പടിഞ്ഞാറിന് ബദൽ: പുടിനും ജിൻപിങും ചർച്ച നടത്തും ഷാങ്ഹായ് ഉച്ചകോടിക്ക് ഇന്ന് തുടക്കം
മോസ്‌കോ/ ബെയ്ജിങ് • പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ബദൽ എന്ന ആശയവുമായി ചൈനയുമായി റഷ്യ ചർച്ചയ്ക്ക്. ഉസ്‌ബെകിസ്ഥാനിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനാണ് ചർച്ച നടത്തുക. കൊവിഡിനു ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റിന്റെ വിദേശയാത്ര. അന്താരാഷ്ട്ര കാര്യങ്ങളും മേഖലാ വിഷയങ്ങളും ഇരു രാജ്യങ്ങളും ചർച്ചചെയ്യുമെന്ന് പുടിന്റെ ഓഫിസായ ക്രെംലിൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
മൂന്നു ദിവസത്തെ കസാഖിസ്ഥാൻ സന്ദർശനത്തിന് ജിൻപിങ് തലസ്ഥാനമായ നൂർ സുൽത്താനിലെത്തി. സമർഖന്ദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘം ഉച്ചകോടി ഇന്നും നാളെയുമായി നടക്കും. ഉച്ചകോടിക്കിടെയാണ് പുടിനും ഷീ ജിൻപിങും ചർച്ച നടത്തുക. 2001ലാണ് ഷാങ്ഹായ് സഹകരണ സംഘം രൂപീകൃതമായത്. ഇന്ത്യ, പാകിസ്താൻ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളുമായും പുടിൻ ചർച്ച നടത്തും.
വൻ ശക്തികളായ ചൈനയും റഷ്യയും ഒന്നിക്കുന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് നിരീക്ഷണം. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കു മേൽ പാശ്ചാത്യരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് റഷ്യയും ചൈനയും കൂട്ടുകെട്ട് ശക്തമാക്കാൻ ശ്രമിക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് പുടിൻ ഈ നിർദേശവുമായി ചർച്ച നടത്തുന്നത്. നേരത്തെ ഇറാനിലെത്തിയ പുടിൻ ഇറാൻ, തുർക്കി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."