ഏഴായിരം കോടിരൂപയുടെ നിര്‍മാണങ്ങള്‍ നടത്തും: മന്ത്രി ജി സുധാകരന്‍
കിളിമാനൂര്‍: സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരമാസങ്ങള്‍ക്കകം ഏഴായിരം കോടിരൂപയുടെ റോഡുകളുംപാലങ്ങളും സര്‍ക്കാര്‍കെട്ടിടങ്ങളും നിര്‍മിക്കാനുള്ള ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് പാസാക്കിയതായി പൊതു മരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ആധുനിക രീതിയില്‍ ബിഎം ആന്‍ഡ് ബിസി രീതിയില്‍ നവീകരിക്കുന്ന പോങ്ങനാട് -പുതുശ്ശേരിമുക്ക് റോഡ് നവീകരണോദ്ഘാടനം നിര്‍വഹിച്ച് പോങ്ങനാട് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയലോകം, പുതിയനിര്‍മ്മാണം ഇതാണ് സര്‍ക്കാരിന്റെ മരാമത്ത് നയം. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോല്‍ ഖജനാവില്‍ നയാപൈസ ഇല്ലായിരുന്നെങ്കിലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്രം ഉറപ്പുവരുത്താനുള്ള ഭരണഘടനാബാധ്യത നിറവേറ്റാനുള്ള ബാധ്യത ഈ സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാലാണ് ഉന്നതനിലവാരത്തിലുള്ള റോഡുകളും പാലങ്ങളും നിര്‍മിക്കാനുള്ള നടപടിയാരംഭിച്ചത്. ധനവകുപ്പിന്റെ അംഗീകാരംകൂടി ലഭിച്ചാല്‍ ഒന്നരവര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ പദ്ധതികളുടെ എല്ലാം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. റോഡുകളിലെ കുഴികളടക്കാനും മറ്റുമായി ഓരോമണ്ഡലത്തിലും മൂന്ന് കോടിരൂപ വരെ അനുവദിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.ചടങ്ങില്‍ ബി സത്യന്‍ എം.എല്‍.എ അദ്ധ്യക്ഷനായി.
വി ജോയി എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയായി.കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മിഅമ്മാള്‍, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ദീപ, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുഭാഷ്,കരവാരംപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ്‌കുമാര്‍, കിളിമാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവദാസ്,സി.പി.എം കിളിമാനൂര്‍ ഏരിയ സെക്രട്ടറി അഡ്വ മടവൂര്‍ അനില്‍, കോണ്‍ഗ്രസ് നേതാവ് ആലപ്പാട്ട് ജയകുമാര്‍, ജെ.ഡി.എസ് നേതാവ് ഫിറോസ് ലാല്‍, മുസ്‌ലിം ലീഗ് നേതാവ് പേരൂര്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആറുകോടി രൂപചെലവില്‍ 5, 600 കിലോമീറ്റര്‍ ദൂരം ആധുനിക ബിഎം ആന്‍ഡ് ബി സി ടെക്‌നോളജിയിലാണ് നവീകരിക്കുന്നത്. നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നാടന്‍പാട്ട് കലാകാരന്‍മാര്‍ അണിനിരന്ന നാടന്‍പാട്ടും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."