ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും ലോകായുക്തയ്ക്ക് അറിയാം; വിമര്‍ശനവുമായി കെ.ടി ജലീല്‍
കോഴിക്കോട്: പി.പി.ഇ കിറ്റ് അഴിമതിക്കേസില്‍ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബന്ധുനിയമന കേസില്‍ തനിക്കെതിരേ ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അനാവശ്യ തിടുക്കം കാണിച്ചുവെന്നും സൂചിപ്പിച്ചാണ് കുറിപ്പ്. ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് ജലീലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു.
പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി എന്നാണ് ജലീലിന്റെ വാക്കുകള്‍. ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാവിക്കുന്നത്.
ഡിസംബര്‍ എട്ടിന് അഭിഭാഷകന്‍ മേഖേനെയോ നേരിട്ടോ ഹാജരാവാന്‍ ആവശ്യപ്പെട്ട് ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ട്. മരുന്ന വാങ്ങലിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും നോട്ടിസ് അയച്ച് പ്രാഥമികവാദവും അന്വേഷണവും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."