സഹകരണ വകുപ്പിൽ 81ലെ ഉദ്യോഗസ്ഥ പാറ്റേൺ ഓഡിറ്റിങ് വഴിപാട്; ക്രമക്കേടുകൾക്ക് വഴികാട്ടി ഓഡിറ്റർമാർക്ക് അമിത ജോലിഭാരം
ബാസിത് ഹസൻ
തൊടുപുഴ •കരുവന്നൂർ ബാങ്ക് അഴിമതി വിവാദം സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റുയർത്തുമ്പോഴും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥ പാറ്റേൺ പരിഷ്‌കരിക്കാൻ നടപടിയില്ല.
1981ലെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവിലുള്ളത്. ഓഡിറ്റർമാരുടെ അമിത ജോലിഭാരം സഹകരണ ബാങ്ക്/സംഘങ്ങളിലെ ഓഡിറ്റിങ് വഴിപാടാക്കുകയാണ്. 23,080 സഹകരണ സ്ഥാപനങ്ങളുടെ 12,600 ശാഖകളും നാലു ലക്ഷത്തിലധികം ഫയലുകളും രണ്ടു ലക്ഷം കോടി നിക്ഷേപവും പരിശോധിക്കാനുള്ള ചുമതല 272 യൂനിറ്റ് ഇൻസ്പെക്ടർമാർക്കും 437 യൂനിറ്റ് ഓഡിറ്റർമാർക്കുമാണ്.
5,000 സഹകരണ സ്ഥാപനങ്ങളും 800 ശാഖകളും അയ്യായിരത്തോളം ഫയലുകളും 10,000 കോടിയുടെ നിക്ഷേപവുമുള്ള സമയത്തെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവിലുള്ളത്.
16 ക്രെഡിറ്റ് സംഘങ്ങൾക്ക് ഒരു യൂനിറ്റ് ഇൻസ്പെക്ടർ എന്നതായിരുന്നു ആദ്യകാലത്തെ കണക്ക്. സഹകരണ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 400 ശതമാനത്തിന്റെയും ബിസിനസിൽ 800 ശതമാനത്തിന്റെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. വലിയ ബിസിനസ് വിറ്റുവരവും ജില്ല മുഴുവൻ പ്രവർത്തന പരിധിയുമുള്ള സംഘങ്ങളിൽ പോലും യൂനിറ്റ് ഓഡിറ്റ് സംവിധാനമാണ് നിലനിൽക്കുന്നത്.
ഒരു യൂനിറ്റ് ഓഡിറ്റർ പലപ്പോഴും ഒരു മാസം തന്നെ നാല് ഓഡിറ്റ് റിപ്പോർട്ടുകൾ അസി. ഡയരക്ടർക്ക് സമർപ്പിക്കണം. പ്രവർത്തന മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റർമാരെ നിയമിച്ചാൽ മാത്രമേ സുതാര്യമായ ഓഡിറ്റിങ് സാധ്യമാകൂ എന്ന് കേരള സ്റ്റേറ്റ് ഓഡിറ്റേഴ്സ് ആൻഡ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണൻ സുപ്രഭാതത്തോട് പറഞ്ഞു.
സാമ്പത്തിക വർഷം അവസാനിച്ച് ആറു മാസത്തിനുള്ളിൽ ഓഡിറ്റ് പൂർത്തീകരിക്കേണ്ടതുണ്ട്. മാന്വൽ പ്രകാരം ഒരു വർഷം 30 സംഘങ്ങളാണ് ഒരാൾ ഓഡിറ്റ് ചെയ്യേണ്ടത്. എന്നാൽ, മാസത്തിൽ ഏഴ് മുതൽ 10 സംഘങ്ങൾ വരെ ഓഡിറ്റ് ചെയ്യാനായി ജോ. ഡയരക്ടർമാർ ചുമതലപ്പെടുത്തും.
ശരാശരി രണ്ട് ശാഖകളുള്ള ഒരു സംഘത്തിൽ 300-400 വൗച്ചറുകൾ ഒരു ദിവസം ഉണ്ടാകും. ഒരു മാസത്തെ വൗച്ചർ ഒരു ദിവസം കൊണ്ട് നോക്കിത്തീരാൻ നിർബന്ധിതരാകുന്ന ഓഡിറ്റർ പരിശോധന വഴിപാടാക്കും. ക്രമക്കേട് കണ്ടെത്തിയാൽ തന്നെ രാഷ്ട്രീയ ഇടപെടലിൽ നടപടി അവസാനിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്. ഓഡിറ്റ് കഴിഞ്ഞതിനു ശേഷവും തിരുത്താവുന്ന സോഫ്റ്റ് വെയറാണ് മിക്ക സംഘങ്ങളിലും നിലവിലുള്ളത്. ഇതാണ് വൻ ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."