അതിജീവിതക്കു തിരിച്ചടി കോടതി മാറ്റണമെന്ന ഹരജി തള്ളി സുപ്രിംകോടതി
ന്യൂഡൽഹി • നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട അതിജീവിതയുടെ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു. കോടതി മാറ്റണമെന്ന ആവശ്യം അംഗീകരിച്ചാൽ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്നും ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരുടെ പക്ഷപാതം ആരോപിക്കുന്ന എല്ലാ ഹരജികളും തങ്ങൾക്ക് പരിഗണിക്കാനാവില്ല. ഇത്തരം ഹരജികൾ പരിഗണിച്ചാൽ ജഡ്ജിമാർക്ക് ഭയവും പ്രതീയുമില്ലാതെ ചുമതല നിർവഹിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം പരിഗണിക്കുകയാണെങ്കിൽ, കീഴ്‌ക്കോടതികളുടെ മനോവീര്യം തകർക്കുമെന്ന ആശങ്കയും ബെഞ്ച് പ്രകടിപ്പിച്ചു. വിചാരണ കോടതി ജഡ്ജി പക്ഷപാതം കാണിക്കുന്ന വ്യക്തമായ സംഭവങ്ങൾ ഉണ്ടോയെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്തിനോട് ബഞ്ച് ചോദിച്ചു. ജഡ്ജി കൃത്യമായി ചുമതലകൾ നിർവഹിക്കുന്നില്ലെന്ന് കാണിക്കാൻ എന്തെങ്കിലും ഉദാഹരണമുണ്ടോയെന്നും ബെഞ്ച് ചോദിച്ചു.
ക്രോസ് വിസ്താരത്തിനിടെ അതിജീവിതയോട് പ്രതിയുടെ അഭിഭാഷകന് അനുചിതമായ ചോദ്യങ്ങൾ ചോദിക്കാൻ അനുവാദം നൽകിയതായി ബസന്ത് വാദിച്ചു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റം സംബന്ധിച്ച ഫൊറൻസിക് പരിശോധന്ക്ക് ജഡ്ജി അനുമതി നിഷേധിച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. ജഡ്ജിയുടെ ശത്രുതാപരമായ അന്തരീക്ഷം ചൂണ്ടിക്കാണിച്ച് കേസിൽ നിന്ന് രണ്ട് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാർ പിന്മാറിയതായും അതിജീവിതയുടെ അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ, ഇത്തരം സംഭവങ്ങളെ പക്ഷപാതപരമായി കാണാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു. ജഡ്ജി കൃത്യമായി ചുമതലകൾ നിർവഹിക്കുന്നില്ലെന്ന് കാണിക്കാൻ എന്തെങ്കിലും ഉദാഹരണമുണ്ടോയെന്ന് ഇതോടെയാണ് ബെഞ്ച് ചോദിച്ചത്. പ്രതിയായ നടൻ ദിലീപിന്റെ ഫോണിൽ നിന്ന് അഭിഭാഷകന്റെ സംഭാഷണത്തിന്റെ ചില ശബ്ദ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവുമായി ബന്ധപ്പെട്ട കസ്റ്റഡി മരണ കേസ് പരാമർശിക്കുന്നതായും ബസന്ത് പറഞ്ഞു.
എന്നാൽ, വിചാരണ ജഡ്ജിയുടെ പെരുമാറ്റവുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി ചോദിച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ ജഡ്ജി പ്രതികളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടോയെന്നും ബഞ്ച് ചോദിച്ചു. വിചാരണ വൈകിപ്പിക്കുന്നതിന് വേണ്ടിയാണ് അതിജീവിത ഇത്തരത്തിലൊരു ഹരജി നൽകിയിരിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.
ഹരജി പിഴയോടെ തള്ളണമെന്നും റോഗത്തഗി കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ കോടതിക്കോ ജഡ്ജിക്കോ തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് അറിയാൻകഴിയുന്നത് ഹൈക്കോടതിക്കും അവിടുത്തെ ഭരണ സംവിധാനത്തിനുമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളുന്നതായി ബെഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിമാർക്കെതിരേ വ്യാജ ആരോപണങ്ങൾ ഉയരുന്നതിൽ വാദം കേൾക്കുന്നതിനിടെ ബെഞ്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് നടത്തുന്ന ശ്രമങ്ങളിൽ ഈ ബെഞ്ചും തൃപ്തി രേഖപ്പെടുത്തി. ഇരുപത് വർഷത്തിലധികം പ്രവർത്തിപരിചയമുള്ള ജുഡീഷ്യൽ ഓഫിസറാണ് ഹണി എം .വർഗിസെന്ന് സുപ്രിം കോടതി വാക്കാൽ നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിലും വിചാരണ കോടതി ജഡ്ജിയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."