ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷത്തിലെഅന്തർദേശീയ മാനങ്ങൾ
പ്രൊഫ.റോണി.കെ.ബേബി
ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശ നുകത്തിൻ കീഴിലുള്ള ഫലസ്തീൻ പ്രദേശങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവതമാണ്.ഇസ്റാഇൗൽ-അറബ് അനുരഞ്ജനം മുതൽ ഇറാൻ-സഉൗദി പിരിമുറുക്കം വരെയുള്ള ഭൗമരാഷ്ട്രീയ കാരണങ്ങൾ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പിന്നിലുണ്ട്. സംഘർഷത്തിന്റെ കനലുകൾ ഒരിക്കലും കെടാതെ പുകഞ്ഞുകൊണ്ടിരിക്കുന്നതിന് കാലാകാലങ്ങളിൽ അന്തർദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ശാക്തികചേരികൾ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. മതവും രാഷ്ട്രീയവും അധികാരവും എല്ലാം കൂടിച്ചേർന്നിട്ടുള്ള രസതന്ത്രമാണ് ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷങ്ങളെ ചുറ്റിപ്പറ്റിയുള്ളത്. പരിഹാരശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷ മേഖലയാണ് ഇസ്റാഇൗലും ഗസ്സ മുനമ്പും വെസ്റ്റ് ബാങ്കുമൊക്കെ അടങ്ങുന്ന ഈ പ്രദേശം.
ഇസ്റാഇൗലിന്റെ രൂപീകരണം
ഇന്ന് ഇസ്റാഇൗൽ എന്ന് വിളിക്കുന്ന ഭൂഭാഗമാണ് ഫലസ്തീനി മുസ്‌ലിംകളുടെ ജന്മനാട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഇൗ പ്രദേശം ഒന്നാം ലോക മഹായുദ്ധത്തോടെയാണ് ബ്രിട്ടൻ തങ്ങളുടെ കീഴിലാക്കുന്നത്. 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഇസ്റാഇൗൽ എന്ന രാജ്യം രൂപീകരിക്കാന്‍ കാരണമായത്. ഒന്നാം ലോകമഹായുദ്ധത്തിൽ തങ്ങളെ അകമഴിഞ്ഞ് സഹായിച്ച ജൂതര്‍ക്ക് ഫലസ്തീനില്‍ ഒരു രാജ്യം നിര്‍മിക്കാനുള്ള ആവശ്യത്തെ ബ്രിട്ടന്‍ അംഗീകരിക്കുകയും ചെയ്തു. യൂറോപ്പിലെ ഫാസിസ്റ്റ് അധിനിവേശകാലത്തും രണ്ടാം ലോകമഹായുദ്ധത്തിലും നടമാടിയ ജൂതവേട്ട യഹൂദർക്ക് സ്വന്തമായ ഒരു രാജ്യമെന്ന ആവശ്യത്തിന് അനുകമ്പാർഹമായ പിന്തുണ അന്തർദേശീയ സമൂഹത്തിൽ രൂപപ്പെടുന്നതിന് കാരണമായി. ഇത് ലോകമെമ്പാടുമുള്ള യഹൂദരുടെ ഫലസ്തീനിലേക്കുള്ള ഒരു വലിയ കുടിയേറ്റത്തിന് സാഹചര്യമൊരുക്കി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലും ശേഷവും ലക്ഷക്കണക്കിന് യഹൂദരാണ് ഫലസ്തീനിലേക്ക് കുടിയേറിയത്. ഇത് വലിയതോതിൽ ജൂത-അറബി സംഘർഷങ്ങൾക്ക് വഴിയൊരുക്കി.
1947ല്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് ഫലസ്തീനെ വിഭജിക്കാന്‍ കൊണ്ടുവന്ന ഫോര്‍മുലയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഒരു പ്രദേശത്തെ ജൂതപ്രദേശമാക്കുകയും മറ്റു പ്രദേശങ്ങളെ ഫലസ്തീനാക്കി മാറ്റുകയും ജറൂസലമിനെ അന്താരാഷ്ട്ര നഗരമാക്കി പരിപാലിക്കുകയുമായിരുന്നു ആ ഫോർമുല. ജറൂസലം എന്ന പ്രദേശം, ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടായിരുന്നു യു.എന്‍ അങ്ങനെയൊരു ആശയം കൊണ്ടുവന്നത്.
അധിനിവേശത്തിലൂടെ വളർന്ന ഇസ്റാഇൗൽ
1948 മെയ് 14നാണ് ഇസ്റാഇൗൽ എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്, പിന്നാലെ അറബ്-ഇസ്റാഇൗൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ യുദ്ധത്തിൽ അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യചേരി ആളും അർഥവും നൽകി ഇസ്റാഇൗൽ രാഷ്ട്രത്തെ സഹായിച്ചു. 1949 ലാണ് യുദ്ധം അവസാനിച്ചത്. ഇസ്റാഇൗലായിരുന്നു യുദ്ധത്തില്‍ വിജയിച്ചത്. 750000 ഫലസ്തീനികളാണ് അന്ന് പലായനം ചെയ്യപ്പെട്ടത്. ഈ യുദ്ധത്തിലൂടെ ഇസ്റാഇൗൽ ചില പ്രദേശങ്ങള്‍ പുതുതായി കൈയടക്കി. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിലൂടെ ഫലസ്തീനികള്‍ക്ക് ലഭിച്ച പ്രദേശമായിരുന്നു അവർ പുതുതായി നേടിയെടുത്തത്. 1967ല്‍ ഇസ്റാഇൗലും ഈജിപ്ത്-സിറിയ- ജോർദാൻ ഉൾപ്പെടുന്ന അറബ് രാജ്യ സംഖ്യവും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
ഈ യുദ്ധത്തിലും പാശ്ചാത്യചേരി ഇസ്റാഇൗലിനൊപ്പം നിന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിൽ ഐക്യരാഷ്ട്രസഭയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
അമേരിക്കയും റഷ്യയും ബലാബലം നിന്ന ശീതയുദ്ധ സാഹചര്യങ്ങളും ഇസ്റാഇൗലിന് അനുകൂലമായിരുന്നു. ആറുദിവസം നീണ്ടുനിന്ന യുദ്ധമായിരുന്നു ഇത്. ഈ ആക്രമണത്തിലൂടെ സിനായ്, ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറൂസലം, ഗോലാന്‍ കുന്നുകള്‍ തുടങ്ങിയ തന്ത്രപ്രധാന പ്രദേശങ്ങൾ പിടിച്ചെടുക്കാന്‍ ഇസ്റാഇൗലിന് കഴിഞ്ഞു. പുതുതായി കീഴടക്കിയ പ്രദേശങ്ങളിലേക്ക് ഇസ്റാഇൗലികൾ കുടിയേറി. ഇന്നും ഈ കുടിയേറ്റം തുടരുന്നു. വർത്തമാന കാലഘട്ടത്തിലെ ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ പുതിയ കുടിയേറ്റങ്ങളാണ്.
പരിഹാരമില്ലാത്ത ചർച്ചകൾ
ഭൂമിശാസ്ത്രപരമായി തങ്ങൾ ഉദ്ദേശിച്ച പ്രദേശങ്ങൾ കൈയടക്കിയതോടെ ചർച്ചകൾക്കുള്ള സന്നദ്ധത ഇസ്റാഇൗലിന്റെ ഭാഗത്തുനിന്നുണ്ടായി. മധ്യപൂർവ പ്രദേശത്തെ അറബ് രാഷ്ട്രങ്ങളുമായി സൗഹൃദത്തിലേക്ക് അടുക്കുവാനുള്ള അമേരിക്കയുടെ താൽപര്യവും ഈ ചർച്ചകൾക്ക് പിന്നിലുണ്ട്. കൂടാതെ, ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ഇറാൻ തങ്ങളുടെ പുതിയ എതിരാളിയായി വളർന്നുവരുന്ന സാഹചര്യത്തിൽ മറ്റ് അറബി രാജ്യങ്ങളെ കൂടെനിർത്താനുള്ള അമേരിക്കയുടെയും ഇസ്റാഇൗലിന്റെയും തന്ത്രങ്ങളും ഈ അനുരഞ്ജന നീക്കങ്ങളിലുണ്ടായിരുന്നു. ഇതിന്റെ ഫലമായി 1979ൽ സമാധാന കരാറുകളും വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങളും ഉണ്ടായി.
ഈജിപ്റ്റില്‍ നിന്നും ഇസ്റാഇൗലില്‍ നിന്നുമുള്ള പ്രതിനിധികള്‍ ക്യാംപ് ഡേവിഡ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് ദശാബ്ദക്കാലത്തെ സംഘര്‍ഷത്തിന് അവസാനം കുറിക്കുകയും ചെയ്തു. ഉടമ്പടിയോടെ ഇസ്റാഇൗലും അയല്‍രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചു. എന്നാല്‍ ഫലസ്തീന്‍ വിഷയം കെട്ടടങ്ങിയില്ല.1980കൾക്കുശേഷം ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷത്തിൽ ഇറാന് നിർണായ പങ്കുണ്ട്. 1964ൽ രൂപംകൊണ്ട ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ(പി.എൽ.ഒ)യും അതിനുശേഷം ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നത് ഇറാനാണ് എന്നാണ് ഇസ്റാഇൗലും പാശ്ചാത്യ രാജ്യങ്ങളും കരുതുന്നത്.
ഇറാന് പിന്നിൽ റഷ്യയും ചൈനയുമുണ്ടെന്ന് അമേരിക്ക സംശയിക്കുന്നു.1993ലാണ് ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് ഓസ്ലോ കരാറില്‍ ഒപ്പുവച്ചത്. ഇസ്റാഇൗലുമായുള്ള സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള സമാധാന ഉടമ്പടിയായിരുന്നു ഇത്. എന്നാൽ ജറൂസലമിന്റെ നിയന്ത്രണം ആർക്കെന്ന തർക്കത്തിൽ പരിഹാരം കാണാൻ കഴിയാത്തതിനാൽ ചർച്ചകൾ അധികം മുന്നോട്ടു പോയില്ല.
ഇപ്പോൾ ഗസ്സയെ നിയന്ത്രിക്കുന്നത് ഹമാസാണ്. വെസ്റ്റ് ബാങ്ക് ഫലസ്തീൻ അതോറിറ്റിയുടെ ഭരണത്തിലാണെങ്കിലും അവിടം പൂർണമായും ഇസ്റാഇൗലിന്റെ നിയന്ത്രണത്തിൽ തന്നെയാണ്. 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ ഗസ്സയിൽ ഹമാസ് വിജയിച്ചു. തുടർന്ന് ഗസ്സ ഹമാസ് നേതൃത്വത്തിന് കീഴിലായി.
2013ല്‍ ഇസ്റാഇൗൽ സര്‍ക്കാരും ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയമായിരുന്നു.
പുതിയ സംഘർഷങ്ങൾ
ഗസ്സയിലെ ഹമാസ് ഭരണത്തെ ഉപരോധം ഉൾപ്പെടെയുള്ള നടപടികളുമായി ഇസ്റാഇൗലും ഇൗജിപ്ത്തും ശ്വാസം മുട്ടിച്ചും. കര, വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്തിയതിനാൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ ഒന്നായി ഗസ്സ മാറി. ദാരിദ്ര്യം വർധിച്ചു. 2014 ല്‍ ഇസ്റാഇൗല്‍ സൈന്യവും ഹമാസും തമ്മില്‍ സൈനിക ഏറ്റമുട്ടലുണ്ടായി. ഈജിപ്ത്തിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
2017 ഡിസംബര്‍ ആറിന് ജറൂസലമിനെ ഇസ്റാഇൗലിൻ്റെ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് ആഗോളതലത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കിടയായാക്കി. ഇസ്റാഇൗൽ-ഫലസ്തീൻ വിഷയത്തിലെ പ്രധാനപ്പെട്ട തർക്ക വിഷയമായ ജറൂസലമിന്റെ ഉടമസ്ഥത സംബന്ധിച്ച് മധ്യസ്ഥ ചർച്ചകൾക്ക് നേരിട്ടും അല്ലാതെയും ഇടപെട്ടുകൊണ്ടിരുന്ന അമേരിക്ക തന്നെ ഏകപക്ഷീയ നിലപാട് സ്വീകരിച്ചത് തുടർ ചർച്ചകൾക്കുള്ള നേരിയ സാധ്യതകൾക്കുപോലും മങ്ങലേൽപ്പിച്ചു.
ഇസ്റാഇൗൽ തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത് പുതിയ ഏറ്റുമുട്ടലുകൾക്ക് കാരണമായിരിക്കുകയാണ്. ഇസ്റാഇൗൽ- ഫലസ്തീൻ സംഘർഷത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിൽ മധ്യപൂർവ പ്രദേശത്തെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇറാനും മറ്റ് അറബ് രാജ്യങ്ങളുമായിട്ടുള്ള വിടവുകളും ഇത് മുതലെടുക്കാനുള്ള അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങളും പ്രധാനപ്പെട്ടതാണ്. ഇറാൻ-പാശ്ചാത്യ രാജ്യ അകൽച്ച നിലനിൽക്കുവോളം ഇസ്റാഇൗലും ഹമാസും തമ്മിലുള്ള സംഘർഷങ്ങളും തുടരും.
ഇസ്റാഇൗലും മറ്റ് പ്രാദേശിക, അന്തർദേശീയ ശക്തികളും മേഖലയിൽ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ശ്രദ്ധ ഫലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലേക്ക് തിരിയണം. കാതലായ പ്രശ്നം പരിഹരിക്കാതെയുള്ള സൈനിക നടപടികൾ ഉപരിപ്ലവമായ ഇടപെടലുകൾ മാത്രമായിരിക്കും. ഇതിന് നൽകേണ്ടിവരുന്ന വില ആയിരക്കണക്കിന് നിരപരാധികളുടെ കൂട്ടക്കുരുതികൾ ആയിരിക്കും.
Content Highlights:International Dimensions of the Israeli-Palestinian Conflict
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."