ബി,ജെ.പി കള്ളപ്പണക്കേസ്: കുറ്റപത്രം 26നകം
തൃശൂര്‍: കൊടകരയിലെ ബി.ജെ.പി കുഴല്‍പണ കവര്‍ച്ചക്കേസില്‍ ഈ മാസം 26നകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘം കേസിന്റെ പുരോഗതി വിലയിരുത്തി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.
അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഈയാഴ്ചതന്നെ നോട്ടിസ് നല്‍കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സുരേന്ദ്രനോട് ആവശ്യപ്പെട്ടെങ്കിലും 13 വരെ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു.
ഏപ്രില്‍ മൂന്നിനാണ് കൊടകര മേല്‍പാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നര കോടി കവര്‍ന്നത്. പണം ബി.ജെ.പി തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് പൊലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
കേസില്‍ ഇതുവരെ 22 പേര്‍ പിടിയിലായിട്ടുണ്ട്. ഒന്നര കോടിയോളം രൂപയും 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. രണ്ടു കോടിയോളം രൂപ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതില്‍ അന്വേഷണം തുടരുകയാണ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍, ഇടപാടിന് ബി.ജെ.പി ബന്ധമുള്ളതായി പരാമര്‍ശിച്ചതിനാല്‍ കുറ്റപത്രത്തില്‍ ഇതില്‍ വ്യക്തത വരുത്തുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കര്‍ണാടകയില്‍നിന്ന് തെക്കന്‍ കേരളത്തിലേക്ക് കൊണ്ടുവന്ന പണമാണ് ഇതെന്നാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."