തട്ടത്തിലും മക്കനയിലും സ്‌കൂളിലേക്ക് ലഹരി വസ്തുക്കള്‍ കൊണ്ടു വരും, വിവാദ പരാമര്‍ശവുമായി കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ പി.ടിഎ
കോഴിക്കോട്: സ്‌കൂളിലേക്ക് വരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ തട്ടവും മക്കനയും ധരിച്ചാല്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന വിവാദ പരാമര്‍ശവുമായി പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് അനീഷ് താമരക്കുളം. മൊബൈലും മറ്റു വസ്തുക്കളും വെയ്ക്കുന്നത് ലഗിന്‍സ് പോലുള്ള എക്‌സട്രാ ഫിറ്റിങ്‌സിനുള്ളിലാണെന്നും ഇത്തരം വസ്തുക്കള്‍ എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വെക്കാമെന്നും, ഒരോ രീതിയിലുള്ള യൂണിഫോമാണെങ്കില്‍ ഈ പ്രശ്‌നങ്ങളില്ലെന്നും സുപ്രഭാതം ഓണ്‍ലൈന്‍ ചാനലിനോട് അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ മുസ്‌ലിം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്, രക്ഷിതാക്കള്‍ ഇവിടെ തട്ടമിട്ടാണ് വരുന്നത്, യൂണിഫോം തീരുമാനിക്കാനുള്ള അധികാരം സ്‌കൂള്‍ മാനേജ്‌മെന്റിനുമുണ്ട്, സ്‌കൂളില്‍ പ്രവേശനം നേടുന്ന സമയത്ത് വിദ്യാലയത്തിന്റെ റൂള്‍സ് ആന്റ് റഗുലേഷന്‍ വ്യക്തമാക്കുന്ന ഫോം ഒപ്പിട്ടുവാങ്ങുന്നുണ്ട്, യൂണിഫോം ധരിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് മറ്റു വിദ്യാലയങ്ങളിലേക്ക് മാറിപ്പോവാമെന്നും വിഷയം സര്‍ക്കാറിന്റെ അടുക്കലെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനപ്രകാരം മുന്നോട്ടു പോവുമെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ പുതിയ യൂണിഫോമാണ് വിദ്യാര്‍ഥികള്‍ ധരിക്കുന്നതെന്നും കാംപസിനകത്ത് വിവേചനം പാടില്ലെന്നതാണ് പി.ടി.എയുടെ നിലപാടണെന്നു അദ്ദേഹം വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിനിയോടും രക്ഷിതാവിനോടുമാണ് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയതാണ് വിവാദത്തിന് തുടക്കം. സ്‌കൂളില്‍ ഷാള്‍ അനുവദിക്കില്ലെന്നാണ് പ്രിന്‍സിപ്പാള്‍ ആദ്യം പറഞ്ഞത്. തട്ടമിടാന്‍ പാടില്ലെന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് അത് നിങ്ങള്‍ക്ക് സൗകര്യം പോലെ കണക്കുകൂട്ടാമെന്നായിരുന്നു മറുപടി.
ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് പറഞ്ഞിരുന്നു. ചില കുട്ടികള്‍ക്ക് മാത്രമായി യൂനിഫോമില്‍ മാറ്റം വരുത്താനാകില്ലെന്നും യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിനി സ്‌കൂളില്‍ താത്കാലിക അഡ്മിഷന്‍ നേടിയിട്ടുണ്ടെങ്കിലും മറ്റ് സ്‌കൂളിലേക്ക് മാറേണ്ട സാഹചര്യമാണെന്നും കുടുംബം പറയുന്നു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിലക്കിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. സില്‍വി ആന്റണിയുമായും പി.ടി.എ പ്രസിഡണ്ട് അടക്കമുള്ള സ്‌കൂള്‍ അധികൃതരുമായും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഐ എന്‍ എലിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചിരുന്നു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ മതാചാര പ്രകാരമുള്ള വസ്ത്രം യൂണിഫോമായി ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെല്ലാം ഹിജാബ് യൂണിഫോമിനൊപ്പം അനുവദിക്കുമ്പോള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ മാത്രം ഹിജാബ് നിരോധനം ഏര്‍പെടുത്തുന്നത് അംഗീകരിക്കാനിവില്ലെന്നും പി.ടി.എ യോഗത്തിനു ശേഷം തീരുമാനം മാറ്റിയിട്ടില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടനകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."