ജ്ഞാൻവാപി പള്ളിയും ആരാധനാലയ നിയമവും
ഉമങ് പൊദ്ദാർ
സ്വതന്ത്ര ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതസ്വഭാവത്തിനു മാറ്റംവരുത്തുന്ന പ്രവർത്തനങ്ങൾ തടയുന്ന 1991ലെ ആരാധനാലയ നിയമം പ്രാബല്യത്തിലിരിക്കേയാണ് ജ്ഞാൻവാപി പള്ളിയുമായി സംബന്ധിച്ച് അഞ്ചു സ്ത്രീകൾ ചേർന്ന് നൽകിയ ഹരജിയിൽ വാദം കേൾക്കുമെന്ന വാരാണസി ജില്ലാ കോടതി വിധി. ബാബരി മസ്ജിദ് സംബന്ധിച്ച പ്രശ്‌നങ്ങൾ തീവ്രമായ ഘട്ടത്തിലായിരുന്നു 1991ൽ ഇത്തരമൊരു നിയമം പ്രത്യേക വ്യവസ്ഥകളോടുകൂടി പാസാക്കുന്നത്. ഭാവിയിൽ ആരാധനാലയങ്ങളുടെ പേരിൽ വർഗീയ പ്രശ്‌നങ്ങൾ ഉണ്ടാവരുതെന്ന് മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ഈ നടപടി. എന്നാൽ 1991ലെ ആരാധനാലയ നിയമം ഈ സ്ത്രീകളെ അവരുടെ ഹരജി ഫയൽ ചെയ്യുന്നതിൽനിന്ന് തടയുന്നില്ലെന്നതാണ് വാരാണസി കോടതിയുടെ നിരീക്ഷണം. ജ്ഞാൻവാപി വിഷയത്തിൽ വർഗീയ-രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരിക്കേ ഈ ഉത്തരവ് നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കയാണ്. ജ്ഞാൻവാപി പള്ളി സംബന്ധിച്ച ഹരജിയുടെ ആദ്യഘട്ടത്തിൽ 1991ലെ ആരാധനാലയ നിയമം ബാധകമാകില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ചില അഭിഭാഷകർ ശരിവയ്ക്കുന്നുണ്ട്. അതേസമയം കോടതി വിശാലമായ നിരീക്ഷണമാണ് നടത്തേണ്ടിയിരുന്നത് എന്നാണ് മറ്റൊരു വിഭാഗം നിയമജ്ഞരുടെ അഭിപ്രായം. ഇത്തരം ഹരജികൾ പരിഗണിക്കുന്നത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടാനും അതുവഴി 1991 ആരാധനാലയ നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തുരങ്കംവയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഇവർ നിരീക്ഷിക്കുന്നു.
ആരാധനാലയ നിയമപ്രകാരം, 1947 ഒാഗസ്റ്റ് 15 മുതൽ ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റങ്ങളില്ലാതെ തുടരേണ്ടതാണ്. ഈ തീയതിക്കു ശേഷം മതാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ നിയമവിരുദ്ധമാണ്. ഇതിലെ വകുപ്പ് 4(2) പ്രകാരം, ആരാധനാലയങ്ങളുടെ മതസ്വഭാവത്തിൽ മാറ്റം വരുത്തുന്നതുമായി സംബന്ധിച്ച ഏതൊരുവിധത്തിലുമുള്ള ഹരജികൾ, നിവേദനങ്ങൾ, വ്യവഹാരങ്ങൾ എന്നിവ കോടതികൾ, ട്രൈബ്യൂണൽ, മറ്റു അധികാര കേന്ദ്രങ്ങൾ മുമ്പാകെ പരിഗണിക്കുന്നതും ഈ നിയമം തടയുന്നു. ആരാധനാലയ നിയമം 4(2), മറ്റു നിയമങ്ങൾ എന്നിവ ഉയർത്തിക്കാട്ടി ഹരജിക്കാരുടെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ജ്ഞാൻവാപി മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാണിക്കുകയുണ്ടായി. 1908 സിവിൽ നടപടിക്രമത്തിലെ സിവിൽ തർക്കങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡർ ഏഴ് നിയമം പതിനൊന്ന് പ്രകാരം നിയമംകൊണ്ട് വിലക്കിയ കേസുകൾ ഫയൽ ചെയ്യാനാവില്ല. അതിനാൽ തന്നെ ഈ അഞ്ചു സ്ത്രീകൾ നൽകിയ ഹരജി ന്യായീകരിക്കത്തക്കതല്ല. എന്നാൽ, പള്ളിയുടെ മതസ്വഭാവം മാറ്റുന്നതിനായല്ല ഹരജിയെന്നും പള്ളിക്കകത്ത് ആരാധനക്കായുള്ള അഭ്യർഥനയാണെന്നതിനാൽ 1991 ആരാധനാലയ നിയമപ്രകാരം ഹരജി തള്ളിപ്പോവില്ല എന്നുമാണ് വാദിഭാഗം പറയുന്നത്. 1993 വരെ പള്ളിപ്പരിസരങ്ങളിൽ നിരന്തരമായി ആരാധന നടത്തിയിരുന്നതായും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2019ലെ അയോധ്യാ വിധി പ്രകാരം വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടാൽ പോലും സ്ഥലത്തിന്റെ പവിത്രത നിലനിൽക്കുമെന്നതിനാൽ ആരാധനാലയത്തിന്റെ മതസ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും അതിനാൽ ഈ ഹരജി ആരാധനാലയ നിയമം ലംഘിക്കുന്നുമില്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വാരാണസി കോടതി വിധിയിലെ നിയമസാധുതയിൽ വ്യത്യസ്ത അഭിപ്രായമാണ് നിയമവിദഗ്ധർക്കുള്ളത്. 'സിവിൽ നടപടിക്രമത്തിലെ ഓർഡർ ഏഴ് നിയമം പതിനൊന്നിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്, ഇരുവിഭാഗം ഹരജിക്കാരുടെയും വാദങ്ങൾ വിവിധ നിയമങ്ങളുമായി തട്ടിച്ചുനോക്കി ചർച്ചക്കുശേഷമാണ് ജഡ്ജിയുടെ ഈ വിധി'യെന്ന് അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുർ പറയുന്നു. 'ജ്ഞാൻവാപി കേസിൽ ഈ ഘട്ടത്തിൽ ഹരജിക്കാരുടെ വാദം മാത്രമേ പരിശോധിക്കൂ' എന്ന ജില്ലാ ജഡ്ജിയുടെ അഭിപ്രായം നിയമദൃഢതയുള്ളതും നിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ പരിഗണിച്ചുകൊണ്ടുള്ളതാണ്. ഈ വിധി കേസിൽ അർഹതയാർക്കാണ് എന്നതിനെ സംബന്ധിച്ചല്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതാണെന്നും മാഥുർ കൂട്ടിച്ചേർത്തു. എന്നാൽ ജില്ലാ കോടതിയുടെ വിധി ശരിയായ ദിശയിലല്ല എന്ന് അഭിപ്രായപ്പെടുന്ന നിയമവിദഗ്ധരുമുണ്ട്. 'ഒരു നിയമം ചില കാര്യങ്ങൾ അവസാനിപ്പിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ആ പറഞ്ഞതിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്താണെന്നുകൂടി പരിഗണിക്കേണ്ടതുണ്ട്' എന്ന് ഡൽഹിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകൻ ഷംഷാദ് നിരീക്ഷിക്കുന്നു. 'ജ്ഞാൻവാപി പള്ളിയിലെ നിലവറയിലൊഴികെ ബാക്കിയിടങ്ങളിലെല്ലാം യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ നിസ്‌കാരം നടക്കുന്നുണ്ട്. പള്ളിയുടെ തടസ്സമില്ലാത്ത പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന ഏതൊരു പ്രവൃത്തിയും ആരാധനാലയത്തിന്റെ മതസ്വഭാവത്തിന് മാറ്റങ്ങളുണ്ടാക്കുന്നത് തന്നെയാണ്. അതിനാൽ പള്ളിക്കകത്ത് ഹൈന്ദവ പ്രാർഥന നടത്താനാവശ്യപ്പെടുന്ന ഹരജിയിൽ വാദം കേൾക്കുന്നത് ആരാധനാലയ നിയമത്തിന്റെ ലംഘനമാണ്. 1991ലെ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി ഈ വിധി ചേർന്നുപോകുന്നില്ലെന്നാണ് എന്റെ അഭിപ്രായം' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാതിയിലെ വാദങ്ങൾ സമർഥിക്കാൻ പറഞ്ഞിരിക്കുന്ന തെളിവുകൾ കോടതി ആഴത്തിൽ പരിശോധിക്കേണ്ടതായിരുന്നു എന്നാണ് ചില അഭിഭാഷകരുടെ വീക്ഷണം. 'വാദിഭാഗം തങ്ങളുടെ വാദം എങ്ങനെയാണ് സമർഥിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ചിതറിക്കിടക്കുന്ന കുറേ വസ്തുതകൾ കൂട്ടിച്ചേർത്ത് ആർക്കും പരാതി നൽകാമെന്ന അവസ്ഥയാവും' എന്നും സുപ്രിംകോടതി അഭിഭാഷകൻ അനസ് തൻവീർ അഭിപ്രായപ്പെട്ടു.
മെയ് മാസത്തിലെ സ്‌ക്രോൾ റിപ്പോർട്ട് പ്രകാരം വിവിധ കോടതികൾക്കു കീഴിലായി കുറഞ്ഞത് പത്തു പരാതികൾ ജ്ഞാൻവാപി വിഷയത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. തന്ത്രപരമായി പരാതി ഫയൽ ചെയ്തുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ കോടതികളിൽ നിന്ന് നേടാം എന്നതാണ് ഇത്തരത്തിലുള്ള പരാതികൾക്കു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു പക്ഷത്തുള്ള അഭിഭാഷകർ തന്നെ സമ്മതിക്കുന്നുണ്ട്. ഇങ്ങനെ മതവും രാഷ്ട്രീയവും നിയമവും കുഴഞ്ഞുമറിഞ്ഞ കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നത് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ മൂർച്ഛിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നു. 'രാഷ്ട്രീമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ നിയമപരമായി ചെയ്യുന്നതാണ് ഇവിടെ കാണുന്നത്'- അഭിഭാഷകൻ ഷംഷാദ് വ്യക്തമാക്കുന്നു.
ഒരു ഹരജിയുടെ അംഗീകാരം പരിശോധിക്കുമ്പോൾ വാദിഭാഗത്തെ മാത്രം കേട്ടാൽ മതിയോ? പല സാഹചര്യങ്ങളിലും വാദിഭാഗത്തിന്റേതു മാത്രമല്ല, മറുപക്ഷത്തിന്റെ വാദങ്ങളും പരിശോധിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മസ്ജിദ് കമ്മിറ്റി 1977ലെ ഒരു സുപ്രിംകോടതി കേസ് ഇതിനു തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. ഒരു കേസ് അംഗീകരിക്കത്തക്കതാണോ എന്നു കോടതിയിൽ പരിശോധിക്കുമ്പോൾ ഹരജി 'അർഥവത്തായി വായിക്കണം' എന്നു നിർദേശിക്കുന്നതോടൊപ്പം 'കുശാഗ്രമായ എഴുത്തിലൂടെ' ഒരു വ്യവഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ബോധ്യപ്പെട്ടാൽ ആദ്യ വിസ്താരത്തിൽ തന്നെ അത് 'മുളയിലേ നുള്ളണമെന്നും' വ്യക്തമാക്കുന്നുണ്ട്. 'നിരുത്തരവാദപരമായ വ്യവഹാരങ്ങൾക്കുള്ള ഉത്തരമാണ് കർമ്മോന്മുഖനായ ന്യായാധിപൻ' എന്നു കോടതി വ്യക്തമാക്കിയെങ്കിലും വാരാണസി ജില്ലാ കോടതി ഇതു അംഗീകരിച്ചില്ല. അതേസമയം, 1993 വരെ പള്ളി പരിസരത്ത് ഹൈന്ദവ ആരാധന നടന്നിരുന്നു എന്ന പ്രഥമദൃഷ്ട്യാ ഉള്ള തെളിവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എതിർകക്ഷിക്ക് കുറച്ചുകൂടെ ഗൗരവമാർന്ന കേസ് നൽകാമായിരുന്നു എന്നാണ് ജ്ഞാൻവാപി ഹരജി അംഗീകരിക്കത്തക്കതല്ല എന്നു കാണിച്ച് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിശോധിച്ച മാഥുർ അഭിപ്രായപ്പെടുന്നത്. സുപ്രിംകോടതി ഇതിൽ ഇടപെട്ട് കേസുകളുടെ അംഗീകാരം സംബന്ധിച്ച നിയമത്തിൽ വ്യക്തതയുണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു. അതേസമയം ജ്ഞാൻവാപി വിഷയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അപ്പീലുകളും അലഹബാദ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമായുണ്ട്. കൂടാതെ സുപ്രിംകോടതിയിൽ ആരാധനാലയ നിയമത്തിനെതിരായ ഭരണഘടനാ വെല്ലുവിളികളെ സംബന്ധിച്ച വാദവും നടന്നുകൊണ്ടിരിക്കയാണ്.
(കടപ്പാട്: Scroll.in)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."