യൂറോപ്പ് സന്ദർശനം വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം • സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് ഒക്ടോബറിൽ വിദേശ സന്ദർശനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലൻഡ്, നോർവേ, ഇംഗ്ലണ്ട് (ലണ്ടൻ), ഫ്രാൻസ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്. ഒക്ടോബർ ഒന്നു മുതൽ 14 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സന്ദർശന പരിപാടി.
കേരളവും ഫിൻലാന്റും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിനിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് താനും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയടക്കം ഫിൻലാൻഡ് സന്ദർശിക്കുന്നത്.
പ്രമുഖ മൊബൈൽ നിർമാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്്‌സ്പീരിയൻസ് സെന്റർ സന്ദർശിക്കും. ടൂറിസം മേഖലയിലെയും ആയുർവേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്ചകളുണ്ട് . മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോർവെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.
ഇതോടൊപ്പം നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് കേരളത്തിൽ വർധിച്ചുവരുന്ന ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും.
ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയിൽസിലെ ആരോഗ്യമേഖല ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും.
കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യൂനിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
വ്യവസായമന്ത്രി പി.രാജീവ് നോർവെയിലും യു.കെയിലും സന്ദർശന സമയത്തുണ്ടാകും. ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ നോർവയിലും ആരോഗ്യ മന്ത്രി വീണാ ജോർജ് യു.കെയിലുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."