9/11 ഭീകരാക്രമണം: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നിട്ട് 20 വര്‍ഷം
വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ഇന്ന് 20 ആണ്ട് തികയുന്നു. അമേരിക്കയിലെ രണ്ടു വന്‍ നഗരങ്ങളെ ഉലച്ച ആക്രമണം ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ടവറുകള്‍ വിമാനങ്ങളുപയോഗിച്ച് ഭീകരര്‍ തകര്‍ത്തപ്പോള്‍ കൊല്ലപ്പെട്ടത് 2,753 പേരായിരുന്നു. ചാവേര്‍ ആക്രമണത്തില്‍ യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണില്‍ 184 പേരും പെന്‍സില്‍വാനിയയില്‍ 40 പേരും കൊല്ലപ്പെട്ടു. അല്‍ഖാഇദയുടെ 19 ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് എഫ്.ബി.ഐ പറയുന്നത്. ഇവരും 400ലേറെ പൊലിസ് ഓഫിസര്‍മാരും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു.
കാലിഫോര്‍ണിയയിലേക്കു പറക്കുകയായിരുന്ന നാലു യാത്രാവിമാനങ്ങളാണ് ഭീകരര്‍ ആക്രമണത്തിനുപയോഗിച്ചത്. അമേരിക്കയുടെ സുപ്രധാന കെട്ടിടങ്ങള്‍ തകര്‍ത്ത് പരമാവധി ആളുകളെ കൊല്ലുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.
പ്രാദേശികസമയം രാവിലെ 8.46നാണ് ആദ്യ വിമാനം ലോവര്‍ മാന്‍ഹട്ടനിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തെ ടവറില്‍ ഇടിച്ചുകയറിയത്. 9.03ന് തെക്കുഭാഗത്തെ ടവറും തകര്‍ത്തു. 110 നിലകളുള്ള ഇരു ടവറുകളും 1.42 മണിക്കൂറിനകം നിലംപതിച്ചു. സമീപത്തെ കെട്ടിടങ്ങളും ഇതോടൊപ്പം നിലംപൊത്തി.
മൂന്നാമത്തെ വിമാനമാണ് പെന്റഗണിന്റെ പടിഞ്ഞാറുഭാഗത്ത് ഇടിച്ചിറങ്ങിയത്. വാഷിങ്ടണിലെത്തിയ നാലാമത്തെ വിമാനം ലക്ഷ്യത്തിലെത്താതെ 10.03ഓടെ പെന്‍സില്‍വാനിയയിലെ വയലില്‍ പതിക്കുകയായിരുന്നു. പ്രസിഡന്റിന്റെ ഓഫിസുള്ള വൈറ്റ്ഹൗസോ പാര്‍ലമെന്റ് മന്ദിരമായ യു.എസ് കാപിറ്റോളോ ആയിരിക്കാം ഈ വിമാനം ലക്ഷ്യമിട്ടതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
അല്‍ഖാഇദ നേതാവായ ഉസാമ ബിന്‍ലാദനാണ് ആക്രമണത്തിനു പിന്നിലെന്നാരോപിച്ച അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ്.ഡബ്ല്യു ബുഷ് അയാളെ വിട്ടുതരണമെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. താലിബാന്‍ നേതാവ് മുല്ല ഉമര്‍ വിസമ്മതിച്ചതോടെ യു.എസിന്റെ ഭീകരതയ്‌ക്കെതിരായ ആഗോളയുദ്ധത്തിനു തുടക്കമായി.
അമേരിക്കയുടെ 20 വര്‍ഷം നീണ്ടുനിന്ന അഫ്ഗാന്‍ അധിനിവേശത്തിനു വഴിവച്ചതും സെപ്റ്റംബര്‍ 11 ആക്രമണം തന്നെയായിരുന്നു. പിന്നീട് 10 വര്‍ഷത്തിനു ശേഷമാണ് പാകിസ്താനിലെ അബോട്ടാബാദിലുള്ള ഒളിത്താവളത്തില്‍വച്ച് ബിന്‍ ലാദനെ യു.എസ് സേന കൊലപ്പെടുത്തിയത്.
ലോകം ഭീകരാക്രമണങ്ങള്‍ക്കെതിരേ ഉണരാന്‍ സെപ്തംബര്‍ 11 ഭീകരാക്രമണം നിമിത്തമായി. ഇതുപോലൊരു ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറെടുപ്പു നടത്തി. ലോകവ്യാപാര കേന്ദ്രം കെട്ടിടം പുതുക്കിപ്പണിയാന്‍ 13 വര്‍ഷമെടുത്തു. 1,000 കോടി ഡോളറിന്റെ നാശനഷ്ടമാണ് ആക്രമണമുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."