മരം പറഞ്ഞത്...
ഉൾക്കാഴ്ച
മുഹമ്മദ്
മരം പറഞ്ഞു: ‘മനുഷ്യാ, ജീവിതം എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. എടുക്കാൻ ശ്രമിക്കമ്പോഴും കൊടുക്കലായിരിക്കണം ഉദ്ദേശ്യം. നിന്റെ വളർച്ചയ്ക്കു വെള്ളവും വളവും ആവശ്യമായിരിക്കാം. എന്നാൽ, അതു സ്വീകരിച്ച് നീ സുഖമായി കഴിയരുത്. നിന്നെ ആവശ്യമുള്ളവർ ചുറ്റിലുമുണ്ട്. അവർക്ക് നീ താങ്ങും തണലുമായി മാറണം. നിനക്കു കൂലി ആവശ്യമായിരിക്കാം. എന്നുകരുതി നീ ചെയ്യുന്ന ജോലി കേവലം കൂലിക്കുവേണ്ടിയുള്ളതാവരുത്. നിന്റെ ജോലി മറ്റുള്ളവർക്കു വലിയ സേവനമായി അനുഭവപ്പെടണം. എന്തു കിട്ടുമെന്നത് എന്തുകൊടുക്കാൻ കഴിയുമെന്ന ചിന്തയ്ക്കു ശേഷം മതി’.
മരം പറഞ്ഞു: ‘ജനങ്ങൾക്കിടയിൽ നിന്റെ ശരീരം വേണ്ടവരുണ്ട്. നിന്റെ തണലിനായി കൊതിക്കുന്നവരുണ്ട്. നിന്റെ അന്നത്തിനായി വിശന്നു കഴിയുന്നവരുണ്ട്. നിന്റെ സൗന്ദര്യം കാണാൻ കൊതിക്കുന്നവരുമുണ്ട്. ചിലർക്കു നീ തണലാണ്. ചിലർക്കു നീ അഭയമാണ്. മറ്റു ചിലർക്ക് ഔഷധമാണ്. വേറെ ചിലർക്കു താങ്ങാണ്. ചിലർക്ക് ഉപകരണമാണ്. ഓരോരുത്തർക്കും വേണ്ടത് വേണ്ട അളവിൽ നൽകുക. ഉണ്ടായിട്ടും കൊടുക്കാതിരുന്നാൽ നിന്റെ ജന്മം നിഷ്ഫലമായി മാറും. ഉണ്ടായിട്ടും കൊടുക്കാതെ എടുത്തുവച്ചതുകൊണ്ട് നിനക്കൊരു പ്രയോജനവും വരാനുമില്ല.
ശരീരത്തിനാവശ്യമുള്ളതു മാത്രം കൊടുത്തിട്ടു കാര്യമില്ല. മനസിനാവശ്യമുള്ളതും കൊടുക്കണം. മക്കൾക്കു സ്നേഹവും പരിഗണനയും നൽകാതെ അവരുടെ ശാരീരികാവശ്യങ്ങൾ മാത്രം പൂർത്തീകരിച്ചാൽ നീ ദൗത്യം നിറവേറ്റിയവനാണെന്ന് അവർ പറയില്ല. ഒരുനാൾ അവർ നിന്നെ വെട്ടിമുറിച്ചേക്കും. അന്നം കൊടുക്കുന്നതോടൊപ്പം തണലും കൊടുക്കണം’.
മരം പറഞ്ഞു: ‘നീ എത്ര നന്നായി ദൗത്യനിർവഹണം നടത്തിയാലും ശത്രുക്കൾ നിന്നെ വച്ചേക്കില്ല. അവർ നിനക്കെതിരേ ആക്ഷേപഹാസ്യങ്ങൾ ചൊരിച്ചേക്കാം. ഇല്ലാക്കഥകൾ കെട്ടിയുണ്ടാക്കിയേക്കാം. നിന്നെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചേക്കാം. അവർ എന്തുതന്നെ ചെയ്താലും നീ നിന്റെ ജോലിയെടുത്തിരുന്നാൽ മതി. നീ അവരുടെ സ്വഭാവത്തിലല്ല, നിന്റെ സ്വഭാവത്തിലാണ് അവരോട് പ്രതികരിക്കേണ്ടത്. വെട്ടാൻ വരുന്നവനും തണൽ നൽകണം. വെട്ടാൻ വരുന്നവനാണെന്നു കരുതി നീ അവർക്ക് ആവശ്യമുള്ളതു നിഷേധിച്ചാൽ അവരും നീയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ വരും. അവരേക്കാൾ ഒരുപടി മുന്നിലെത്താൻ നീ എപ്പോഴും നന്മകൊണ്ട് പ്രതികരിക്കുക. നിനക്കെതിരേ കല്ലെറിയുന്നവർക്കു കല്ലല്ല, പഴമാണു തിരിച്ചുനൽകേണ്ടത്.
തിന്മയുടെ വക്താക്കൾ തിന്മ പ്രവർത്തിച്ചുകൊണ്ടിരിക്കും. നന്മയുടെ വക്താക്കൾ നന്മയും പ്രവർത്തിക്കും. ഓരോരുത്തരും അവരവരുടെ പണി ചെയ്യട്ടെ. മറ്റുള്ളവന്റെ പണികണ്ട് നീ നിന്റെ പണി മാറ്റരുത്. അവൻ മർദിച്ചതുകൊണ്ട് നീയും അവനെപ്പോലെ മർദകനാവരുത്. നീ എപ്പോഴും സഹായിയും സഹകാരിയുമായി തുടരുക.
നിനക്കെതിരേ കല്ലേറുകളും മർദനമുറകളുമെല്ലാം വരുന്നുണ്ടെങ്കിൽ സന്തോഷിക്കുക; കാരണം, നീ വിജയിക്കുന്നുണ്ടെന്നതിനുള്ള തെളിവാണത്. നീ നേട്ടങ്ങൾ കൈവരിച്ചതുകൊണ്ടാണ് നിനക്കെതിരേ അസൂയാലുക്കൾ രംഗത്തിറങ്ങുന്നത്. ഒന്നും ചെയ്യാത്തവന് ഒരു പരുക്കുമേൽക്കില്ല. കരയിൽ കിടക്കുന്ന കപ്പലിന് അപകടങ്ങളൊന്നും പറ്റില്ലല്ലോ. നിനെക്കെതിരേ എത്ര കല്ലേറുകൾ വരുന്നുണ്ടോ അത്രയ്ക്കു നേട്ടങ്ങളും നീ കൈവരിച്ചിട്ടുണ്ടെന്നാണ് അതറിയിക്കുന്നത് ’.
മരം പറഞ്ഞു: ‘നിന്നെ ആരു തകർക്കാൻ ശ്രമിച്ചാലും കീഴടങ്ങരുത്. നീ ഉയർച്ചയിലേക്കുതന്നെ വളരാൻ ശ്രമിക്കുക. ജീവനുള്ള കാലത്തോളം നിന്റെ വളർച്ച മുകളിലേക്കു തന്നെയായിരിക്കട്ടെ. മറ്റുള്ളവരുടെ നിരുത്സാഹങ്ങളുണ്ടായതിന്റെ പേരിൽ ദൗത്യം നിർത്തിവച്ചാൽ ഉണങ്ങിപ്പോകും; വളർച്ചയുണ്ടാവില്ല. അവസാനം ഉണങ്ങിനശിച്ച് കത്തിക്കാനെടുക്കുന്ന വിറകായി അധഃപതിക്കും. നിന്നെ ഒരു സ്ഥാനത്തുനിന്ന് വെട്ടിമാറ്റിയാൽ പോലും മറ്റൊരിടത്തുപോയി നീ വളരുക. എഴുന്നേൽക്കാനാകാത്തവിധം നിലത്തുകിടക്കേണ്ടി വന്നാൽ കിടന്നിടത്തു നിന്നുതന്നെ പുതുനാമ്പുകൾ വരുത്തി നീ ഉയരുക. കിടപ്പിലാകേണ്ട ഗതിയുണ്ടായാൽ പോലും വളരാൻ കഴിയുമെന്നതാണു നിന്റെ സവിശേഷത. അതിനാൽ ജീവനുള്ള കാലത്തോളം നീ ഉണങ്ങരുത്. എപ്പോഴും ഉന്മേഷത്തോടെ, ഉണർവോടെ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കു ഉയരുക.
ബാഹ്യമായ വളർച്ച മാത്രം പോരാ, ആന്തരികമായ വളർച്ചയും വേണം. നിന്റെ ആന്തരികമായ വളർച്ചയാണ് ബാഹ്യമായ വളർച്ചയെ ദൃഢീകരിക്കുന്നത്. ആന്തരികമായ വളർച്ചയില്ലെങ്കിൽ ചെറിയ പ്രതിസന്ധികൾ വരുമ്പോഴേക്കും നിനക്കു പിടിച്ചുനിൽക്കാൻ കഴിയില്ല. മനസ് എത്രത്തോളം ദൃഢവും ശക്തവുമാണോ, അത്രമേൽ നീ കരുത്തനായിരിക്കും. എത്ര വലിയ പ്രതിസന്ധികൾ വന്നാലും തകർച്ചയോ തളർച്ചയോ നിന്നെ ബാധിക്കില്ല’.
മരം പറഞ്ഞു: ‘എന്നും ഒരേ സ്ഥിതിയായിരിക്കില്ല. കാലം മാറിമറിയും. തണുപ്പും ചൂടും മഴയും വെയിലുമെല്ലാം ഊഴമനുസരിച്ച് കടന്നുവരും. എല്ലാം നഷ്ടപ്പെട്ട് ശൂന്യഹസ്തനായി കഴിയേണ്ട ഗതിപോലും ഉണ്ടായേക്കും. അത്തരം അവസ്ഥകളിൽ പ്രതീക്ഷ കൈവെടിയരുത്. നിന്റെ കൈകൾ പച്ചപിടിക്കുന്ന കാലം, അനുഗ്രഹങ്ങൽ വന്നുനിറഞ്ഞ് നിന്റെ കൈകൾപോലും കാണാതിരിക്കുന്ന സ്ഥിതിവിശേഷം അടുത്തുതന്നെ വരാനിരിക്കുന്നുണ്ടെന്നു മനസിലാക്കിയാൽ മതി. ഇരുളിന്റെയും വെളിച്ചത്തിന്റെയും കറക്കമാണു ജീവിതം’.
മരം പറഞ്ഞു: ‘നീ ഒരിക്കലും വേരറ്റുപോകരുത്. നിനക്കുശേഷം നിന്റെ ദൗത്യം നിർവഹിക്കാൻ പിൻഗാമി വേണം. അതുനിന്റെ വേരിൽനിന്നു തന്നെയായാൽ അത്രയും നന്ന്. അതിനാൽ നിന്റെ പിൻഗാമികളെ നീ നിന്റെ കുടുംബത്തിൽ നിന്നുതന്നെ വളർത്തിക്കൊണ്ടുവരിക. നിനക്കൊരിക്കലും മരണമില്ലാത്ത ജീവിതം കിട്ടും’.
മരം പറഞ്ഞു: ‘എത്ര ഉയരത്തിലെത്തിയാലും വിനയം കൈവിടരുത്. നിന്റെ താഴെയുള്ളവർക്കു നീ അപ്രാപ്യമാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. താഴെയുള്ളവർക്കുവേണ്ടി നീ താഴ്ന്നു കൊടുക്കുക. എത്രത്തോളം നേട്ടങ്ങൾ കൈവരിക്കുന്നുണ്ടോ, അത്രത്തോളം താഴ്മ കാണിക്കുക. എത്ര ഉയർന്നാലും നിലം വിട്ടുപോകരുത്. നിന്റെ കാലുകൾ എപ്പോഴും നിലത്തുതന്നെയാണെന്ന ബോധം വേണം. നിലം വിട്ടുകഴിഞ്ഞാൽപിന്നെ എല്ലാം കഴിഞ്ഞു. താഴെ വീണുകിടക്കേണ്ട ഗതിയായിരിക്കും പിന്നീടുണ്ടാവുക.
നിന്നെപ്പോലെ ഉയരത്തിലെത്താൻ കൊതിക്കുന്ന പലരുമുണ്ടാകും. നിന്റെ സാഹയവും താങ്ങുമായിരിക്കും അവർക്കുള്ള ശരണം. അത്തരക്കാരെ ഇത്തിക്കണ്ണികളായി കാണാതെ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക. നിന്നെ ആശ്രയിച്ച് ഉയരത്തിലെത്താൻ ശ്രമിക്കുന്നവരെ ഒരിക്കലും ആട്ടിയകറ്റരുത്. നീ കാരണം ആരെങ്കിലും വളർന്നുവന്നാൽ അതു നിനക്കുകൂടി പ്രയോജനമായിരിക്കും.
അവസാനമായി ഒന്നുകൂടി പറയട്ടെ, പ്രകാശസാന്നിധ്യത്തിലാണ്നിനക്കു വളരാനും ഉയരാനും കഴിയുക. അതിനാൽ എപ്പോഴും പ്രകാശം തേടിപ്പോവുക. പ്രകാശത്തിന്റെ വഴിയെ സഞ്ചരിക്കുക. ഇരുട്ടിനെ പ്രണയിച്ചാൽ പ്രാണനറ്റുപോകും’.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."