വംശീയ ഉന്മൂലനത്തിന്ഇസ്റാഇൗലിൻ്റെ 'ഗോസ്പൽ'
ജൊനാഥൻ കുക്ക്
കഴിഞ്ഞ എട്ടാഴ്ചകളിലായി ഗസ്സയ്ക്കുമേൽ നടത്തുന്ന ആക്രമണങ്ങളിൽനിന്നും ഇതുമൂലമുണ്ടായ മരണങ്ങളിൽനിന്നും വ്യക്തമാകുന്നത് ഫലസ്തീനികളെ വംശീയ ഉന്മൂലനം നടത്താൻ തീരുമാനിച്ചുറപ്പിച്ചാണ് ഇസ്റാഇൗൽ മുന്നോട്ടുനീങ്ങുന്നത് എന്നാണ്. എങ്ങനെയാണ് ഒരുകൂട്ടം മനുഷ്യർക്കെതിരേ അതിതീവ്രമായ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നത് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ചില ഇസ്റാഇൗലുകാരിൽനിന്നുതന്നെ പുറത്തുവന്നിരിക്കുകയാണ്.
ഇസ്റാഇൗൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 972, ലോക്കൽ കാൾ എന്നീ പ്രസിദ്ധീകരണങ്ങൾ ചില സാക്ഷിമൊഴികൾ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിക്കുകയുണ്ടായി. അസംഖ്യം ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടത് യുദ്ധത്തിന്റെ നിർഭാഗ്യകരമായ പാർശ്വഫലമല്ലെന്നും ഈ മരണങ്ങൾ ഇസ്റാഇൗലിന്റെ പരമവും പ്രകടവുമായ യുദ്ധലക്ഷ്യം തന്നെയാണെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. പതിനാറായിരത്തോളം പേർ കൊല്ലപ്പെട്ടതായും ആറായിരത്തോളം പേരെ കാണാതായി എന്നുമാണ് നിലവിലെ കണക്കുകൾ.
കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. രണ്ടു വർഷങ്ങൾക്കുമുമ്പ് ഗസ്സയിൽ നടന്ന ആക്രമണത്തിൽ തങ്ങൾക്കു വേണ്ട ‘പ്രബലരായ ലക്ഷ്യങ്ങളെ’ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതൊരു കംപ്യൂട്ടർ ആണെന്ന കാര്യം ഇസ്റാഇൗൽ സൈനികോദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു. ആരെ അല്ലെങ്കിൽ എന്തിനെ അക്രമിക്കണം എന്ന വിവരങ്ങൾ നൽകുന്നതിലൂടെ ‘ഗോസ്പൽ’ എന്നു പേരുള്ള നിർമിതബുദ്ധിയിലധിഷ്ഠിത സംവിധാനം ഇസ്റാഇൗലിനു വേണ്ട ലക്ഷ്യങ്ങളുടെ നീണ്ട പട്ടിക വളരെ വേഗത്തിൽ പുറത്തുവിടുമെന്ന വിവരം സത്യമാണെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് മുമ്പെ സൂചിപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ.
വളരെയധികം പേർ താമസിക്കുന്ന കെട്ടിടങ്ങളിൽപോലും ഒരു മുന്നറിയിപ്പും കൂടാതെയാണ് ഇസ്റാഇൗൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള ന്യായീകരണമാവട്ടെ, ഈ കെട്ടിടത്തിന്റെ ഏതോ ഭാഗത്ത് താമസിക്കുന്ന ഒരാൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ഊഹവും. നിലവിൽ ഹമാസ് വെറുമൊരു സായുധസംഘം മാത്രമല്ല ഈ പ്രദേശത്തെ ഭരണകൂടം പ്രവർത്തിക്കുന്നതും ഹമാസിന്റെ നേതൃത്വത്തിലാണ്. അങ്ങനെയെങ്കിൽ ഇസ്റാഇൗലിന്റെ ഈ ആക്രമണനയം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നതിൽ സംശയം വേണ്ട. ഇസ്റാഇൗലിന്റെ പ്രബലരായ ഉന്നങ്ങളിൽ, ഉദ്യോഗസ്ഥരും പൊലിസും ആരോഗ്യപ്രവർത്തകരും അധ്യാപകരും പത്രപ്രവർത്തകരുമെല്ലാം ഉൾപ്പെടും.
ഈ സത്യം പുറത്തുവന്നതോടെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ കെയ്ർ സ്റ്റാർമർ എന്നിവരുടെ ഇസ്റാഇൗൽ അനുകൂല വാദങ്ങൾ തകരും. ഇസ്റാഇൗലിന്റെ പ്രതിരോധമാണ് ഈ ആക്രമണമെന്നും കഴിയുന്നത്ര സാധാരണക്കാരെ ബാധിക്കാതിരിക്കാൻ അവർ ശ്രമിക്കുന്നുമുണ്ടെന്നുമുള്ള അസത്യവാദങ്ങൾ ഈ പാശ്ചാത്യ രാഷ്ട്രീയക്കാർ ഉന്നയിച്ചിരുന്നു. ഇസ്റാഇൗൽ ഗോസ്പൽ കംപ്യൂട്ടിങ് സംവിധാനത്ത പൂർണമായി ആശ്രയിക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ച ദ ഗാർഡിയൻ സ്ഥിരീകരിച്ചിട്ടുണ്ട്.
പെന്റഗൺ സംവിധാനങ്ങളുമായി പരിചയമുള്ള ഒരുദ്യോഗസ്ഥന്റെ പ്രതികരണവും വാർത്തയിൽ എടുത്തുപറയുന്നുണ്ട്. മറ്റു തടസ്സങ്ങളെ വകവയ്ക്കാതെ ഗസ്സയ്ക്കു നേരെ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഇസ്റാഇൗലിന്റെ യുദ്ധം സുപ്രധാന മുഹൂർത്തമാണെന്നാണ് ഈ ഉദ്യോഗസ്ഥന്റെ വിലയിരുത്തൽ. മറ്റ് രാഷ്ട്രങ്ങൾ ഇതു കണ്ട് പഠിക്കാൻ പോകുകയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇസ്റാഇൗലിനുവേണ്ടി ഇപ്പോഴും പ്രവർത്തിക്കുന്ന അല്ലെങ്കിൽ മുമ്പു പ്രവർത്തിച്ചിരുന്നവരായ ഉദ്യോഗസ്ഥർ 972നും ലോക്കൽ കാളിനും നൽകിയ വിവരങ്ങളിൽ ഏറ്റവും സുപ്രധാനമായത് മറ്റൊന്നാണ്. ഗസ്സയുടെ ജനവാസ മേഖലയിൽ നടത്തുന്ന ആയിരക്കണക്കിനു വ്യോമാക്രമണങ്ങൾ മൂലം ഹമാസിന്റെ സായുധസംഘത്തിനു സാരമായ പരുക്കുകളൊന്നും ഉണ്ടാവില്ലെന്ന കാര്യത്തിൽ ഇസ്റാഇൗലിനു വ്യക്തമായ ബോധ്യമുണ്ടത്രെ.
അതോടെ ഹമാസിനെ ഇല്ലാതാക്കാനാണ് തങ്ങളുടെ ആക്രമണം എന്ന ഇസ്റാഇൗൽ വാദം പൊള്ളയാണെന്നു വ്യക്തമാവുന്നു. ഇസ്റാഇൗൽ സൈന്യത്തിൽ നിന്നുള്ള വിവരങ്ങൾ തങ്ങൾ ആയിരത്തിനും മൂവായിരത്തിനുമിടക്ക് ഹമാസ് പ്രവർത്തകരെ വധിച്ചിട്ടുണ്ടെന്നാണ്. അതിനർഥം ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ 85 മുതൽ 95 ശതമാനം വരെയുള്ളവർ സാധാരണ ജനങ്ങളാണെന്ന വാസ്തവം ഇസ്റാഇൗലികളും അംഗീകരിക്കുന്നുണ്ടെന്നു സാരം. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നുമാണ് വിശ്വാസയോഗ്യമായ സ്രോതസുകളിൽനിന്ന് വരുന്ന വിവരങ്ങൾ.
പല സ്രോതസുകളിൽ നിന്നായുള്ള വിവരങ്ങൾ പ്രകാരം ഹമാസിന്റെ സായുധസേനാംഗങ്ങൾ ഭൂഗർഭ തുരങ്കങ്ങളിലാണുള്ളത്. ഇവരുടെ ആയുധശേഖരവും മറ്റു പ്രധാന കേന്ദ്രങ്ങളും കണ്ടെത്തുന്നതിൽ ഇസ്റാഇൗൽ പരാജയപ്പെട്ടിരിക്കുന്നു. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ നഗരപ്രദേശങ്ങളിലെ ജനവാസ കെട്ടിടങ്ങൾ, പൊതു കെട്ടിടങ്ങൾ, സർവകലാശാലകൾ, ബാങ്കുകൾ, ആശുപത്രികൾ, പള്ളികൾ എന്നിവയെ ലക്ഷ്യംവച്ചിരിക്കുകയാണ് ഇസ്റാഇൗൽ. നിലവിൽ നടക്കുന്ന ആക്രമണങ്ങൾ പൗരസമൂഹത്തിനു അപകടമുണ്ടാക്കാൻ വേണ്ടിയുള്ളതാണെന്നാണ് വിവരങ്ങൾ. ഇതിലൂടെ, ഈ സമൂഹം ഒത്തുചേരുന്നതും സംഘടിതമായി പ്രവർത്തിക്കുന്നതും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
അഞ്ച് വ്യത്യസ്ത വ്യക്തികളിൽ നിന്നായി 972 ശേഖരിച്ച വിവരപ്രകാരം ഇസ്റാഇൗലിന്റെ പക്കൽ ചെറുകിട ഹമാസ് നേതാക്കളുടെ താമസസ്ഥലങ്ങളെ സംബന്ധിച്ച് ഫയലുണ്ടത്രെ. പതിനായിരക്കണക്കിനു വീടുകളുടെയും കെട്ടിടസമുച്ചയങ്ങളുടെയും വിവരങ്ങൾ ഫയലിലുണ്ട്. ഹമാസ് പ്രവർത്തകരേക്കാൾ സാധാരണക്കാർ ഇവിടങ്ങളിൽ താമസിക്കുന്നുമുണ്ട്. ഹമാസ് ബന്ധമുള്ള ഒരാൾ ഈ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ ഏറ്റവും പ്രബലവും അനുയോജ്യവുമായ ലക്ഷ്യങ്ങളായാണ് ഈ കെട്ടിടങ്ങളെ ഇസ്റാഇൗൽ സൈന്യം കണക്കാക്കുന്നത്.
ഹബ്സോറ അല്ലെങ്കിൽ ഗോസ്പൽ എന്നു പേരുള്ള നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുന്നതെന്ന ഇസ്റാഇൗലി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ പേരിന്റെ പൗരാണിക വിവക്ഷപോലും ഇസ്റാഇൗലിന്റെ ഗൂഢലക്ഷ്യത്തെ വെളിപ്പെടുത്തുന്നു എന്നുമാത്രമല്ല, ഇസ്റാഇൗൽ സൈന്യത്തിൽ പോലും മതവർഗീയത മുറ്റിനിൽക്കുന്നു എന്നതിന്റെ തെളിവുമാണ്.
കൂടാതെ, ഇസ്റാഇൗൽ തങ്ങളുടെ വിശുദ്ധയുദ്ധമാണ് ഇപ്പോൾ നയിക്കുന്നതെന്ന വിവക്ഷയും ഇതിനകത്തുണ്ട്. പൊതുവെ മതേതരമുഖമായി നിലകൊണ്ട ഇസ്റാഇൗൽ പ്രധാനമന്ത്രി നെതന്യാഹു തീവ്രമായ വർഗീയ ഭാഷയാണ് നിലവിൽ ഫലസ്തീനികൾക്കെതിരേ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഗസ്സയ്ക്കെതിരായുള്ള ആക്രമണം അമാലകിനെതിരേയുള്ള യുദ്ധമാണെന്നാണ് നെതന്യാഹു പറഞ്ഞത്. ദൈവം ഇസ്റാഇൗലികളോട് അമാലക് എന്ന ശത്രുവിന്റെ പക്ഷത്തു നിൽക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഉന്മൂലനം ചെയ്യാനാവശ്യപ്പെട്ടതായി പുരാണമുണ്ട്.
ഇസ്റാഇൗൽ സൈന്യത്തിന്റെ മുൻ തലവനായിരുന്ന അവിവ് കൊചാവി പറയുന്നതിങ്ങനെ: 'മുമ്പ് ഗസ്സയിൽ പ്രതിവർഷം 50 ലക്ഷ്യങ്ങളാണ് ഞങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഈ യന്ത്രം പ്രതിദിനം നൂറോളം ലക്ഷ്യങ്ങൾ കണ്ടെത്തിത്തരുന്നു. അതിൽ അൻപതു ശതമാനത്തോളവും ആക്രമിക്കപ്പെടുന്നുമുണ്ട്'. മറ്റൊരു ഉദ്യോഗസ്ഥൻ 972നോടു പറഞ്ഞത് ഗോസ്പൽ കൂട്ടക്കൊലപാതകത്തിന്റെ ഫാക്ടറിയാണെന്നാണ്. 'താഴ്ന്ന ഹമാസ് പ്രവർത്തകരായി പതിനായിരത്തോളം പേരെ നിർണിയിച്ചിട്ടുണ്ട്. അവരെല്ലാം ഇസ്റാഇൗൽ ആക്രമണത്തിന്റെ ലക്ഷ്യങ്ങളായിരിക്കും.
ഇതു പ്രാധാന്യം നൽകുന്നത് എണ്ണത്തിലാണ് അല്ലാതെ ഗുണത്തിലല്ലെന്നും' ഈ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഗോസ്പൽ നൽകുന്ന വിവരങ്ങൾ പ്രസക്തമായ പരിശോധനകളില്ലാതെയാണ് ഉപയോഗിക്കുന്നതെന്ന വിവരവും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്. 'ഞങ്ങൾ വേഗത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആഴത്തിൽ പരിശോധിക്കാനൊന്നും സമയം ലഭിക്കാറില്ല. എത്രത്തോളം ലക്ഷ്യങ്ങളെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്' എന്നും ഈ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഈ വിവരങ്ങളെല്ലാം ചേർത്തുവായിക്കുമ്പോൾ ഇസ്റാഇൗലിന്റെ യുദ്ധനയവും ലക്ഷ്യവും എന്താണെന്ന് വ്യക്തമാവുകയാണ്. അതിനാൽ തന്നെ ഈ വിവരങ്ങളെ വില കുറച്ചുകാണാനും സാധിക്കില്ല. എന്നിട്ടും പാശ്ചാത്യരാഷ്ട്രീയവും മാധ്യമങ്ങളും പറയുന്നത് ഇസ്റാഇൗലിന്റെ ലക്ഷ്യം ഹമാസാണെന്നും. പാശ്ചാത്യരാഷ്ട്രീയക്കാർ ഇസ്റാഇൗലിൻ്റെ വലിയ ലക്ഷ്യത്തെ പരിഗണിക്കാതെ ചെറിയ സംഭവങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് യാദൃച്ഛികമാണെന്ന് കരുതാൻ സാധിക്കില്ല.
ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറത്താക്കുക എന്ന ഇസ്റാഇൗൽ നയത്തിനു പാശ്ചാത്യരാഷ്ട്രീയവും പൂർണപിന്തുണ നൽകിയിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇസ്റാഇൗൽ ഔദ്യോഗിക സംവിധാനങ്ങൾക്ക് അകത്തുള്ളവർപോലും ഇവരുടെ വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള പദ്ധതികളും നയങ്ങളും വ്യക്തമായി പറയുമ്പോഴും അതിനു നേർക്ക് കണ്ണടച്ചിരിക്കുകയാണ് പാശ്ചാത്യരാഷ്ട്രീയം.
(പശ്ചിമേഷ്യൻ രാഷ്ട്രീയനിരീക്ഷകനായ ലേഖകൻ മിഡിൽ ഈസ്റ്റ് െഎയിൽ
എഴുതിയതിൻ്റെ സംക്ഷിപ്തം)
Content Highlights:Israel's 'Gospel' for Genocide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."