'ഹർ ഘർ തിരംഗ' പ്രചാരണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം?
പാർട്ടി പ്രചാരണത്തിനായി പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ആശയം വസുന്ദരരാജെ സിന്ധ്യയുടേത്
ന്യൂഡൽഹി • ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത 'ഹർ ഘർ തിരംഗ' (എല്ലാ വീട്ടിലും ത്രിവർണപതാക) പ്രചാരണം പൗരൻമാരുടെ സ്വകാര്യവിവരങ്ങൾ ചോർത്താൻ വേണ്ടിയായിരുന്നുവെന്ന് ആരോപണം.
എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തി ചിത്രങ്ങൾ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. എന്നാൽ ചിത്രങ്ങളും വിരങ്ങളും അപ്‌ലോഡ്‌ചെയ്ത വെബ്‌സൈറ്റ് സ്വകാര്യ സംഘത്തിന്റേതായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ്, ദേശസ്‌നേഹത്തിന്റെ പേരിലുള്ള പ്രചാരണം സ്വകാര്യവിവരങ്ങൾ ചേർത്താനുള്ള നീക്കമായിരുന്നുവെന്ന സംശയം ഉയർത്തിയത്.
വീടിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങളും ചിത്രത്തോടൊപ്പം അപ്‌ലോഡ് ചെയ്യാൻ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരം ആറുകോടിയിലേറെ വീട്ടുകാരാണ് ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. പേര്, ഫോൺ നമ്പർ, കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങളാണ് ഇതുവഴി കമ്പനിക്ക് ലഭിച്ചത്.
ഹർഘർതിരംഗഡോട്ട് കോം എന്ന സൈറ്റിൽ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാനായിരുന്നു നിർദേശം. ഓഗസ്റ്റ് 15ന് പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 6,14,06,803 പേരാണ് ചിത്രങ്ങൾ പങ്കുവച്ചത്.
ഇതിൽ അഞ്ചുകോടിയോളം പേർ മൊബൈൽ നമ്പർ ഉൾപ്പെടെ കൈമാറി. വെബ്‌സൈറ്റിന്റെ ഹോംപേജിൽ പ്രമുഖരുടെ സെൽഫിയാണുള്ളത്. അമിത്ഷാ, അമിതാഭ് ഭച്ചൻ, രജനികാന്ത്, അനുപം ഖേർ, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ തുടങ്ങിയരുടെ സെൽഫികളാണ് ആദ്യ ഭാഗത്തുള്ളത്. ഈ ചിത്രങ്ങളെല്ലാം പൊതുജനങ്ങൾക്കും ലഭ്യമാകുന്ന വിധത്തിലാണ്. എന്നാൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ നിയന്ത്രിക്കപ്പെട്ടതാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ ജിയോടാഗിങ് പരിപാടി ആയിരുന്നു ഹർ ഘർ തിരംഗ എന്ന പേരിൽ നടന്നതെന്നാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട്‌ചെയ്ത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റെസ്റ്റ് ഓഫ് വേൾഡ് പറയുന്നത്.
ജൂലൈയിൽ ഹൈദരാബാദിൽ ചേർന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തിൽ പാർട്ടി പ്രചാരണത്തിനായി പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ആശയം രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ദരരാജെ സിന്ധ്യയാണ് പങ്കുവച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 20 കോടിയാളുകളിലേക്ക് പ്രചാരണം എത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇത് നടപ്പാക്കാനായി സാംസ്‌കാരിക മന്ത്രാലയം നോഡൽ ഏജൻസിയെ ചുമതലപ്പെടുത്തി. കേന്ദ്രസർക്കാർ ഏറ്റെടുത്തതോടെ വലിയ പ്രചാരണം ലഭിക്കുകയും ചെയ്തു.
പാർലമെന്റിന്റെ പരിഗണനയിലുണ്ടായിരുന്ന വിവര സുരക്ഷാ ബില്ല് പ്രചാരണപരിപാടിക്ക് തൊട്ടുമുമ്പായി കേന്ദ്രസർക്കാർ പിൻവലിച്ചത് ഇതുമായി കൂട്ടിവായിച്ചാൽ ബി.ജെ.പി സർക്കാരിന്റെ നടപടിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സൈബർ ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."