നവോഥാന നായകരുടേയും ചരിത്രപുരുഷന്മാരുടേയും സ്മരണ പുതുക്കാന്‍ കോണ്‍ഗ്രസും
കണ്ണൂര്‍: നവോത്ഥാന നായകരുടേയും ചരിത്രപുരുഷന്മാരുടേയും സ്മരണകള്‍ പുതുക്കാന്‍ വിപുലമായ പരിപാടികളുമായി സി.പി.എമ്മിന് പിന്നാലെ കോണ്‍ഗ്രസും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍ യാഥാര്‍ഥ്യം തുറന്നുകാട്ടാനാണ് ജില്ലാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി യോഗം വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കിയതെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെ ജയന്തി സി.പി.എം ആഘോഷിക്കുമ്പോള്‍ ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി എന്നീ ദേശീയ നേതാക്കന്മാരുടെയും അയ്യങ്കാളി, ശ്രീനാരായണഗുരു തുടങ്ങി നവോത്ഥാന നായകരുടെയും പത്രപ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സ്മരണകള്‍ പുതുക്കാന്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ 28 വരെ വിവിധ പരിപാടികള്‍ നടത്തും.
ഒക്ടോബര്‍ 14ന് അയ്യങ്കാളി സ്മരണപുതുക്കി ഘോഷയാത്രയും 29ന് 'ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍' ഉയര്‍ത്തിപ്പിടിച്ച് സാംസ്‌കാരിക ദര്‍ശനയാത്ര സംഘടിപ്പിക്കും. 31ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും നവംബര്‍ 19ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തില്‍ നിന്നും കെ.പി കേശവമേനോന്റെയും രാമകൃഷ്ണപിള്ളയുടെയും ഛായാപടവും വഹിച്ച് അത്‌ലറ്റുകളുടെ അകമ്പടിയോടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലേക്ക് അനുസ്മരണ ജാഥയും സംഘടിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."