'ഡാകാ' സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് നിയമ നിര്‍മ്മാണം നടത്തണമെന്ന് ഒബാമ
വാഷിംങ്ടണ്‍ ഡി.സി: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (DACA) പദ്ധതിക്ക് സ്ഥിരമായി സുരക്ഷിതത്വം ലഭിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് മുന്‍ യു.എസ്. പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചു. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനും ഉന്നത പഠത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിന് ഒമ്പതു വര്‍ഷം മുമ്പ് ഒബാമ ഗവണ്‍മെന്റ് കൊണ്ടുവന്ന പദ്ധതിയാണിത്.
ഡാകാ പ്രോഗ്രാം നിയമവിരുദ്ധമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്നുമുള്ള ടെക്‌സസ്സ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഒബാമ.
കഴിഞ്ഞ 9 വര്‍ഷമായി നിരവധി കോടതികളുടെയും രാഷ്ട്രീക്കാരുടേയും ചര്‍ച്ചാ വിഷയമാണ് ഡാകാ പ്രോഗ്രാം. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. ശനിയാഴ്ച ട്വിറ്ററിലാണ് ഒബാമ തന്റെ നിര്‍ദ്ദേശം വെളിപ്പെടുത്തിയത്.
2012ല്‍ ഈ പദ്ധതി എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് ഒബാമ നടപ്പിലാക്കിയത്. തുടര്‍ന്ന് നിരവധി തവണ കോണ്‍ഗ്രസ് നിയമ നിര്‍മ്മാണം നടത്തുന്നതിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബൈഡന്‍ അധികാരം ഏറ്റെടുത്ത ഉടനെ പ്രസിഡന്റ ബൈഡന് മറ്റൊരു എക്‌സിക്യൂട്ടിവ് ഉത്തരവ് ഇതിനു വേണ്ടി ഒപ്പുവെക്കേണ്ടി വന്നു. 700,000 ത്തിലധികം ഡ്രീമേഴ്‌സിനെ ബാധിക്കുന്ന വിഷയമാണ് ഡാകാ പ്രോഗ്രാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."