കരിപ്പൂര്‍ വിമാനാപകടത്തിന് ഒരാണ്ട്; നഷ്ടപരിഹാരം കുറയ്ക്കാന്‍ ഇടനിലക്കാര്‍; യാത്രക്കാര്‍ക്ക് തിരിച്ചടി
മുക്കം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം കുറയ്ക്കാന്‍ എയര്‍ഇന്ത്യ ഇടനിലക്കാരെ നിയോഗിച്ചതായി അപകടത്തില്‍ പരുക്കേറ്റ യാത്രക്കാര്‍. ഇടനിലക്കാര്‍ വിലപേശല്‍ നടത്തി ചെറിയ തുക നല്‍കി കേസ് തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതാണ് നഷ്ടപരിഹാരം ലഭിക്കാത്തതിന് കാരണമെന്ന് ഇരകളുടെ ബന്ധുക്കള്‍ പറയുന്നു. ചിലര്‍ ഈ നഷ്ടപരിഹാരം വാങ്ങുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും കൃത്യമായ നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
യു.എസ് ഡോളറിലാണ് നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്നത് എന്നതിനാല്‍ വലിയ തുക തന്നെ യാത്രക്കാര്‍ക്ക് ലഭിക്കാനുണ്ട്. യഥാര്‍ഥ നഷ്ടപരിഹാരത്തിന്റെ നാലിലൊന്നുപോലും നല്‍കാന്‍ തയാറാവാത്തത് മൂലമാണ് ഇപ്പോഴും ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നും നിയമ നടപടികള്‍ അനന്തമായി നീണ്ടു പോവുകയാണെന്നും ഇവര്‍ പറയുന്നു.
തങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകരെ സ്വാധീനിച്ചാണ് നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ എയര്‍ഇന്ത്യ ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
അപകടത്തില്‍ പരുക്കേറ്റ കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം സ്വദേശി ഷരീഫ നാസറിന് വേദനകളും അസ്വസ്ഥതകളും മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. ശരീര വേദന, ബാലന്‍സില്ലായ്മ, മാനസിക അസ്വസ്ഥത എന്നിവ കാരണം ഇപ്പോഴും ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഇവര്‍. ഇന്‍ഷുറന്‍സ് പ്രകാരം ഒരു കോടി രൂപയെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ടതാണെന്നും എന്നാല്‍ എയര്‍ഇന്ത്യ ഇടനിലക്കാര്‍ വഴി പതിനഞ്ച് ലക്ഷം രൂപ തന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും ഷരീഫ പറഞ്ഞു.
ഭാര്യ മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നുണ്ടെന്നും ശരീരം നേരെ നില്‍ക്കുന്നില്ലെന്നും നിലവില്‍ നാലിലധികം ആശുപത്രികളില്‍ വ്യത്യസ്ത രോഗത്തിന് ചികിത്സ തേടുകയാണെന്നും ഭര്‍ത്താവ് നാസര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ മിക്കവരുടെയും അവസ്ഥ സമാനമാണെന്നും ഇവര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പെട്ടെന്നുതന്നെ അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നുവെന്നും രണ്ടരലക്ഷം രൂപയുടെ സാധനങ്ങളും പാസ്‌പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവയും അപകടത്തില്‍ നഷ്ടപ്പെട്ടുവെന്നും നാസര്‍ പറഞ്ഞു.
അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ നിയമത്തിന്റെ വഴിയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."