ജൈടെക്‌സില്‍ ജിഡിആര്‍എഫ്എ വിജയം ശ്രദ്ധേയം
ദുബായ്: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ പ്രദര്‍ശനമായ ജനറല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന്‍ (ജൈടെക്‌സ്) ഗ്‌ളോബല്‍ 2023ല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വിജയകരമായ പങ്കാളിത്തമാണ് നടത്തിയതെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. ഉപയോക്താക്കളുടെ നിലവാരം ഉയര്‍ത്താനും അതുവഴി ജീവിതത്തില്‍ സന്തോഷം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികളും നൂതന സാങ്കേതിക വേദികളുമാണ് ജിഡിആര്‍എഫ്എ മേളയില്‍ അവതരിപ്പിച്ചത്. ജൈടെക്‌സ് പ്രദര്‍ശന ദിനങ്ങളില്‍ രാജ്യത്തെ ഭരണാധികാരികളും വിവിധ സര്‍ക്കാര്‍ മേധാവികളും മറ്റു വിശിഷ്ടാതിഥികളും തങ്ങളുടെ പവലിയന്‍ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഡിആര്‍എഫ്എ ദുബായിയുടെ വിജയകരമായ പങ്കാളിത്തത്തിന് കഠിന പരിശ്രമങ്ങള്‍ നടത്തിയ ഉന്നതോദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും ലഫ്റ്റനന്റ് ജനറല്‍ അഭിനന്ദിച്ചു. വരുംകാലങ്ങളിലെ ദുബായിലെ വിസാ സേവനങ്ങളെ കുറിച്ചും എമിഗ്രേഷന്‍ യാത്രാ നടപടികളെയും പരിചയപ്പെടുത്തിയുള്ള 11 സ്മാര്‍ട്ട് പ്രൊജക്ടുകളാണ് ജിഡിആര്‍എഫ്എ അവതരിപ്പിച്ചത്. ദുബായ് റസിഡന്‍സി വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയതും മികച്ചതുമായ സ്മാര്‍ട്ട് ഡിജിറ്റല്‍ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനും, ആഗോള സാങ്കേതിക നഗരമെന്ന ദുബായിയുടെ സ്ഥാനം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഡിപാര്‍ട്‌മെന്റ് മികച്ച സംഭാവനകള്‍ നല്‍കിയെന്ന് അല്‍ മര്‍റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."