തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര ആധിപത്യത്തിലേക്ക്
ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു കുത്സിത നീക്കത്തിനുകൂടി രാജ്യസഭ സാക്ഷിയായി. രാജ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷന്‍ അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാജ്യസഭ പാസാക്കി. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, സ്വതന്ത്രവും സര്‍വോപരി പക്ഷപാതരഹിതവും സത്യസന്ധവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റിയെടുക്കാനുള്ള നിയമപരമായ നീക്കംകൂടിയാണ്.
ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ മറ്റൊരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനംകൂടി കേന്ദ്രസര്‍ക്കാരിന്റെ അദൃശ്യകരങ്ങളുടെ നിയന്ത്രണത്തിലെത്തും. പ്രധാനമന്ത്രിയുടെയും കാബിനറ്റ് മന്ത്രിയുടെയു മൂന്നില്‍ രണ്ട് ഭൂരിപക്ഷ നിര്‍ണയാധികാരത്തിലൂടെ കമ്മിഷണര്‍മാരായി അവര്‍ക്കിഷ്ടമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അവസരം രാജ്യത്ത് ഉടലെടുക്കും. പ്രതിപക്ഷ നേതാവുകൂടി ഉള്‍പ്പെടുന്ന സമിതിയാണ് കമ്മിഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുകയെന്ന വ്യവസ്ഥ പുതിയ ബില്ലിലുണ്ടെങ്കിലും ഭരണകക്ഷിയുടെ ഭൂരിപക്ഷ തീരുമാനം മാത്രമേ എക്കാലവും നടപ്പാവുകയുള്ളു. ഫലത്തില്‍ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള നിയമനരീതിയാണ് പുതിയ ബില്ലിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്.
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിലെ സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥരാകണം തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍. ഇവരെ കണ്ടെത്താനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കണം. ഈ കമ്മിറ്റി അഞ്ചുപേരുകള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്ക് കൈമാറും. സെര്‍ച്ച് കമ്മിറ്റി കൈമാറിയ പേരുകളില്‍ നിന്നോ പുറമെ മറ്റൊരാളെ കണ്ടെത്തി നിയമിക്കാനോ സമിതിക്ക് അധികാരവുമുണ്ട്. ഈ രീതിയിലുള്ള നിയമന നടപടിയില്‍ ഉദ്യോഗസ്ഥതലം മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യത്തിനൊത്ത പട്ടികയായിരിക്കും സെര്‍ച്ച് കമ്മിറ്റി തയാറാക്കുന്നതും പിന്നീട് സമിതി നിയമിക്കുന്നതും എന്ന വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അതേസമയം, ഇവിടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെടുന്ന സമിതിയായിരുന്നുവെങ്കില്‍ നിഷ്പക്ഷത എന്ന മൂല്യം കാത്തുസൂക്ഷിക്കാനാകുമായിരുന്നു.നിഷ്പക്ഷത എന്ന ഭരണഘടനാ മൂല്യത്തെ ഇല്ലാതാക്കപ്പെടുന്ന സാഹചര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ ബില്ലിന്റെ കാതല്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത് എക്‌സിക്യൂട്ടീവ് സംവിധാനത്തിന് പുറത്തുള്ള സ്വതന്ത്ര സ്ഥാപനമാവണമെന്ന ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കര്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വഭാവത്തെ കൃത്യമായി നിര്‍വചിച്ചിരുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്നത്. പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും ഉപദേശപ്രകാരവും പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമം അനുസരിച്ചും നിയമനം നടത്തണമെന്നും ഭരണഘടന പറയുന്നു. എന്നാല്‍ തങ്ങളുടെ നിര്‍ണയാധികാരത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് പുതിയ ബില്ലിലൂടെ കേന്ദ്രഭരണ നേതൃത്വം കണക്കുകൂട്ടുന്നത്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കി കീഴിലാക്കിയ അതേ രീതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രഭരണകൂടത്തിന്റെ കീഴിലെ കേവലം 'എക്‌സിക്യൂട്ടീവ്' സംവിധാനമായി മാറിയേക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന പക്ഷപാതരഹിതമായ തെരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പത്തെ എക്‌സിക്യൂട്ടീവ് അധികാരമുപയോഗിച്ചുള്ള അട്ടിമറിക്കലാണ് യഥാര്‍ഥത്തില്‍ ബില്ലിന് പുറകില്‍ മറഞ്ഞിരിക്കുന്ന അജൻഡ.
പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കണമെന്ന ഈ വര്‍ഷം മാര്‍ച്ചിലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനാണ് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നത്. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ രാജ്യസഭയില്‍ ആദ്യമായി ഇൗ ബില്‍ അവതരിപ്പിച്ചത്. ബില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും നിയമമായാല്‍ കമ്മിഷന്റെ കടിഞ്ഞാണ്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും കൈകളിലെത്തുമെന്നുമുള്ള പ്രതിപക്ഷ പരാതികളൊന്നും അന്നും കേന്ദ്രം ചെവിക്കൊണ്ടില്ല.
സുപ്രിംകോടതി വിധിയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത നിയമനിര്‍മാണമാണ് ഇതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ചെങ്കിലും കോടതി വിധി മാനിച്ചുള്ള നിയമമാണ് അവതരിപ്പിക്കുന്നത് എന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
മുന്‍ ഐ.എ.എസ് ഓഫിസര്‍ അരുണ്‍ ഗോയലിനെ തിടുക്കപ്പെട്ടും നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കിയും തെരഞ്ഞെടുപ്പ് കമ്മിഷനായി നിയമിച്ച നടപടിയെ നേരത്തെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി പദവിയില്‍ ജോലി ചെയ്തിരുന്ന അരുണ്‍ ഗോയല്‍ സ്വയം വിരമിക്കല്‍ നേടി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ടത്. നിയമമന്ത്രി തയാറാക്കിയ നാലംഗ പട്ടികയില്‍ നിന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ അരുണ്‍ ഗോയലിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. നിയമനത്തില്‍ അതിവേഗം കാട്ടിയെന്ന് നിരീക്ഷിച്ച സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടപടിക്രമം തുടങ്ങിയതും പൂര്‍ത്തിയാക്കിയതും ഒരു ദിവസം കൊണ്ടാണെന്നും വിമര്‍ശിച്ചു.
സുപ്രിംകോടതിയുടെ വിധിന്യായത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമന രീതിയില്‍ സമഗ്ര മാറ്റം കൊണ്ടുവരണമെന്നും അത് നിഷ്പക്ഷവും നീതിപൂര്‍വവുമായ ഒരു സംവിധാനത്തിനുള്ള നിയമന രീതിയാവണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിർദേശത്തിന് നേര്‍വിപരീതമായ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ബില്ലാണ് രാജ്യസഭയിലെത്തിയത്.
Content Highlights:Election Commission also to central dominance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."