സുധാകരന്റെ തെക്കുവടക്ക് കേരളം
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷത അവരുടെ സാർവലൗകികതയാണ്. ചെറുപ്പകാലത്ത് രാജ്യത്തിന്റെ ഒരുപാട് ഭാഗങ്ങളിൽ അലഞ്ഞുനടന്നവനാണ് ബഷീർ. അക്കാലത്തെ സാധാരണ മനുഷ്യരുടെ സഞ്ചാരപരിമിതികളുടെ കണ്ണിലൂടെ നോക്കിയാൽ ലോകം കണ്ടവനാണ് അദ്ദേഹം. ആ സഞ്ചാരത്തിനിടയിൽ കണ്ടെത്തിയ മനുഷ്യരെ നിരീക്ഷിച്ചുണ്ടായ ജ്ഞാനമായിരിക്കണം അത്തരം കഥാപാത്രങ്ങൾക്ക് ജന്മം നൽകിയത്.
ആനവാരി രാമൻനായർ, പൊൻകുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കർ, കുഞ്ഞിപ്പാത്തുമ്മ, ആനമരക്കാർ തുടങ്ങിയവരെയൊക്കെ ലോകത്തിന്റെ ഏതു കോണിലുള്ള നഗരത്തെരുവുകളിലോ ഗ്രാമങ്ങളിലോ പോയിനോക്കിയാൽ കാണാം. ഇവരെല്ലാം ചേർന്നതാണ് മനുഷ്യസമൂഹം. ഈ ലോകയാഥാർഥ്യമാണ് ഭാഷാപാണ്ഡിത്യത്തിന്റെ പാഷാണതിമിരമില്ലാത്ത വാചകങ്ങളിലൂടെ ബഷീർ മലയാളികൾക്കു മുന്നിൽ വരച്ചുകാട്ടിയത്.
ബഷീറിനപ്പോലെ ഇറങ്ങിപ്പുറപ്പെട്ട് തെണ്ടിത്തിരിയാനുള്ള ധൈര്യമോ ഭാഗ്യമോ ഇല്ലാതെപോയ അക്കാലത്തെ പൊതുമലയാളിസമൂഹത്തിന് തൊട്ടടുത്ത ജില്ലയടക്കം മലയാളക്കരയുടെയും രാജ്യത്തിന്റെയും മറ്റിടങ്ങൾ അജ്ഞാതദേശങ്ങളായിരുന്നു. മാത്രമല്ല, സ്വന്തം നാട്ടുകാരല്ലാത്തവരെല്ലാം മോശക്കാരാണെന്ന തോന്നൽ മലയാളികളുടെ ജനിതകസ്വഭാവവുമാണ്. ഇങ്ങനെയൊക്കെയുള്ള മാനസികാവസ്ഥയ്ക്കു നടുവിലേക്ക് വല്ലപ്പോഴും വന്നുപെടുന്ന ഒറ്റപ്പെട്ട അന്യനാട്ടുകാരുടെ സ്വഭാവം വച്ചാണ് അവരെ മലയാളിസമൂഹം വിലയിരുത്തിയത്. അതായത് അന്യനാട്ടിൽനിന്ന് സ്വന്തം നാട്ടിൽ വന്നുപെടുന്നത് ഒരു ആനവാരി രാമൻനായരാണെങ്കിൽ, പൊൻകുരിശ് തോമയാണെങ്കിൽ, എട്ടുകാലി മമ്മൂഞ്ഞാണെങ്കിൽ അവരുടെ നാട്ടുകാരൊക്കെ അവരെപ്പോലുള്ളവരായിരിക്കുമെന്ന് വിലയിരുത്താൻ മലയാളിസമൂഹം ശീലിച്ചു.
മറ്റു നാട്ടുകാരെല്ലാം മോശക്കാരാണെന്ന ബോധത്തിൽ വടക്കൻ കേരളക്കാരായിരുന്നു എന്നും മുന്നിൽ. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. പണ്ടുകാലത്ത് മലബാർ മേഖല വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിറകിലായിരുന്നു. ഏതു വിധേനയും സമ്പന്നതയിലേക്ക് നടന്നുകയറാനുള്ള അതിജീവനത്തിന്റെ പ്രത്യയശാസ്ത്രം വശമില്ലാത്തവരുമായിരുന്നു അന്നത്തെ മലബാറുകാർ. അക്കാലത്ത് വടക്കൻ കേരളത്തിൽ ഉയർന്ന സർക്കാരുദ്യോഗങ്ങളിൽ എത്തിയവരിലധികവും തെക്കൻ കേരളത്തിൽനിന്നുള്ളവരായിരുന്നു. അവരിൽ പലരും കൈക്കൂലിയടക്കം പല കാര്യങ്ങളിലൂടെ മലബാറിലെ സാധാരണക്കാരെ നന്നായി പിഴിഞ്ഞു. കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ വനമേഖലകളിൽ കുടിയേറി ആ പ്രദേശങ്ങളുടെ തനത് ജൈവികസ്വഭാവത്തെ വെട്ടിനശിപ്പിച്ച് നാണ്യവിള കൃഷിയിടങ്ങളാക്കി മാറ്റിയവരിലധികവും ഇന്നത്തെ കോട്ടയം ജില്ലയിൽനിന്നും മറ്റുമുള്ളവരുമായിരുന്നു. അക്കാലത്ത് തൃശൂരിനു തെക്കുള്ള ഇടങ്ങളെയെല്ലാം തെക്കൻ കേരളം എന്നാണ് മലബാറുകാർ വിശേഷിപ്പിച്ചിരുന്നത്. അന്നത്തെ തെക്കൻ ഉദ്യോഗസ്ഥരെയും കുടിയേറ്റക്കാരെയും പോലെ ചൂഷണമനോഭാവമുള്ളവരാണ് തെക്കൻമാരെല്ലാമെന്ന് മലബാറിലെ പൊതുസമൂഹം സ്ഥിരമായങ്ങ് ധരിച്ചു. അതിന്റെ ഫലമായി 'തെക്കനെ നമ്പിനാൻ അവൻ..... ' എന്ന അശ്ലീലം കലർന്നൊരു ചൊല്ലുപോലും മലബാറിലുണ്ടായി. സ്‌നേഹിച്ചാൽ കരളുപറിച്ചുകൊടുക്കുന്ന സാധാരണക്കാരാണ് തെക്കൻ കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരെന്ന് അക്കാലത്തെ മലബാറുകാർ അറിയാതെപോയി. ഇതുപോലെ മലബാറുകാരെക്കുറിച്ച് ചിന്തിച്ച കുറെ തെക്കൻ കേരളക്കാരുമുണ്ടാവാം. വടക്കനായ എനിക്ക് അതിനെക്കുറിച്ച് വലിയ അറിവില്ല.
കാലം വല്ലാതെ മാറി. ഒപ്പം നാടുകളും ഏറെ മാറി. മലബാർ മേഖലയിൽ വിദ്യാഭ്യാസരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായി. ഇന്ന് തെക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ തസ്തികകളടക്കം മെച്ചപ്പെട്ട ജോലികൾ ചെയ്യുന്ന വടക്കൻ ജില്ലക്കാർ ധാരാളമുണ്ട്. അവരിൽ പലരും അവിടങ്ങളിലുള്ളവരെ വിവാഹം കഴിച്ച്, അവിടങ്ങളിൽ സ്ഥലം വാങ്ങി വീടുവച്ച് ശിഷ്ടജീവിതം ചെലവഴിക്കുന്നു. നമ്പാൻ കൊള്ളാത്തവരുടെ നാട്ടിൽ അവർ ജീവിതം തളച്ചിടില്ലല്ലോ.
അതുപോലെ അന്നം തേടി അന്യരാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളിൽ വലിയൊരു വിഭാഗം ദേശബോധത്തിന്റെയും ജാതി ബോധത്തിന്റെയും സങ്കുചിത ഇടങ്ങൾ കടന്നുപോയവരാണ്. പാകിസ്താനികളുടെയും ചൈനക്കാരുടെയുമൊക്കെ കൂടെ ജോലി ചെയ്ത് ഒരുമിച്ച് ഉണ്ടുറങ്ങി കഴിയുന്ന മലയാളികളെ ഗൾഫ് രാജ്യങ്ങളിൽ ധാരാളം കാണാം. ലോകത്തെവിടെയും മനുഷ്യൻ എന്നത് ഒരു മനോഹരപദമാണെന്ന് ജീവിതംകൊണ്ട് പഠിച്ചറിഞ്ഞവർ.
പൊതുസമൂഹത്തിൽ ഇങ്ങനെയുള്ള തിരിച്ചറിവുണ്ടായവർ ധാരാളമുണ്ടെങ്കിലും അന്യദേശങ്ങളെക്കുറിച്ചുള്ള അറിവിൽ കൂപമണ്ഡൂകാവസ്ഥയിലുള്ളവരും കേരളത്തിൽ ഏറെയുണ്ടെന്നത് സത്യമാണ്.
എന്നാൽ നാടുവിട്ട് അന്യദേശങ്ങൾ കാണുകയും സാമൂഹ്യാവസ്ഥകൾ തിരിച്ചറിയുകയും ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അത്തരക്കാരനാവാനിടയില്ല. അതുകൊണ്ടുതന്നെ തെക്കർക്ക് ഇത്തിരി വശപ്പിശകുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത് രാഷ്ട്രീയാനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കാം. വടക്കനായിരുന്ന കെ. കരുണാകരന്റെ പാർട്ടിയിലെ മുഖ്യശത്രു തെക്കനായ എ.കെ ആന്റണിയായിരുന്നു. കരുണാകരനെപ്പോലെ തന്നെ സുധാകരന്റെ നാട്ടുകാരായ എം.വി രാഘവന്റെയും പിണറായി വിജയന്റെയും മുഖ്യശത്രുസ്ഥാനത്ത് അവരുടെ പാർട്ടിയിൽ നിലകൊണ്ടത് ആന്റണിയുടെ നാട്ടുകാരനായ വി.എസ് അച്യുതാനന്ദനായിരുന്നു. അതുപോലെ കോൺഗ്രസിൽ സുധാകരന്റെയും മുഖ്യശത്രുസ്ഥാനത്ത് ഏതോ തെക്കൻ നേതാവ് ശക്തിപ്രാപിച്ചുവരുന്നുണ്ടാവണം. ആ വ്യക്തിയെ ലക്ഷ്യംവച്ചാവണം സുധാകരന്റെ പ്രസ്താവന. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിഞ്ഞു ശീലിച്ചവരാണ് പൊയ്ത്തും തടയും വശമുള്ള കണ്ണൂരുകാർ.
ഗവർണർ കളിക്കട്ടെ, കളി കാണാം
കേന്ദ്ര സർക്കാർ ഏൽപ്പിച്ച പണി നന്നായി ചെയ്തുപോരുന്നുണ്ട് നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സങ്കീർണമായ നിയമങ്ങളുടെ ആവനാഴിയിലെ അമ്പുകൾ ഓരോന്നായി എടുത്ത് കേരള സർക്കാരിനെതിരേ പ്രയോഗിക്കുന്നുണ്ട് ആരിഫ്. സമാന ജോലി ചെയ്ത മറ്റു പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ ചെയ്തതിലും തീവ്രമായി തന്നെ ആരിഫ് ആ പണിയെടുക്കുന്നു.
തുടർച്ചയായി സംസ്ഥാന സർക്കാരിനെ ഞെരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം വേണ്ടിവന്നാൽ സംസ്ഥാന മന്ത്രിമാരെ അയോഗ്യരാക്കുക പോലും ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോൾ കേരള രാഷ്ട്രീയം ചെറുതായൊന്നു ഞെട്ടുക മാത്രമല്ല, അതിന്റെ നിയമസാധുതയെക്കുറിച്ചോർത്ത് നെറ്റി ചുളിക്കുകയും ചെയ്തു. അതിനുള്ള അധികാരം ഗവർണർക്കില്ലെന്ന വാദം വ്യാപകമായി ഉയർന്നപ്പോൾ തന്നെ മറുവാദങ്ങളും ചില കോണുകളിൽനിന്ന് ഉയർന്നു.
സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ അദ്ദേഹം കളിക്കുന്ന കൈവിട്ട കളികൾ സർവകലാശാലാ നിയമം സംബന്ധിച്ച് വലിയ ചർച്ചകൾ ഉയർത്തിവിട്ടിട്ടുമുണ്ട്. അതിൽ തന്നെ, കേരള സർവകലാശാലയിലെ നാമനിർദേശം ചെയ്യപ്പെട്ട 15 സെനറ്റ് അംഗങ്ങളെ അദ്ദേഹം അയോഗ്യരാക്കിയ നടപടി തീർത്തും അസാധാരണവുമാണ്. അത് ചട്ടവിരുദ്ധമാണെന്ന വാദവുമായി സംസ്ഥാന സർക്കാരും ഭരണമുന്നണിയും കേരള സർവകാലാശാലാ വി.സിയുമൊക്കെ ചാടിവീണിട്ടും അവരെ പുറത്താക്കിക്കൊണ്ട് പോരുമായി മുന്നോട്ടുപോകുകയാണ് ഗവർണർ ചെയ്തത്. ഒടുവിൽ അതംഗീകരിച്ച് അവരുടെ അംഗത്വം റദ്ദാക്കിക്കൊണ്ട് കത്തു നൽകാൻ സർവകലാശാല നിർബന്ധിതമായി. നിയമം ഒട്ടും വശമില്ലാത്തവരല്ലല്ലോ സർവകലാശാലയെ നിയന്ത്രിക്കുന്നവർ. അങ്ങനെ നോക്കുമ്പോൾ ഒന്നും കാണാതെയല്ല ഗവർണർ കളിക്കുന്നതെന്നു തോന്നുന്നു.
ഒരു ഫെഡറൽ സംവിധാനത്തിലെ ജനാധിപത്യ മര്യാദകൾക്ക് ഒട്ടും ചേർന്നതല്ല ഗവർണറുടെ കളികളെന്ന കാര്യത്തിൽ സംശയമില്ല. ഫെഡറൽ ജനാധിപത്യ സംവിധാനത്തിൽ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്യാനും വേണമെങ്കിൽ താഴെയിറക്കാനുമൊക്കെയുള്ള അവകാശമുണ്ടാകേണ്ടത് ആ സർക്കാരിനെ വോട്ടു ചെയ്ത് ജയിപ്പിച്ച ജനതയ്ക്കും അവർ തെരഞ്ഞെടുത്ത പ്രതിപക്ഷത്തിനുമാണ്. അതുപോലെ സ്വയംഭരണാധികാരമുണ്ടെന്നു പറയപ്പെടുന്ന സർവകലാശാലകളെ ചാൻസലറായ ഗവർണർ പൂർണമായി ഭരിക്കാൻ പാടില്ലാത്തതുമാണ്.
എന്നാൽ നമ്മുടെ നാട്ടിൽ ജനാധിപത്യ മര്യാദകളും നിയമങ്ങളും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഫെഡറൽ നിയമങ്ങളെക്കുറിച്ചും സർവകലാശാലാ നിയമങ്ങളെക്കുറിച്ചും പൗരസമൂഹത്തിൽ ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നുമുണ്ട്. അത്തരം നിയമങ്ങളിൽ പിടിച്ചാണ് ഗവർണർ കളിക്കുന്നത്. ഈ കളി കോടതി കയറുമെന്ന് ഉറപ്പാണ്. കയറട്ടെ. അതുവഴി ഈ നിയമങ്ങളിൽ കൂടുതൽ വ്യക്തത നേടാൻ നാട്ടുകാർക്ക് സാധിക്കട്ടെ. അതുകൊണ്ട് തൽക്കാലം ഗവർണർ കളി തുടരട്ടെ. ആ കളി കണ്ടുകൊണ്ടിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."