സഞ്ജുവോ ഇഷാനോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരായിരിക്കും? മറുപടിയുമായി സ്‌കൈ
ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി-20യിൽ ഇന്ത്യ 46 റൺസിന്റെ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 225 റൺസിന് ഓൾ ഔട്ടായി.
ഇന്ത്യ വിജയിച്ചെങ്കിലും മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു ഫോർ മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. സഞ്ജു കേരളത്തിൽ ഒരുപാട് മത്സരങ്ങളിൽ ബാറ്റെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയിരുന്നത്. എന്നാൽ ആരാധകരെയെല്ലാം നിരാശപ്പെടുത്തി സഞ്ജു മടങ്ങുകയായിരുന്നു.
ഈ പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ നേടിയ 24 റൺസാണ് പരമ്പരയിൽ ഇതുവരെ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ. 10,6,0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ.
അതേസമയം മത്സരത്തിൽ ഇഷാൻ കിഷൻ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 43 പന്തിൽ പുറത്താവാതെ 103 റൺസ് നേടിയാണ് കിഷൻ തിളങ്ങിയത്. ആറ് ഫോറുകളും 10 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സഞ്ജുവിന്റെ മോശം ഫോമും ഇഷാൻ കിഷന്റെ മിന്നും ഫോമും ടി-20 ലോകകപ്പിൽ ആര് കളത്തിൽ ഇറങ്ങുമെന്ന ചർച്ചകൾക്കും കാരണമായി.
മത്സരശേഷം ലോകകപ്പിൽ അഭിഷേക് ശർമ്മക്കൊപ്പം ആരാണ് ഓപ്പൺ ചെയ്യുകയെന്ന ചോദ്യത്തിന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിരുന്നു. സഞ്ജുവാണോ ഇഷാനാണോ പ്ലെയിങ് ഇലവനിൽ ഉണ്ടാവുകയെന്നത് ഫെബ്രുവരി ഏഴിന് അറിയാമെന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. തിലക് വർമ്മയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോൾ ഒന്നും അറിയില്ലെന്നും സ്‌കൈ വ്യക്തമാക്കി.
''തിലക് വർമ്മയെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് ഒന്നും അറിയില്ല. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ബാറ്റിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ഞങ്ങൾക്ക് മനസിലായി. ടീമിലെ 15 താരങ്ങളും പ്ലെയിങ് ഇലവനിൽ ഇടം നേടാൻ അർഹരാണ്. ഇഷാനോ സഞ്ജുവോ ആര് പ്ലെയിങ് ഇലവനിൽ ഉണ്ടാവുമെന്ന് നമുക്ക് ഏഴാം തീയതി കാണാം'' സൂര്യകുമാർ യാദവ് പറഞ്ഞു.
India won the final T20I against New Zealand by 46 runs. Sanju Samson disappointed in the match. Ishan Kishan scored a brilliant century. Sanju's poor form and Ishan Kishan's brilliant form have led to discussions about who will take the field in the T20 World Cup. After the match, Indian captain Suryakumar Yadav had answered the question of who will open with Abhishek Sharma in the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."