133 പേർ മരിച്ച സംഭവം ഫുട്ബോൾ സ്റ്റേഡിയം പൊളിക്കാൻ ഇന്തോനേഷ്യ
ഫിഫയുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കി പണിയും
ജക്കാർത്ത • ഇന്തോനേഷ്യയിൽ 130 പേർ തിക്കിലും തിരക്കിലും പെട്ട് മരിക്കാനിടയായ കാൻജുറുഹാൻ സ്റ്റേഡിയം പൊളിച്ചുനീക്കാൻ തീരുമാനം. പ്രസിഡന്റ് ജോക്കോ വിഡൊഡൊയാണ് ഇക്കാര്യം അറിയിച്ചത്. ഫിഫയുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഇന്തോനേഷ്യൻ ഫുട്‌ബോളിനെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ് അടുത്ത വർഷം ഇന്തോനേഷ്യയിൽ നടക്കാനിരിക്കുകയാണ്. ഇതു കൂടി മുന്നിൽക്കണ്ടാണ് സ്റ്റേഡിയം പൊളിച്ചു നീക്കാനും പുതിയത് നിർമിക്കാനും നീക്കം.
ദുരന്തം നടന്ന് രണ്ടാഴ്ചയ്ക്കിപ്പുറം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡൊഡൊയും ജക്കാർത്തയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഫുട്‌ബോൾ ചരിത്രത്തിലെ കറുത്ത ദിനങ്ങൾ' എന്നാണ് സംഭവത്തെ ഇൻഫാന്റിനോ വിശേഷിപ്പിച്ചത്.
രാജ്യത്തെ ഫുട്‌ബോൾ സംസ്‌കാരത്തെയും നിലവാരത്തെയും ലോകോത്തര നിലവാരത്തിൽ ഉടച്ചുവാർക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഫുട്‌ബോൾ വിദഗ്ധരെയും നിക്ഷേപകരെയും ഇന്തോനേഷ്യയിൽ എത്തിക്കാനാണ് ഫിഫ ആലോചിക്കുന്നത്.
40 കുട്ടികളടക്കം 133 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. കാണികൾ ഗ്രൗണ്ട് കൈയേറിയതിനെ തുടർന്ന് പൊലിസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിൽനിന്ന് രക്ഷനേടാൻ ജനം തിക്കും തിരക്കും കൂട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
42,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ഒരു സമയം രണ്ടാളുകൾക്ക് മാത്രമേ ഗെയിറ്റുകൾ വഴി പുറത്തുകടക്കാൻ കഴിയുമായിരുന്നുള്ളൂ.
സംഭവത്തിൽ ഇന്തോനേഷ്യൻ ഫുട്‌ബോൾ അസോസിയേഷനെ അന്വേഷണ ഏജൻസി നേരത്തെ പിരിച്ചുവിടുകയും മൂന്നു പൊലിസ് ഉദ്യോഗസ്ഥരെയടക്കം ആറു പേരെ പ്രതി ചേർക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."