്ഷ്യം കാണാനാകുമെന്ന ഉത്തമഉദാഹരണം കൂടിയാണ് ആനിയുടെ ജീവിതം. അതിനുവേണ്ടത് കഠിനാധ്വാനവും ലക്ഷ്യബോധവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യവുമാണെന്നും ആനി സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്നു.

പി.എസ്.സി പഠനകാലത്തെ അനുഭവം വിവരിക്കുന്ന ആനിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ഏറെ ശ്രദ്ധനേടുന്നുണ്ട്. മകനോടടൊപ്പമുള്ള ജീവിതവും മകന്റെ സ്വാധീനവും വിവരിക്കുന്നതാണ് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

 

2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ്‌ സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയിൽ എസ്‌ ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാൻ ജോയിൻ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന SI പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാൻ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മേടിച്ചു തന്നതും പഠിക്കാൻ പ്രോത്സാഹനം തന്നതും.

അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈൻഡ് സ്റ്റഡിക്കു കിട്ടി. അഭിയും (Abhilash A Arul) രാകേഷും (Rakesh Mohan). നമ്മൾ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാൻ ഇരിക്കും. ഞാൻ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളിൽ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോൾ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട് ചെയ്തു മോന്റെ സ്കൂളിൽ എത്തുമ്പോൾ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷൻ ടീച്ചറുടെ വീട്ടിൽ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി..
മിക്കവാറും രാകേഷിന്റെ വക ഒരു കട്ടൻ ചായയും കടിയും. പഠിത്തം വീണ്ടും തുടരും രാത്രി ഏഴെട്ടു മണി വരെ. അത് കഴിഞ്ഞു സുഹൃത്തുക്കളോട് ബൈ പറഞ്ഞിറങ്ങി ബൈക്ക് എടുത്തു പോകുമ്പോഴും എന്റെ മനസ് നിറയെ പഠിച്ച കാര്യങ്ങൾ അയവിറക്കുകയായിരിക്കും. പിന്നെന്റെ മകൻ ചൂയി കുട്ടന്റെ ലോകത്തേക്ക്. അവന്റെ വിശേഷങ്ങളും പരിഭവങ്ങളും കേട്ടു ആഹാരം കഴിച്ചു അവനെ അവന്റെ ലോകത്തേക്ക് വിട്ടു ഞാൻ പഠിക്കാൻ ഇരിക്കും. അവൻ ചിത്രം വരക്കൽ, കളർ ചെയ്യൽ, കാർട്ടൂൺ കാണൽ ഇതിന്റെ ഇടയിലൂടെ ബോൾ കളി അങ്ങനെ അവൻ പതിനൊന്നു മണി വരെ സമയം കളയും. അത് കഴിഞ്ഞാണ് ഉറക്കo, അതായിരുന്നു പതിവ്..
ബെഡ്‌റൂം ആയിരുന്നു എന്റെ പഠന ലോകം. ചെറുപ്പം മുതൽക്കേ ഉറക്കം തീരെ കുറവായിരുന്നതിനാൽ ഉറക്കം കളഞ്ഞുള്ള പഠിത്തം എന്നെ ശാരീരികമായി ബാധിച്ചില്ല. രാവിലെ നാലു മണി വരെയോ അഞ്ച് മണി വരെയോ പഠിത്തം തുടരുമായിരുന്നു. ഞാൻ ഒന്നും കാണാപാഠം പഠിക്കാറില്ലായിരുന്നു. പഠിക്കേണ്ട കാര്യങ്ങൾ പേപ്പറിൽ വിവിധ കളർ പേന കൊണ്ട് എഴുതി ബെഡ്‌റൂമിൽ ഒട്ടിച്ചു വക്കും എന്നിട്ടു രണ്ടു മൂന്നു വട്ടം അത് വായിക്കും. പിന്നെ ഞാൻ മറക്കില്ല അതായിരുന്നു എന്റെ പഠന രീതി.
എഴുത്തിന്റെ കളർ, അക്ഷരങ്ങൾ, പേപ്പർ ഒട്ടിച്ചിരിക്കുന്ന സ്ഥലം എന്നിവ വച്ച് എനിക്ക് ആ കാര്യം പിന്നെ എപ്പോൾ വേണേലും ഓർമിച്ചെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ബെഡ്‌റൂം മുഴുവൻ പേപ്പർ കൊണ്ട് നിറഞ്ഞു. അലമാരയിലെ കണ്ണാടിയിൽ വരെ കേരള നവോത്ഥാന നായകന്മാരുടെ ജീവിതം അങ്ങനെ പ്രതിഫലിച്ചു നിന്നു. ഈ രീതിയിൽ പഠിച്ചത് കൊണ്ടാകാം ഒന്നര മാസം കൊണ്ട് 10 ടോപ്പിക്സുള്ള സിലബസും ലാസ്റ്റ് ഒരു വർഷത്തെ തൊഴിൽ വീഥിയും തൊഴിൽ വാർത്തയും പി എസ് സി ബുള്ളറ്റിനും ഒക്കെ കവർ ചെയ്യാനായത്.
എന്നത്തേയും പോലെ ഞാൻ അന്നും മോനെ അവന്റെ ലോകത്തേക്ക് കളിയ്ക്കാൻ വിട്ടിട്ടു പഠിക്കാൻ ഇരുന്നു. മോൻ ഇടയ്ക്കിടയ്ക്ക് ബാത്‌റൂമിൽ പോകുന്നത് കണ്ടു ഞാൻ അവനോടു ചോദിച്ചു എന്താന്ന് അവൻ പറഞ്ഞു കളർ ചെയ്യാൻ വേണ്ടി വെള്ളം എടുക്കുന്നതാണെന്നു. ഞാൻ പഠിത്തത്തിൽ മുഴുകി..
ഫ്ലാസ്കിൽ നിന്നും കട്ടൻ പകർന്നു കുടിച്ച് സമയം നോക്കിയപ്പോൾ പതിനൊന്നേകാൽ കഴിഞ്ഞു. മോനോട് പറഞ്ഞു ഇന്നത്തേക്ക് മതി വന്നു കിടക്കെന്ന്. അപ്പോൾ അവൻ മടിച്ചു മടിച്ചു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “എന്റെ തല മുറിഞ്ഞോന്നൊരു തംശയം. ചോര വരുന്നൂന്ന് തോന്നണ്.” ഞാൻ പെട്ടെന്ന് പിടിച്ചു നിർത്തി നോക്കിയപ്പോൾ തല നന്നായി മുറിഞ്ഞിട്ടുണ്ട് ചോരയും ഉണ്ട്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു, പക്ഷെ കരയുന്നില്ല. ഞാൻ പെട്ടെന്ന് അവനെയും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യാനായി ഇറങ്ങുമ്പോൾ എന്റെ പ്രാർത്ഥന ബൈക്ക് ഒന്ന് സ്റ്റാർട്ട് ആകണേ എന്നായിരുന്നു. എന്റെ പ്രാർത്ഥന കേട്ടതുപോലെ ആദ്യ കിക്കിൽ തന്നെ ബൈക്ക് സ്റ്റാർട്ട് ആയി.
മോനെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ സ്റ്റിച്ച് ഇടുന്നതിനിടക്ക് എന്നോട് ചോദിച്ചു ഇതെപ്പഴാ മുറിഞ്ഞതെന്നു ഞാൻ പറഞ്ഞു അധിക സമയം ആയില്ലാന്ന്. അപ്പോൾ മോൻ കരഞ്ഞോണ്ട് പറഞ്ഞു ലിറ്റിൽ കൃഷ്ണ നടന്നോണ്ടിരുന്നപ്പോൾ ബാൾ കളിക്കുന്നതിനിടയിൽ അവിടത്തെ പെട്ടിയിൽ തല തട്ടി മുറിഞ്ഞതെന്നു. ഞാൻ കട്ടിലിലങ്ങ് ഇരുന്നു പോയി യാന്ത്രികമായി തന്നെ. കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ ഒമ്പതരക്ക് തീരും അപ്പോൾ ഇത്രയും സമയം അവൻ വേദന സഹിച്ചൂന്നോ. എനിക്കത് താങ്ങാനായില്ല. എനിക്കെന്റെ ശരീരം തളരുന്ന പോലെ തോന്നി.
ഡോക്ടർ ചോദിച്ചു “തല മുറിഞ്ഞപ്പോൾ മോൻ ആരോടെങ്കിലും പറയാത്തത് എന്താ” ന്ന്. അപ്പോൾ മോൻ പറഞ്ഞു “തല മുറിഞ്ഞത് മുതൽ ഞാൻ മുറിവ് വെള്ളം കൊണ്ട് കഴുകി അവിടെ ഇരുന്ന മരുന്നും വച്ച് നോക്കി. പക്ഷെ ചോര വന്നോണ്ടിരുന്നു. എന്റെ അപ്പ (എന്നെ മോൻ അങ്ങനെ ആണ് വിളിക്കുന്നത്) പോലീസാകാൻ വേണ്ടി പഠിച്ചോണ്ടിരിക്കുവായിരുന്നു. അപ്പയെ ശല്യപ്പെടുത്തണ്ടന്നു വിചാരിച്ചാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും.” ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മോനെ വാരിയെടുത്ത് കുറെ
ഉമ്മ
 
കൊടുത്ത് മടിയിൽ ഇരുത്തി.
അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു: “വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവർ ആരുമില്ലേ കൂടെ വരാൻ എന്ന്. ഞാൻ ഇവന്റെ ചേട്ടൻ അല്ല, ഇവന്റെ അമ്മയാണ്.” അത് കേട്ട് അപ്പൂപ്പനായ ആ ഡോക്ടർ ഞെട്ടിയോ എന്നോരു സംശയം. ഞാൻ തുടർന്നു, “വീട്ടിൽ വേറെ ആരുമില്ല ഞാനും ഇവനും മാത്രമേ ഉള്ളൂ. ഞാൻ എസ്‌ ഐ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ബെഡ്‌റൂമിൽ ഇരുന്നു പഠിക്കുവായിരുന്നു. മുറിഞ്ഞ കാര്യം ഞാനറിഞ്ഞില്ല, അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നെക്കാളധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്.” എന്റെ ശബ്ദം ഇടറി.. കെട്ടിപ്പിടിത്തം ഒന്നു കൂടെ മുറുക്കി ഞാനവന് ഒരു മുത്തം കൂടെ നൽകി..
ഡോക്ടർ മോന്റെ കവിളത്തു പിടിച്ചിട്ടു പറഞ്ഞു “നിന്റെ ഈ നിഷ്കളങ്കത…നീ ചിന്തിയ ചോരക്കു പകരം മോന്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോം ഇടും. ഉറപ്പായും ദൈവം അതിന് സഹായിക്കും..”
വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല, മോനും. എന്റെ നെഞ്ചത്ത് തല വച്ച് മോൻ കിടന്നു. അവന്റെ ദേഹത്ത് ഞാൻ തഴുകിക്കൊണ്ടേയിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു, “ഇനി ഇതുപോലുണ്ടായാൽ അപ്പയോട് ഞാൻ പറയാം പ്രോമിസ്. എന്നോട് കട്ടീസ് ഇടല്ലേ..”
അത്രയും നേരം നിശബ്ദമായി എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിന് പെട്ടെന്ന് ശബ്ദം വച്ചു. കണ്ണുനീരിന്റെ ഒഴുക്ക് കുഞ്ഞു കൈകൾ കൊണ്ട് തടഞ്ഞു മോൻ പറഞ്ഞു “ഐ ലവ് യു അപ്പാ.. ഐ ലവ് യൂ ഹൻഡ്രഡ് മച്ച്..”


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  9 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  13 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  18 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  34 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  42 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago