ഗസ്സയില്‍ ആശുപത്രികള്‍ക്കു നേരെ ക്രൂര ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ 84 മരണം
ഗസ്സ: കൊന്നും കൊലവിളിച്ചും മതിവരാതെ ഇസ്‌റാഈല്‍. എല്ലാ മുന്നറിയിപ്പുകളും അപേകഷകളും അവഗണിച്ച് അവര്‍ ഫലസ്തീനില്‍ ആക്രമണം തുടരുകയാണ്. അല്‍ശിഫക്കു നേരെയുള്ള ക്രൂരമായ നടപടികള്‍ക്കു പിന്നാലെ അല്‍നാസര്‍, അല്‍ അമല്‍ ആശുപത്രികള്‍ക്കുനേരെയും ഇസ്‌റാഈല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ആശുപത്രികള്‍ക്കുനേരെ കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്.
രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉള്‍പ്പെടെ ആയിരങ്ങളാണ് മൂന്നിടങ്ങളിലും മരണഭയത്തില്‍ കഴിഞ്ഞുകൂടുന്നത്. പിന്നിട്ട 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 84 പേര്‍കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 32,226 ആയി. പരിക്കേറ്റവരുടെ എണ്ണം 74,518 ആണ്.
പട്ടിണിക്കു പിന്നാലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ത്ത് ആസൂത്രിത വംശഹത്യക്കുള്ള പദ്ധതിയാണ് ഇസ്‌റാഈല്‍ ആവിഷ്‌കരിച്ചു വരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷയും ഇസ്‌റാഈല്‍ തള്ളുകയാണ്.
ഖാന്‍ യൂനിസ്, റഫ, ദൈര്‍ അല്‍ ബലാഹ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം ശക്തമായ ബോംബാക്രമണം നടന്നു. റഫയിലെ അഞ്ച് വസതികളില്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹില്‍ മാത്രം 10 പേര്‍ കൊല്ലപ്പെട്ടു.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധങ്ങള്‍ യൂറോപ്പിലുടനീളം തുടരുന്നുണ്ട്. പട്ടിണിയിലായ ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റഫ ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കന്‍ സന്ദര്‍ശന പശ്ചാത്തലത്തിലാണ് കമലാ ഹാരിസിന്റെ അഭ്യര്‍ഥന.
അതിനിടെ, ബന്ദി മോചനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ ആയിരങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തി. ഭക്ഷണം കാത്തുനിന്നവര്‍ക്കു നേരെ ഇന്നലെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഏതാനും പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആക്രമണം നിര്‍ത്താതെ ബന്ദിമോചനം ഉണ്ടാകില്ലെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."