HOME
DETAILS

1921ന് 100 തികയുമ്പോള്‍

  
backup
August 20 2021 | 19:08 PM

75421321-2

ഹുസൈന്‍ രണ്ടത്താണി


1921ലെ മലബാര്‍ സമരത്തിന് നൂറ് തികയുകയാണ്. സാമ്രാജ്യത്വത്തിനെതിരേ മലബാറിന്റെ മക്കള്‍ നയിച്ച മഹാസമരത്തെ സ്മരിക്കാതെ സ്വാതന്ത്ര്യത്തിന്റെ ചരിത്രമെഴുതാനാവില്ല. ദേശീയ-വര്‍ഗീയ മാധ്യമങ്ങള്‍ ഈ സമരത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അകറ്റിനിര്‍ത്തിയത് എന്ത് കൊണ്ടാണെന്ന് ഏവര്‍ക്കുമറിയാം. ബ്രിട്ടീഷുകാര്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഒരു മുഹമ്മദീയ ലഹളയായി വ്യാഖ്യാനിച്ചത് പോലെ മലബാര്‍ സമരത്തെ മാപ്പിള ലഹളയാക്കി. സമരത്തിന്റെ ദേശീയവും സാമ്രാജ്യത്വവിരുദ്ധപരവുമായ ആശയങ്ങളെ തമസ്‌കരിക്കുന്നതിനുവേണ്ടി വര്‍ഗീയതയും വംശീയതയും കുത്തിനിറച്ച് വികൃതമാക്കി. അതിന്റെ ചുവട് പിടിച്ച് ബ്രിട്ടീഷുകാര്‍ക്ക് കുഴലൂത്ത് നടത്തിയ ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഈ സമരത്തെ കൂകിത്തോല്‍പ്പിക്കാന്‍ വ്യാമോഹിക്കുകയാണ്.
പതിനായിരം പേരെങ്കിലും 1921ലെ സമരത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. ബ്രിട്ടീഷ് രേഖകള്‍ പ്രകാരം 252 പേരെ തൂക്കിക്കൊന്നു. 502 പേരെ ജീവപര്യന്തത്തിന് വിട്ടു. ജയിലുകളില്‍ വീണ്ടും കുറേ പേര്‍ മരണപ്പെട്ടു. ഒരു മനുഷ്യപ്പറ്റുമില്ലാതെയാണ് ജയിലുകളില്‍ തടവുകാരെ കുത്തിനിറച്ചത്. വെടിവച്ചും ഗൂര്‍ക്കകള്‍ തലയറുത്തും കൊന്നതിന് കൈയും കണക്കുമില്ല. അതിന് പുറമേ പരസ്പരം പൊരുതി മരിച്ചവര്‍, പട്ടിണി മൂലം മരിച്ചവര്‍, നാടു കടത്തപ്പെട്ടവര്‍, കൂട്ടമായി ചുട്ടു കൊന്നവര്‍. ജന്മികളും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്ന് കൊന്നവര്‍ വേറെ. ഒറ്റിക്കൊടുക്കുകയും കൊള്ള നടത്തുകയും ചെയ്തതിന്റെ പേരില്‍ ഖിലാഫത്ത് കോടതി ശിക്ഷ വിധിച്ച് വധിക്കപ്പെട്ടവര്‍ വേറെ. ശരിയായ കണക്ക് ശേഖരിക്കാന്‍ ആരും മിനക്കെട്ടില്ല. മരണപ്പെട്ടവരെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും അവരുടെ ഖബറിടങ്ങള്‍ പ്രാര്‍ഥനാ കേന്ദ്രങ്ങളാവാതിരിക്കാനും വേണ്ടി നിരവധി മാപ്പിള സമരക്കാരെ കൊന്നു കത്തിച്ചു കളഞ്ഞു. ഖിലാഫത്ത് നേതാവ് കുഞ്ഞഹമ്മദാജിയെപോലും വെടിവച്ചശേഷം മൃതശരീരം ദഹിപ്പിക്കുകയായിരുന്നു. ഇങ്ങനെ ചുട്ടുകൊന്നവരുടെ എണ്ണം എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷുകാരെ സഹായിച്ച ഒറ്റുകാരായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും സമരക്കാര്‍ വധിച്ചിരുന്നു. ഇവരുടെയൊക്കെ മൃതദേഹങ്ങള്‍ വഴിയിലുപേക്ഷിക്കുകയായിരുന്നു പതിവ്. സുമാര്‍ 8185 മാപ്പിളമാരെ സമരത്തെ തുടര്‍ന്ന് വിവിധ ജയിലുകളിലയച്ചിരുന്നു. കോഴിക്കോട്ടെ ജയിലിന് പുറമേ, കോയമ്പത്തൂര്‍, ബെല്ലാരി, രാജമുന്തിരി, തൃശ്‌നാപള്ളി, ചെങ്കല്‍ പേട്ട, വെല്ലൂര്‍ തുടങ്ങിയ ജയിലുകളിലാണ് പാര്‍പ്പിച്ചത്. നിരവധി പേരെ അന്തമാനിലേക്കും ആസ്‌ത്രേലിയയിലേക്കും നാടുകടത്തി. ജയിലുകളില്‍ പോരാളികള്‍ നിറഞ്ഞു കവിയുകയും പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും മൂലം ഒട്ടേറെ പേര്‍ മരണമടയുകയും ചെയ്തു.

ജന്മിമാര്‍ ചെയ്തത്


മൊത്തത്തില്‍ മലബാറിലാകെ 511 ജന്മിമാരാണുണ്ടായിരുന്നത്. അവരില്‍ 12 പേര്‍ മാപ്പിള ജന്മിമാരാണ്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജന്മികള്‍ തങ്ങളുടെ അവകാശാധികാരങ്ങള്‍ ശക്തിപ്പെടുത്തി. അമിതമായ നികുതിയാണ് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയത്. ജന്മിമാര്‍ ഈ നികുതി കാണക്കാരായ ഇടത്തട്ടുകാരുടെ തലയില്‍ വച്ചു. കാണക്കാര്‍ അത് വെറുംപാട്ടക്കാരായ കുടിയാന്മാരുടെ തലയിലും. ഇതുമൂലം പ്രദേശത്താകെ അസ്വസ്ഥത പടര്‍ന്നു. ജന്മിമാര്‍ മാപ്പിളമാരെ ടിപ്പുവിന്റെ ആളുകളെന്ന് മുദ്ര കുത്തി ടിപ്പുവിനോടുള്ള അരിശം മാപ്പിളമാരായ കാണക്കാരുടെ (ഇടത്തട്ടുകാര്‍) തലയില്‍ വച്ചു. അവരുടെ കീഴില്‍ ജോലി ചെയ്ത താണ ജാതിക്കാരായ ചെറുമക്കള്‍ കൂടുതല്‍ കഷ്ടത്തിലായി. കര്‍ഷകര്‍ പലരും നാട് വിട്ട് കാടുകളിലഭയം തേടി. നികുതി അടച്ചില്ല എന്ന പേരില്‍ കൃഷിഭൂമിയില്‍ നിന്നു കര്‍ഷകരെ നിരന്തരം പുറത്താക്കാന്‍ തുടങ്ങി. കാണക്കാര്‍ക്കെതിരേ കള്ള രേഖകള്‍ ചമച്ച് ബ്രിട്ടീഷ് കോടതികളില്‍ നല്‍കി അങ്ങനെയും പുറത്താക്കല്‍ തുടര്‍ന്നു. കോടതികളില്‍ നിന്ന് കുടിയാന്മാര്‍ക്ക് ഒരു നീതിയും ലഭിച്ചില്ല. അവിടെ ജന്മിയുടെയും ബ്രിട്ടീഷുകാരുടെയും ആളുകളാണ് കേസ് നടത്തിയിരുന്നത്. കേസില്‍ കുടിയാന്മാരെ തോല്‍പിക്കുകയും അധികാരികളുടെ സഹായത്തോടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തു. പിന്നെ ഈ ഭൂമി തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കും. പലപ്പോഴും ഈ കുടിയൊഴിപ്പിക്കല്‍ നെല്ല് വിളഞ്ഞു നില്‍ക്കുമ്പോഴോ വാഴക്കുലകള്‍ വെട്ടാന്‍ പാകമാകുന്ന സമയത്തോ ആയിരിക്കും.
ജന്മിത്വവിരുദ്ധ സമരമായിരുന്നെങ്കിലും എല്ലാ ജന്മിമാരോടും സമരമുണ്ടായിരുന്നില്ല. പല ജന്മിമാരും കുടിയാന്മാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അവരുടെ മനകളും കളങ്ങളും നെല്ലറകളും സൂക്ഷിക്കുന്നതിനും കാവല്‍ നില്‍ക്കുന്നതിനും താണ ജാതിക്കാരും മാപ്പിളമാരുമായ കുടിയാന്മാരെ തന്നെയാണ് ആശ്രയിച്ചു വന്നത്. എന്നാല്‍ ചില ജന്മിമാര്‍ കുടിയാന്മാരോട് തീരെ ദയാവായ്പില്ലാതെയാണ് പെരുമാറിയത്. കുടിയാന്മാരെ ഇവര്‍ കണക്കറ്റ് ദ്രോഹിച്ചു. നിരവധി കുടിയന്മാരെ പുറത്താക്കി. പുറത്താക്കിയ ഹിന്ദു കുടിയാന്മാര്‍ മതം മാറി മാപ്പിളമാരോടൊപ്പം സമരത്തില്‍ ചേര്‍ന്നു. മതം മാറ്റങ്ങള്‍ക്ക് ഇതൊരു കാരണമായിരുന്നു. മതം മാറുകയല്ലാതെ മറ്റൊരു ഗതിയും ഈ കുടിയാന്മാര്‍ക്കില്ലായിരുന്നു. സമരത്തില്‍ പങ്കെടുത്ത മാപ്പിളമാര്‍ മുഴുവന്‍ മതം മാറിയ കുടിയാന്മാരാണ്. മതം മാറിയത് ജന്മിത്വത്തിന്റെ നുകക്കീഴില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് താനും. ഈ മതം മാറ്റങ്ങള്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല; പ്രത്യുത ജാതീയവും ജന്മിത്വപരവുമായ ചൂഷണങ്ങളാണ് ആശ്രയം നഷ്ടപ്പെട്ട ഈ വിഭാഗങ്ങളെ കൂട്ടത്തോടെ മതം മാറാന്‍ നിര്‍ബന്ധിച്ചത്. സമരക്കാലത്ത് മതം മാറാന്‍ ആഗ്രഹിച്ച് കൊണ്ട് നിരവധി പേരാണ് ദിനേന മമ്പുറത്തെ അങ്കണത്തിലെത്തിയിരുന്നത്.

ഖിലാഫത്ത്


മലബാറിനെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് സമരം അതുവരെ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ മാപ്പിള, ജന്മി, ബ്രിട്ടീഷ് എന്ന ത്രിപദങ്ങള്‍ക്കൊപ്പം ഖിലാഫത്ത്, ദേശീയത എന്നീ പദങ്ങള്‍ കൂടി ചേര്‍ന്നു. ആദ്യകാല സമരങ്ങള്‍ പ്രാദേശികമായിരുന്നെങ്കില്‍ 1921 ലേത് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങള്‍ ഉള്‍ക്കൊണ്ടു. കേവലം മതപരമായ ആശയങ്ങള്‍ മാത്രമല്ല; ഖിലാഫത്ത് സമരത്തെ പ്രചോദിപ്പിച്ചത്. ദേശീയമായ ആവേശത്തെ കൂടി മതത്തോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ഗാന്ധിയന്‍ രീതിയായിരുന്നു. അതേസമയം ഗാന്ധിജിയുടെ സത്യഗ്രഹവും അഹിംസയും ഒന്നും മാപ്പിളമാര്‍ക്ക് വശമായിരുന്നില്ല. സമരം ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരേ ആയതിനാല്‍ പയഴ അലകും പിടിയും തന്നെയാണ് അവരുപയോഗിച്ചത്. ഖിലാഫത്ത് ഒന്നാം സ്വാത്രന്ത്ര്യത്തിന് ശേഷം ലോക ശ്രദ്ധയാകര്‍ഷിച്ച രണ്ടാം സമരമാണ്. ഗാന്ധിജിയും കോണ്‍ഗ്രസും മുസ്‌ലിം പണ്ഡിതന്മാരുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രത്യക്ഷ പ്രകടനം കൂടിയായിരുന്നു ഈ സമരം. അതിനാല്‍ കോണ്‍ഗ്രസുകാര്‍ വ്യാപകമായി തന്നെ ഖിലാഫത്ത് സമരങ്ങളില്‍ അണിചേര്‍ന്നു. ഖിലാഫത്ത് പ്രസ്ഥാനവും കോണ്‍ഗ്രസ് പ്രസ്ഥാനവും പരസ്പരം ശക്തിപ്പെട്ടു. ഇവയുടെ ആത്യന്തിക ലക്ഷ്യമായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണത്തിന് അറുതിവരുത്തുക എന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കൂടെപ്പിറപ്പായിട്ടാണ് ഖിലാഫത്ത് സമരവും അരങ്ങേറിയത്. രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒന്നായി പരിണമിച്ചു.
ഖിലാഫത്ത് ഗാന്ധിജി ഏറ്റെടുത്തത് തെറ്റായിരുവെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമായ ഹരിജനോദ്ധരാണവും അയിത്തോച്ചാടനവും ഏറ്റെടുത്തപോലെ മുസ്‌ലിംകളെ ബാധിക്കുന്ന ഖിലാഫത്തും ഏറ്റെടുത്തുവെന്ന് മാത്രം. ഖിലാഫത്ത് ബ്രിട്ടീഷുകാര്‍ക്കെതിരേ ആയതിനാല്‍ പ്രത്യേകിച്ചും. മുസ്‌ലിംകളെ അകറ്റിനിര്‍ത്തുന്ന മുന്‍ കോണ്‍ഗ്രസ് നിലപാടില്‍ നിന്നുള്ള മാറ്റവും കൂടിയായിരുന്നു ഗാന്ധിജിയുടേത്. കോണ്‍ഗ്രസ് പ്രസ്ഥാനം പന്തലിക്കാന്‍ ഖിലാഫത്തിലേയും നിസ്സഹകരണത്തിലേയും ഹിന്ദു-മുസ്‌ലിം കൂട്ടായ്മ കാരണമാക്കി.

മാപ്പിളമാര്‍ സമരത്തിനെതിരേയും


1921ല്‍ ഭൂരിപക്ഷം തങ്ങന്മാരും മതപണ്ഡിതന്മാരും സമരപക്ഷത്ത് നിന്നപ്പോള്‍ ഒരു വിഭാഗം സമരത്തിനെതിരായിരുന്നു. അവര്‍ സമരത്തില്‍നിന്ന് വിട്ടുനിന്നുവെന്ന് മാത്രമല്ല പലരും സമരക്കാരെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുക കൂടി ചെയ്തു. മുസ്‌ലിം ഉദ്യോഗസ്ഥരും പൊലിസ് മേധാവികളുമാണ് വാരിയന്‍ കുന്നത്തിനെയടക്കം പിടിക്കാന്‍ നിയോഗിതരായത്. അതുപോലെ ഹിന്ദു ജന്മിമാരില്‍ വലിയൊരു വിഭാഗവും അവരുടെ ആശ്രിതരായ ഹിന്ദുവും മുസ്‌ലിമും സമരത്തിനെതിരായിരുന്നു. പലരും ഒറ്റുകാരായി പ്രവര്‍ത്തിച്ചു. പള്ളി ആക്രമിക്കാനും മാപ്പിളമാരോട് പ്രതികാരം തീര്‍ക്കാനും പൊലിസിലെ നായര്‍ സൈന്യം നന്നായി പ്രവര്‍ത്തിച്ചു. എം.എസ്.പി എന്ന പൊലിസ് വിഭാഗം തന്നെ നായന്മാരുടെ കൂട്ടായ്മയായിരുന്നു. അവരാണ് കോഴിക്കോട് താലൂക്കിലെ പള്ളികള്‍ തകര്‍ക്കാനും അവിടെയുള്ള തങ്ങന്മാരെ അപമാനിക്കാനും അവരെക്കൊണ്ട് ഭസ്മം തൊടീക്കാനും മുതിര്‍ന്നത്. ഇതുമൂലം കലാപം ഹിന്ദു-മുസ്‌ലിം കലാപമായി പലേടത്തും അനുഭവപ്പെട്ടു. കെ.പി കേശവമേനോന്‍, മാധവന്‍ നായര്‍, ഗോപാലന്‍ മേനോന്‍, ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, എം.പി നാരയണമേനോന്‍ തുടങ്ങിയ ജന്മിമാരും വക്കീല്‍മാരുമൊക്കെ സമരത്തിനൊപ്പമുണ്ടായിരുന്നു.

മാപ്പിള കലാപമല്ല


എങ്ങനെ നോക്കുമ്പോഴും 1921ലെ സമരത്തെ മാപ്പിള കലാപം എന്ന് പറയാനാവില്ല. കാരണം വലിയൊരു വിഭാഗം മാപ്പിളമാര്‍ സമരത്തിനിറങ്ങിയില്ലെന്ന് മാത്രമല്ല; അവര്‍ കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരെ സഹായിക്കുക കൂടി ചെയ്തു. പുലയ ലഹള, ചാന്നാര്‍ ലഹള എന്നൊക്കെ പറയും പോലെ ഇതൊരു ജാതിക്കാരുടെ സമരവുമായിരുന്നില്ല. ഇവിടെ മാപ്പിളമാരുടെയോ ഇസ്‌ലാമിന്റെയോ കാര്യം നേടുകയായിരുന്നില്ല ലക്ഷ്യം; ദുരിതമനുഭവിക്കുന്ന കര്‍ഷകന്റെ കഷ്ടതയകറ്റുകയായിരുന്നു. ഒപ്പം സാമ്രാജ്യത്വത്തെ നേരിടലായിരുന്നു. ഇത്തരം സമരങ്ങളെ ആരും ജാതിയോ, മതമോ തിരിച്ചു പറയാറില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളേയും അങ്ങനെ പറയാറില്ല. പുന്നപ്ര സമരം, കയ്യൂര്‍ സമരം എന്നൊക്കെ പറയും പോലെ ഇത് മലബാര്‍ സമരമാണ്. പുന്നപ്രയിലും വയലാറിലും സമരത്തില്‍ പങ്കെടുത്തവര്‍ ഭൂരിപക്ഷവും ഒരു പ്രത്യേക മതക്കാരോ ജാതിക്കാരോ ആണ്. എന്നുവച്ച് ആ സമരങ്ങളെ ആരെങ്കിലും മതത്തിന്റേയോ ജാതിയുടേയോ പേരില്‍ മുദ്ര കുത്താറുണ്ടോ. ഇത് ശരിക്കും ബ്രിട്ടീഷുകാരും ജന്മിമാരും ചേര്‍ന്നൊരുക്കിയ കെണികളാണ്. ഇത് അങ്ങനെ തന്നെ ആക്കാനും കര്‍ഷകരുടെ വീര്യം നശിപ്പിക്കാനും സമരത്തിന്റെ പേരു കെടുത്താനും അധികാരികളും അനുകൂലികളും കൊണ്ടു പിടിച്ചു ശ്രമിക്കുകയായിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്ത് നേതാവില്ലാത്ത അവസ്ഥ വരുത്തി സമരത്തിന്റ ലക്ഷ്യം തെറ്റിക്കാന്‍ അധികാരികള്‍ കൊണ്ടു പിടിച്ചു. കൊള്ളയും കൊള്ളിവയ്പും നിര്‍ബന്ധിത മതം മാറ്റങ്ങളും ഉണ്ടാക്കിയതില്‍ മുഖ്യ പങ്ക് മുസ്‌ലിം ജന്മിമാര്‍ക്കുമുണ്ട്. കൊള്ളയുടെ പിന്നിലും അവരുണ്ടായിരുന്നു. കൊള്ളക്കാര്‍ക്കെതിരേ ഖിലാഫത്ത് സമരക്കാര്‍ മനകള്‍ക്ക് കാവല്‍ നിന്നിരുന്നു. എല്ലാം ഖിലാഫത്ത് നേതാക്കളുടെ പേരിലെഴുതി അവരെ വധിക്കാനും നാടു കടത്താനുമുള്ള വ്യാപകമായ ഗൂഢാലോചനകളാണ് അരങ്ങേറിയത്. എല്ലാ നെറികേടുകളുടേയും ഉത്തരവാദിത്വം മാപ്പിള കര്‍ഷകുടെ തലയില്‍ വച്ചു. പണ്ഡിതന്മാരെയും തങ്ങന്മാരെയും ശിക്ഷിച്ചു. അവരെ തിരിച്ചു വരാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമാക്കി. അവരുടെ പേരില്‍ രേഖകളില്‍ കാണുന്ന പല പ്രസ്താവനകളും പൊലിസുകാര്‍ തോക്ക് ചൂണ്ടി പറയിച്ചതാണ്. ഖിലാഫത്ത് നേതാക്കളുടെ പലരുടെയും പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തതാണ്. മതം മാറ്റവും കൊള്ളിവയ്പും വിശുദ്ധന്മാരായ തങ്ങന്മാരുടെ പേരില്‍ പോലും കെട്ടിവയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  12 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  15 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  25 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  29 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago