HOME
DETAILS

തെരുവുനായ: ഇനിയൊരു ജീവൻ നഷ്ടമാകരുത്

  
backup
June 12 2023 | 18:06 PM

editorial-about-stray-dogs

സംസാരശേഷിയില്ലാത്ത മുഴപ്പിലങ്ങാട്ടെ നിഹാൽ നൗഷാദിനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്ന ഞെട്ടലിലാണ് കേരളം. നിഹാലിൻ്റെ നിലവിളി നമ്മളാരും കേൾക്കാതെപോയത് ഹൃദയം പിളരുന്ന വേദനയിൽനിന്ന് ഉയരാത്തതുകൊണ്ടല്ല. അവന് സംസാരിക്കാനോ ഒന്നുറക്കെ കരയാനോ ആവില്ലായിരുന്നു. ആരാണ് നിഹാലിന്റെ മരണത്തിന് ഉത്തരവാദി? തെരുവുനായ്ക്കൾ പെറ്റുപെരുകി മനുഷ്യജീവന് ഭീഷണിയായിട്ടും എന്തുകൊണ്ട് ശാശ്വത പരിഹാരത്തിലേക്ക് നീങ്ങാൻ അധികൃതർക്ക് കഴിയുന്നില്ല. ഇനിയൊരു മനുഷ്യജീവൻ തെരുവുനായ്ക്കൾ കടിച്ചെടുക്കരുത്. അതിനുള്ള ജാഗ്രതയ്ക്കും കരുതലിനും തുടക്കമാകണം നിഹാലിന്റെ നിശബ്ദ നിലവിളികൾ.


ഞായറാഴ്ച വൈകിട്ടാണ് കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിൽനിന്ന് നിഹാലിനെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലിസും നടത്തിയ തിരച്ചിലിലാണ് രാത്രി ഒമ്പതു മണിയോടെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നായ്ക്കൂട്ടങ്ങൾ കടിച്ചുകുടഞ്ഞ കൊച്ചുമൃതദേഹം കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടിക്ക് നിലവിളിക്കാനായില്ല. അവൻ അനുഭവിച്ച വേദനയുടെ ആഴം സമാനതകളിലാത്തതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. കണ്ണിന് താഴെയും കഴുത്തിന് പുറകിലും അരക്കുതാഴെയും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇടതു തുടയിലെ മാംസം മുഴുവനായും കടിച്ചെടുത്തിട്ടുണ്ട്.


തെരുവുനായ്ക്കളുടെ കടിയേറ്റ് ജീവൻ പൊലിയുന്നത് കേരളത്തിൽ തുടർക്കഥയാകുകയാണ്. ഒന്നുകിൽ നായയുടെ കൂട്ടമായ ആക്രമണത്തിൽ, അല്ലെങ്കിൽ നായ കടിച്ച് പേവിഷ ബാധിച്ച്. കഴിഞ്ഞ സെപ്റ്റംബറിലാണ് പത്തനംതിട്ടയിലെ അഭിരാമിയെന്ന പെൺകുട്ടി സമയത്ത് വാക്‌സിൻ എടുക്കാത്തതിനാൽ പേവിഷ ബാധയേറ്റ് മരിച്ചത്. 2022ൽ പേവിഷ ബാധയേറ്റ് 18 ഓളം പേർ കേരളത്തിൽ മരിച്ചു. ഒരു മാസം 25,000 നും 30,000 നും ഇടയിൽ ആളുകൾക്ക് നായയുടെ കടിയേൽക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.


തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. തദ്ദേശ സ്വയംഭരണവകുപ്പാണ് പ്രതിക്കൂട്ടിൽ. പ്രധാന പ്രഖ്യാപനമായിരുന്ന നായ്ക്കളുടെ ജനന നിയന്ത്രണ, സംരക്ഷണ പദ്ധതികളും പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകലും മാസങ്ങൾക്ക് മുമ്പേ തന്നെ നിലച്ചു. തദ്ദേശമന്ത്രി അധ്യക്ഷനായി തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകൾ സംയുക്തമായി തെരുവുനായ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാനെടുത്ത തീരുമാനത്തിൽ എന്തു നടപടിയെടുത്തുവെന്ന് സർക്കാർ വ്യക്തമാക്കണം.

പൂർണമായും തദ്ദേശസ്ഥാപനങ്ങളെ പഴിചാരി മന്ത്രിക്ക് തലയൂരാനാകുമോ. നായകളുടെ പ്രജനനം നിയന്ത്രിക്കുന്നതിന് എ.ബി.സി സെന്ററുകൾ എവിടെയൊക്കെ സ്ഥാപിച്ചു? നായ്ക്കളെ പാർപ്പിക്കാനുള്ള പ്രത്യേക ഷെൽട്ടറുകൾ എവിടെയൊക്കെ? പ്രാദേശികമായ എതിർപ്പാണ് പദ്ധതിയെല്ലാം പാതിവഴിക്കാക്കിയതെന്ന് പറഞ്ഞ് മന്ത്രിക്ക് എങ്ങനെ ഒഴിഞ്ഞുമാറാനാകും. ജനങ്ങളുടെ എതിർപ്പിന് പൂർണമായും വഴങ്ങിയാണോ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധിപ്രകാരം ആക്രമണകാരിയെന്ന് തെളിയിക്കപ്പെട്ടതിനുശേഷമേ കൊല്ലാൻ പാടുള്ളൂ. ഇത് പ്രാവർത്തികമാക്കാൻ പ്രയാസമാണ്. ഈയൊരവസ്ഥയിൽ തെരുവുനായ്ക്കളെ കൊല്ലരുതെന്ന സുപ്രിംകോടതി വിധി ഉയർത്തിക്കാട്ടി കൊല്ലുന്നത് വിലക്കിയിരിക്കുകയാണ് പൊലിസ്. മനുഷ്യജീവൻ കാക്കാൻ അനുകൂലമായി വിധി സുപ്രിംകോടതിയിൽനിന്നു സമ്പാദിക്കേണ്ടതുണ്ട്.


എ.ബി.സി പദ്ധതി തെരുവുനായ പ്രശ്‌നത്തിന് ശാശ്വതപരിഹാരമല്ല. തെരുവുനായ്ക്കൾ ജനിച്ച് 30 ദിവസത്തിനുള്ളിൽ വന്ധ്യംകരിക്കുന്ന എൻഡ് (ഏർളി ന്യൂട്ടറിങ് ഒാഫ് ഡോഗ്‌സ്) എന്ന പുതിയ പദ്ധതി വിദേശരാജ്യങ്ങളിലും രാജ്യത്തെ മെട്രോ നഗരങ്ങളിലും നടപ്പാക്കുന്നുണ്ട്. എ.ബി.സി പദ്ധതിയുടെ ഭാഗമായി ഒരു തെരുവുനായയെ വന്ധ്യംകരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് 15 മിനുറ്റോളം വേണം. എന്നാൽ, എൻഡിന്റെ ഭാഗമായുള്ള സൂക്ഷ്മ ശസ്ത്രക്രിയയ്ക്ക് കേവലം രണ്ടോ മൂന്നോ മിനുറ്റ് മതി. ഇതൊക്കെ നമ്മുടെ തദ്ദേശ സ്ഥാപനങ്ങളും പരീക്ഷിക്കാൻ താമസമരുത്.
പുറമ്പോക്ക് സ്ഥലങ്ങൾ ഡോഗ് പാർക്കിനുവേണ്ടി ഉപയോഗപ്പെടുത്തുക, വളർത്തുനായകളെ പ്രായമായാൽ പുറത്തേക്ക് തള്ളുന്ന നായ ഉടമകളുടെ പേരിൽ നടപടിയെടുക്കുക- ഇതൊക്കെ സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളാണ്. നായ്ക്കളെ വളർത്തുന്നതിനുള്ള പുതിയ വളർത്തുനയം കൊണ്ടുവരുമെന്നും വളർത്തു നായകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തുമെന്നും കഴിഞ്ഞ ഇടത് മുന്നണി സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിന്റെ തുടർനടപടികളെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല.

പൊതുജനങ്ങളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണപദാർഥങ്ങൾ തെരുവിൽ വലിച്ചെറിയുന്ന സമൂഹം നായകളെ പരോക്ഷമായി തീറ്റിപ്പോറ്റുകയും പ്രജനനം നടത്തി പെരുകാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്.
നായയുടെ കടിയേൽക്കുന്നവർ സർക്കാർ ആശുപത്രികളെ സമീപിക്കുമ്പോൾ പലയിടത്തും മതിയായ വാക്‌സിനുകൾ ഇല്ലാത്ത അവസ്ഥയും നിലവിലുണ്ട്. ഇതോടെ ഭീമ തുക മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരികയാണ്. റാബീസ് വാക്‌സിന്റെ സൗജന്യ വിതരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് മാത്രമാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. വാക്‌സിൻ സൗജന്യമായി ലഭ്യമല്ലെങ്കിൽ അത് നായ കടിയേറ്റവന് ഇരുട്ടടിയേൽക്കുന്നതിനു സമാനമായിരിക്കും.


കേരളത്തിൽ ലക്ഷക്കണക്കിന് തെരുവുനായകളാണ് അലഞ്ഞുനടക്കുന്നത്. ഇവയിൽ ഏതൊക്കെ എപ്പോഴൊക്കെ ആക്രമണകാരികളാകും എന്ന് ആർക്കും പറയാനാവില്ല. ജനങ്ങളുടെ ജീവൻ തെരുവുനായ്ക്കൾക്ക് ഇനിയും എറിഞ്ഞുകൊടുക്കരുത്. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞുള്ള സർക്കാരിന്റെ ഈ നിസംഗത അപലപനീയമാണ്. വിഷയത്തിലുള്ള സർക്കാരിന്റെ അലംഭാവം ജനജീവിതത്തിനു നേരെയുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ.

Content Highlights:editorial about stray dogs


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  7 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  7 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  7 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  7 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  7 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  7 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  7 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  7 days ago