പ്രവാസികൾക്ക് കനത്ത തിരിച്ചടി; 66,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
പ്രവാസികൾക്ക് കനത്ത തിരിച്ചടി; 66,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ 66,854 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. കാലാവധി അവസാനിക്കാത്ത ലൈസൻസുകളാണ് റദ്ദാക്കിയത്. തൊഴിൽ പെർമിറ്റ് റദ്ദാക്കിയ പ്രവാസികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. എന്നാൽ ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. മറ്റു ജോലികൾ നോക്കാൻ വേണ്ടി കുവൈത്തിലെ നിലവിലെ വിസ റദ്ദാക്കിയ പ്രവാസികൾ ഇതോടെ പ്രയാസത്തിലാകും.
കുവൈത്തിലെ താമസം റദ്ദാക്കുകയോ രാജ്യം വിടുകയോ ചെയ്‌ത വ്യക്തികളുടേതാണ് 66,584 സാധുവായ ലൈസൻസുകൾ. എന്നാൽ ഇതിൽ തന്നെ നിരവധി പ്രവാസികൾ മറ്റുജോലികൾ നോക്കാൻ വേണ്ടി നിലവിൽ തൊഴിൽ റദ്ദു ചെയ്തവരോ, കുവൈത്തിലേക്ക് മടങ്ങാൻ വേണ്ടി തത്കാലത്തേക്ക് നാട്ടിലേക്ക് പോയവരോ ആണ്. ഇതോടെ ഇവരുടെ ലൈസൻസുകളും റദ്ദായി.
ഇനി ഇവർ കുവൈത്തിൽ തിരിച്ചെത്തിയാൽ പഴയ ലൈസൻസുകൾ പുതുക്കിയെടുക്കാൻ സാധിക്കില്ല. ഇതോടെ ഇവർ ആദ്യം മുതൽ പുതിയ ഡ്രൈവിംഗ് ലൈസൻസിനുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ട്. ഇതിനായി പണവും സമയവും ഏറെ ചെലവഴിക്കേണ്ടി വരും.
ഡ്രൈവർ ജോലി ചെയ്തിരുന്ന പ്രവാസികൾ ആകും ഏറെ ബുദ്ധിമുട്ടുക. തിരിച്ച് കുവൈത്തിൽ എത്തിയാൽ പുതിയ ലൈസൻസ് കിട്ടുന്നത് വരെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. ഈ സമയമത്രയും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ചിലവുകൾ സ്വയം വഹിക്കേണ്ടിവന്നാൽ അത് ഭീമമായ ചെലവ് വരുത്തിവെക്കും.
ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിലവിൽ ഇത്രയേറെ ലൈസൻസുകൾ റദ്ദാക്കിയത്. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ മുമ്പ് നൽകിയ ഡ്രൈവിംഗ് ലൈസൻസുകൾ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മ പരിശോധന, മന്ത്രിതല വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് കമ്മിറ്റിയുടെ നിലവിലുള്ള പ്രവർത്തനം. സമിതി ശുപാർശകൾ നൽകിയാൽ, ബന്ധപ്പെട്ട മന്ത്രിതല തീരുമാനങ്ങൾ ഉടനടി പുറപ്പെടുവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."