ഫലസ്തീൻ അഭയാർത്ഥികൾക്ക് രണ്ട് ദശലക്ഷം ഡോളർ സഹായവുമായി കുവൈത്ത്
ഫലസ്തീൻ അഭയാർത്ഥികൾക്ക് രണ്ട് ദശലക്ഷം ഡോളർ സഹായവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഫലസ്തീൻ അഭയാർഥികൾക്ക് രണ്ട് ദശലക്ഷം യു.എസ് ഡോളറിന്റെ ധനസഹായവുമായി കുവൈത്ത്. ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് (United Nations Relief and Work Agency) ആണ് കുവൈത്തിന്റെ ധനസഹായം ലഭിച്ചത്. യു.എൻ.ആർ.ഡബ്ല്യു.എ എക്സ്റ്റേണൽ റിലേഷൻസ് ആക്ടിങ് ഡയറക്ടർ ടാമര അൽരിഫായിക്ക് ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽമാരി സംഭാവന കൈമാറി.
കുവൈത്ത് ഉന്നത നേതൃത്വത്തിന്റെയും സർക്കാറിന്റെയും നിർദേശ പ്രകാരമാണ് സഹായം നൽകുന്നതെന്ന് അംബാസഡർ ഹമദ് അൽമാരി അറിയിച്ചു. ഫലസ്തീൻ അഭയാർഥികൾക്ക് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ഗസ്സ, വെസ്റ്റ് ബാങ്ക്, ജോർഡൻ, ലബനാൻ, സിറിയ എന്നിവിടങ്ങളിലെ അഞ്ച് പ്രവർത്തന മേഖലകളിലുള്ള ഫലസ്തീൻ അഭയാർഥികൾക്ക് യു.എൻ.ആർ.ഡബ്ല്യു.എ സേവനം നൽകുന്നുണ്ട്.
ഈ സംഭാവന പലസ്തീൻ ലക്ഷ്യത്തിനും മേഖലയിലുടനീളമുള്ള പലസ്തീൻ അഭയാർത്ഥികളുടെ മാനുഷിക സാഹചര്യത്തിനും കുവൈത്തിന്റെ ഉറച്ച പിന്തുണയെ സ്ഥിരീകരിക്കുന്നുവെന്ന് ഹമദ് അൽമാരി വ്യക്തമാക്കി. ധനസഹായത്തിന് കുവൈത്ത് സർക്കാറിനോടും ജനങ്ങളോടും ടാമര അൽരിഫായി നന്ദി പറഞ്ഞു. കുവൈത്തിന്റെ സഹായം ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനും സ്ഥിരതക്കും ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, യു.എൻ.ആർ.ഡബ്ല്യു.എ വലിയ സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതായി ടാമര അൽരിഫായി അറിയിച്ചു. തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഏതാണ്ട് പൂർണ്ണമായും ഏജൻസിയെ ആശ്രയിക്കുന്ന ഫലസ്തീൻ അഭയാർത്ഥികൾക്ക് പിന്തുണ തുടരാൻ അവർ സർക്കാരുകളോടും ദാതാക്കളോടും പങ്കാളികളോടും ആവശ്യപ്പെട്ടു.
അതേസമയം, ഇസ്റാഈൽ - ഹമാസ് പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതൽപേർ എത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ സഹായവുമായി കൂടുതൽ രാഷ്ട്രങ്ങൾ എത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."