മണിപ്പൂരില്‍ സ്വാതന്ത്യസമര സേനാനിയുടെ ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് ചുട്ടുകൊന്നു
ഇംഫാല്‍: മണിപ്പൂരില്‍ നിന്നും മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതരത്തില്‍ കൂടുതല്‍ അക്രമ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. മണിപ്പൂരിലെ കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്‍ അന്തരിച്ച സ്വാതന്ത്യസമര സേനാനിയുടെ 80 വയസ് പിന്നിട്ട ഭാര്യയെ അക്രമികള്‍ വീട്ടിനുളളില്‍ പൂട്ടിയിട്ട ശേഷം ചുട്ട്‌കൊന്നെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. മുന്‍ പ്രസിഡന്റായ എ.പി.ജെ അബ്ദുല്‍ കലാമിന്റെ കൈയില്‍ നിന്നും ആദരം ഏറ്റുവാങ്ങിയ സ്വാതന്ത്യസമര സേനാനി എസ്.ചുരാചന്ദ് സിങിന്റെ ഭാര്യയെയാണ് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
എണ്‍പതുകാരിയായ ഇബേതോംബി വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു. ഓടിപ്പോയ കുടുംബാംഗങ്ങള്‍ തിരിച്ച് എത്തുമ്പോഴേക്കും വീട് പൂര്‍ണമായി കത്തിനശിച്ചിരുന്നുവെന്ന് ഇബേതോംബിയുടെ കൊച്ചുമകന്‍ പ്രേംകാന്ത പറഞ്ഞു. മുത്തശിയെ രക്ഷിക്കാന്‍ ശ്രമിച്ച തനിക്കു നേരെ അക്രമികള്‍ വെടിവച്ചുവെന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു. ഓടി രക്ഷപ്പെട്ടോളൂ,
പിന്നീട് എന്നെ രക്ഷിക്കാന്‍ തിരിച്ചുവരണമെന്ന് മുത്തശി ഉറക്കെ വിളിച്ചു പറഞ്ഞു. അതായിരുന്നു അവരുടെ അവസാന വാക്കുകള്‍. തിരിച്ചെത്തിയപ്പോള്‍ മുത്തശിയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മുത്തശ്ശന്‍ എ.പി.ജെ. അബ്ദുല്‍ കലാമിനൊപ്പം നില്‍ക്കുന്ന ചിത്രം നശിക്കാതെ ലഭിച്ചുവെന്നും പ്രേംകാന്ത പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അക്രമികള്‍ എത്തിയതെന്ന് ഇബേതോംബിയുടെ മരുമകള്‍ പറഞ്ഞു. ഞങ്ങളോട് ഓടി രക്ഷപ്പെട്ട ശേഷം പിന്നീട് ആരെയെങ്കിലും തന്റെ രക്ഷയ്ക്കായി അയയ്ക്കാനാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ ഓടി എംഎല്‍എയുടെ വീട്ടിലാണ് എത്തിയത്. വെടിവയ്പ് തുടര്‍ന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഏതാണ് 6 മണിയായപ്പോഴാണ് കുറച്ചു പേര്‍ ചേര്‍ന്ന് ഇബേതോംബിയെ രക്ഷിക്കാനായി പോയത്. അപ്പോഴേക്കും വീടു പൂര്‍ണമായി അഗ്‌നി വിഴുങ്ങിയിരുന്നുവെന്നും മരുമകള്‍ പറഞ്ഞു.
സെറൗവില്‍ വന്‍ അക്രമവും വെടിവയ്പും ഉണ്ടായ മേയ് 28നാണ് സംഭവം ഉണ്ടായത്. ഇംഫാലില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഏറെ പ്രകൃതിരമണീയമായിരുന്ന സെറൗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേയ് 3ന് കലാഗം ആരംഭിച്ചതിനു ശേഷം ഇവിടെ തീവച്ചു നശിപ്പിച്ചതും ഭിത്തികളില്‍ വെടിയേറ്റതുമായ വീടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ്‌തെയ്കുക്കി സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായ ഗ്രാമങ്ങളിലൊന്നാണിത്.
Content Highlights:freedom fighters wife burn alive in manipur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."