HOME
DETAILS
MAL
വ്യവസായ വകുപ്പിനെതിരേ കടകംപള്ളി; പ്രതിരോധിച്ച് രാജീവ്
backup
October 13 2021 | 01:10 AM
തിരുവനന്തപുരം: വ്യവസായ വകുപ്പിനെതിരേ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലുമായി മുന്‍ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍. വ്യവസായ വകുപ്പിനു കീഴിലുള്ള ഇന്‍കെലിനെതിരേയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
ഇന്‍കെല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തോന്നുന്നില്ലെന്ന് കടകംപള്ളി പറഞ്ഞു. വിരമിച്ച ഐ.എ.എസുകാരുടെ ലാവണമാണ് ഇന്‍കെല്‍. അവര്‍ വെറുതെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നു. അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
717.29 കോടി രൂപ ചെലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാസ്റ്റര്‍ പ്ലാനിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണെന്നും ഇന്‍കെലാണ് ഇത് ഏറ്റെടുത്തിരിക്കുന്നതെന്നും അടിയന്തരമായി ആരോഗ്യ മന്ത്രി ഇടപെടണമെന്നും പറഞ്ഞുകൊണ്ടാണ് കടകംപള്ളി ശ്രദ്ധ ക്ഷണിച്ചത്. കൊവിഡ് കാലമായിരുന്നിട്ടും ഇതിനൊപ്പം ഊരാളുങ്കല്‍ ഏറ്റെടുത്ത പണി വേഗത്തില്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലെ വികസന പ്രവര്‍ത്തനങ്ങളും തസ്തിക കൂട്ടിയതും ചൂണ്ടിക്കാട്ടി. നാലു ഘട്ടമായി പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളജ് മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ മേല്‍നോട്ടത്തിനായി നോഡല്‍ ഓഫിസറെയും ആരോഗ്യ വകുപ്പിലെ കിഫ്ബി പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു സ്‌പെഷല്‍ ഓഫിസറെയും നിയമിച്ചിട്ടുണ്ട്. നോഡല്‍ ഓഫിസര്‍, സ്‌പെഷല്‍ ഓഫിസര്‍, നിര്‍വഹണ ഏജന്‍സിയായി ഇന്‍കെല്‍, കരാറുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ മാസ്റ്റര്‍ പ്ലാന്‍ അവലോകന യോഗങ്ങള്‍ ചേരുമെന്നും തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചു നിര്‍മാണം ത്വരിതപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളജിലെ നിര്‍മാണ ചുമതലയില്‍നിന്ന് ഇന്‍കെലിനെ മാറ്റണമെന്ന് കടകംപള്ളി വീണ്ടും ആവശ്യപ്പെട്ടു. ഇതിനു മറുപടിയുമായി വ്യവസായ മന്ത്രി പി. രാജീവ് എഴുന്നേറ്റു. ഇന്‍കെലിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് രാജീവ് പറഞ്ഞു. ഇന്‍കല്‍ ഐ.എ.എസുകാരുടെ താവളമെന്ന ആക്ഷേപം ശരിയല്ല. തലപ്പത്ത് വിരമിച്ച ഐ.എ.എസുകാരില്ല. ഡയരക്ടര്‍ ബോര്‍ഡില്‍ മാത്രമാണുള്ളത്. മറ്റു കാര്യങ്ങള്‍ പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."