നാല് വര്‍ഷത്തിന് ശേഷം ഇസ്രഈലുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിച്ച് തുര്‍ക്കി
നാലു വര്‍ഷത്തിന് ശേഷം ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും പുന:സ്ഥാപിച്ചു തുര്‍ക്കി. ഇസ്രാഈല്‍ പ്രധാനമന്ത്രി യെയിര്‍ ലാപിഡാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടത്. ബന്ധം പുന:സ്ഥാപിക്കുകയും രണ്ടു രാജ്യങ്ങളും സ്ഥാനപധികളെ പുനര്‍ നിയോഗിക്കുകയും ചെയ്യും. സാമ്പത്തികവും സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധം ശക്തിപ്പെടുത്താന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത് സഹായിക്കുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പറയുന്നു.
2018 മേയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ആദ്യ തുര്‍ക്കി ഇസ്രാഈല്‍ സ്ഥാനപധിയെ തിരിച്ചയച്ചതും. തുടര്‍ന്ന് ഇസ്രാഈലിലുള്ള തുര്‍ക്കിഷ് നയതന്ത്ര ഓഫീസും കോണ്‍സുലേറ്റും ഇസ്രാഈല്‍ അടക്കുകയും ചെയ്തിരുന്നു. 2020 ല്‍ സ്ഥാനപധിയെ തുര്‍ക്കി നിയോഗിച്ചിരുന്നുവെങ്കിലും പൂര്‍ണമായുള്ള ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത് ഇപ്പോഴാണ്. ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള മുന്‍ അമേരിക്കന്‍ ഭരണകൂടം പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ അശാന്തിക്ക് തുടക്കമിട്ടത്. ഇത് പ്രസിഡന്റ് ഉര്‍ദുഗാനും അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള രൂക്ഷമായ അഭിപ്രായപ്രകടനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായി. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലോട്ട് കാവുസോഗ്ലുവുമായി പ്രധാനമന്ത്രി യെയിര്‍ ലാപിഡ് അങ്കാറയില്‍ നടത്തിയ ചര്‍ച്ചയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായുള്ള പ്രധാനമന്ത്രി ലാപിഡിന്റെ സംഭാഷണവും ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകളുമാണ് ഇപ്പോള്‍ സമ്പൂര്‍ണ്ണമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."