സര്‍വകക്ഷി സമാധാന യോഗം പ്രാദേശിക നേതാക്കളുമായി മാസത്തിലൊരിക്കല്‍ യോഗം
കണ്ണൂര്‍: ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ആഹ്വാനം. അക്രമമുണ്ടായാല്‍ പൊലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.പി സഞ്ജയ് കുമാര്‍ പറഞ്ഞു.
അക്രമസംഭവങ്ങളിലെ യഥാര്‍ഥ പ്രതികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പൊലിസ് തയാറാവണമെന്ന് നേതാക്കള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ കക്ഷികളുടെ ജില്ലാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമാധാനയോഗങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി. ഇതിനു പുറമെ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഓരോ പൊലിസ് സ്റ്റേഷന്‍തലത്തിലും പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങള്‍ മാസത്തിലൊരിക്കല്‍ ചേരും. പ്രാദേശികമായുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതിനു വേണ്ടിയാണിത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഴുവന്‍ അക്രമസംഭവങ്ങളെയും യോഗം അപലപിച്ചു. വരുംദിനങ്ങളില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ആളുകളും മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. കൂത്തുപറമ്പില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലും ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിലും അന്വേഷണം ഊര്‍ജിതമാണെന്നു എസ്.പി വ്യക്തമാക്കി. മുഴക്കുന്നില്‍ നടന്ന അക്രമത്തില്‍ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമമുണ്ടാകുന്ന സ്ഥലങ്ങളില്‍ പൊലിസ് സുരക്ഷയൊരുക്കും. ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ തെറ്റായ കാരണങ്ങളുടെ പേരിലാണ് ജില്ല വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ നാടിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന മുഴുവനാളുകളും തയാറാവണമെന്നും വരുംദിനങ്ങളില്‍ അത് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ യോഗത്തില്‍ സംബന്ധിക്കാന്‍ കലക്ടര്‍ അനുവദിച്ചിരുന്നില്ല. യോഗ തീരുമാനങ്ങള്‍ പിന്നീട് അറിയിക്കുകയാണ് ഉണ്ടായത്. എ.ഡി.എം ഇ മുഹമ്മദ് യൂസഫ്, ഡിവൈ.എസ്.പിമാരായ സി അരവിന്ദാക്ഷന്‍, പി.പി സദാനന്ദന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ഗോപാലകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, ആര്‍.എസ് ജില്ലാ കാര്യവാഹക് കെ പ്രമോദ്, വെള്ളോറ രാജന്‍, വി രാജേഷ് പ്രേം, ജോണ്‍സണ്‍ പി തോമസ്, ജി രാജേന്ദ്രന്‍, കെ ബാലകൃഷ്ണന്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."