നോര്‍ക്ക റൂട്ട്‌സിലൂടെ കാനഡയിലേക്ക്; നഴ്‌സിങ് ജോലിക്കാര്‍ക്ക് വമ്പന്‍ അവസരം; ഇന്റര്‍വ്യൂ അടുത്തമാസം കൊച്ചിയില്‍
നോര്‍ക്ക റൂട്ട്‌സിലൂടെ കാനഡയിലേക്ക്; നഴ്‌സിങ് ജോലിക്കാര്‍ക്ക് വമ്പന്‍ അവസരം; ഇന്റര്‍വ്യൂ അടുത്തമാസം കൊച്ചിയില്‍
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മേഖലയാണ് ആരോഗ്യ മേഖല. കേരളത്തില്‍ നിന്നടക്കം നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ വിദേശ ആശുപത്രികളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി കരസ്ഥമാക്കിയിട്ടുണ്ട്. യൂറോപ്പ്, കാനഡ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നിട്ടുള്ളത്. ഇതില്‍ തന്നെ നഴ്‌സിങ് ജോലിക്കായാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വിമാനം കയറുന്നത്. അത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള മലയാളി നഴ്‌സുമാര്‍ക്കായി വമ്പിച്ച അവസരമൊരമാണ് കാനഡയിലേക്കുള്ളത്. നോര്‍ക്ക റൂട്ട്സ് വഴിയുള്ള പുതിയ നിയമനത്തിന്റെ വിശദ വിവരങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അഭിമുഖങ്ങള്‍ ഒക്ടോബര്‍ 2 മുതല്‍ 14 വരെ കൊച്ചിയില്‍ വെച്ചാണ് നടക്കുന്നത്.
ജോലി
നഴ്സിങ് പൂര്‍ത്തിയാക്കിയ മലയാളികള്‍ക്കാണ് പുതിയ അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയുള്ള റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാനഡയിലെ ന്യൂ ഫോണ്ട്ലാന്റ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലുള്ള ആശുപത്രികളിലേക്കാണ് ജോലിയൊഴിവുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കേരള സര്‍ക്കാരും ന്യൂ ഫോണ്ട്ലാന്റ് പ്രവിശ്യ സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനത്തിന് വഴിയൊരുങ്ങുന്നത്. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഉദ്യോഗാര്‍ഥി വഹിക്കേണ്ടതാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഈ തുക റീലൊക്കേഷന്‍ പാക്കേജ് വഴി തിരികെ ലഭിക്കും.
യോഗ്യത
നഴ്സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. കൂടാതെ കാനഡയില്‍ നഴ്‌സിങ് ജോലിക്കായി നാഷണല്‍ നഴ്‌സിങ് അസസ്‌മെന്റ് സര്‍വീസ് (എന്‍.എന്‍.എ.എസ്) ല്‍ രജിസ്റ്റര്‍ ചെയ്യുകയോ എന്‍.സി. എല്‍.ഇ.എസ് പരീക്ഷ പാസായിരിക്കുകയോ വേണം. അഭിമുഖത്തില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിശ്ചിത കാലയളവിനുള്ളില്‍ ഈ യോഗ്യത നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്ത് പ്രസ്തുത യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതായിരിക്കും. കൂടാതെ ഉദ്യോഗാര്‍ഥികള്‍ ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ 5 അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ 5 നേടിയിരിക്കണം.
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍
മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ സി.വി നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ തയ്യാറാക്കേണ്ടതാണ്. ഇതില്‍ നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉണ്ടായിരുന്നതോ ആയ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം.
- ബി.എസ്.സി നഴ്സിങ് സര്‍ട്ടിഫിക്കറ്റ്
2. നഴ്സിങ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
3. അക്കാഡമിക് ട്രാന്‍സ്‌ക്രിപ്റ്റ്
4. പാസ്പോര്‍ട്ട്
5. മോട്ടിവേഷന്‍ ലെറ്റര്‍
6. മുന്‍ തൊഴില്‍ ദാതാവില്‍ നിന്നുമുള്ള റഫറന്‍സിന്റെ ലീഗലൈസ് ചെയ്ത കോപ്പി
ഇവയെല്ലാം നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്ലോഡ് ചെയ്യണം.
സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 (ഇന്ത്യയില്‍ നിന്നും)
+91 8802012345 (വിദേശത്തു നിന്നും) മിസ്ഡ് കോള്‍ സൗകര്യത്തിലൂടെ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."