ലോകകപ്പ് എഫക്ട്; ലേലത്തില്‍ പണം വാരി ഓസ്ട്രേലിയന്‍ താരങ്ങള്‍
ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഗംഭീര തിരിച്ചുവരവ്. 24.7 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. 2015ലാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ ഒടുവില്‍ കളിച്ചത്. അന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 27 മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള താരം 34 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ 2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് സ്റ്റാര്‍ക്ക് കളിച്ചില്ല. ട്വന്റി20 ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ 2024 ലെ ഐപിഎല്‍ കളിക്കുമെന്നു സ്റ്റാര്‍ക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണു തിരിച്ചുവരവിലും താരത്തെ കൊല്‍ക്കത്ത തന്നെ വാങ്ങിയത്.
ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സിന് 20.5 കോടി രൂപയാണു ലഭിച്ചത്. വരും സീസണില്‍ താരം സണ്‍ റൈസേഴ്സ് ഹൈദരാബാദില്‍ കളിക്കും. കമിന്‍സിനായി തുടക്കത്തില്‍ ചെന്നൈയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദും ചേര്‍ന്നതോടെ പോരാട്ടം 15 കോടി കടന്നു മുന്നേറി. ഒടുവില്‍ 20.5 കോടി രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കു താരം വിറ്റുപോയി. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഓസീസിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനാണ് പാറ്റ് കമിന്‍സ്.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കിയായിരുന്നു ഓസീസിന്റെ വിജയക്കുതിപ്പ്. 2020 ലെ താരലേലത്തില്‍ കമിന്‍സിന് 15.50 കോടി ലഭിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലാണ് താരം അന്നു കളിച്ചത്. 14 പന്തുകളില്‍ അര്‍ധ സെഞ്ചറി നേടിയ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും കമിന്‍സ് ഐപിഎല്ലില്‍ നടത്തിയിട്ടുണ്ട്.
ലോകകപ്പ് എഫക്ട്; ലേലത്തില്‍ പണം വാരി ഓസ്ട്രേലിയന്‍ താരങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."