കാബൂളില്‍ റോക്കറ്റാക്രമണം
കാബൂള്‍: 175 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് വീണ്ടും ഐ.എസ് ആക്രമണം. ഗുലൈ പ്രദേശത്തെ ജനവാസകേന്ദ്രത്തിലേക്കായിരുന്നു റോക്കറ്റ് ആക്രമണം.
ഇന്നലെ ഉച്ചയ്ക്കുശേഷമുണ്ടായ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തിനു പടിഞ്ഞാറു ഭാഗത്തെ ഒരു കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്.
24-36 മണിക്കൂറിനിടെ വീണ്ടും ഐ.എസ് ആക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം. 13 യു.എസ് സൈനികരെ വധിച്ചതിന് തിരിച്ചടിയായി ഐ.എസ്-കെ കേന്ദ്രത്തില്‍ യു.എസ് സേന ഡ്രോണ്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ഐ.എസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെയും സഹായിയെയും യു.എസ് സേന വധിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി കാബൂളിലെ ഐ.എസ് ചാവേറുകളുടെ മേല്‍ ഇന്നലെ വീണ്ടും യു.എസ് സേന ആക്രമണം നടത്തി. ഇന്നലെ റോക്കറ്റ് ആക്രമണം ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് നല്‍കിയ മുന്നറിയിപ്പു സന്ദേശത്തില്‍ സൈനികരെയും ജനങ്ങളെയും രക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ബൈഡന്‍ സേനാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ പൗരന്മാരോട് കാബൂള്‍ വിമാനത്താവള പരിസരത്തുനിന്നു മാറിനില്‍ക്കാന്‍ യു.എസ് എംബസി ജാഗ്രതാ സന്ദേശം നല്‍കുകയും ചെയ്തു.അതേസമയം, ഐ.എസ് കേന്ദ്രത്തില്‍ യു.എസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തെ താലിബാന്‍ അപലപിച്ചു. തങ്ങളുടെ അധീനതയിലുള്ള അഫ്ഗാന്‍ പ്രദേശങ്ങള്‍ക്ക് നേരേ നടന്ന ആക്രമണമാണ് അതെന്നായിരുന്നു താലിബാന്‍ വാദം.
അതിനിടെ കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഐ.എസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 13 യു.എസ് സൈനികരുടെ മൃതദേഹ ഭാഗങ്ങള്‍ ഇന്നലെ പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. നാളെയോടെ യു.എസ് സേന പിന്മാറ്റം പൂര്‍ത്തിയാക്കാനിരിക്കെ 300 യു.എസ് പൗരന്മാരാണ് അഫ്ഗാനില്‍ ശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."