HOME
DETAILS
MAL
വൈദ്യുതി പ്രതിസന്ധി ; പ്രശ്‌നം കല്‍ക്കരി മാത്രമല്ല; കേരളത്തിന്റെ വീഴ്ചയും
backup
October 13 2021 | 01:10 AM
ബാസിത് ഹസന്‍
തൊടുപുഴ: കേന്ദ്ര വൈദ്യുതി കുറഞ്ഞതിന്റെ പേരില്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് പറയുമ്പോഴും കേരളത്തിന്റെ വീഴ്ച ചര്‍ച്ചയാകുന്നില്ല. കല്‍ക്കരി ക്ഷാമം മൂലം പുറത്തു നിന്നു ലഭിക്കേണ്ട വൈദ്യുതിയില്‍ 200 - 300 മെഗാവാട്ടിന്റെ കുറവുണ്ടായിത്തുടങ്ങിയത് രണ്ടാഴ്ച മുമ്പാണ്. എന്നാല്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവച്ചിരിക്കുന്ന ജനറേറ്ററുകളുടെ ജോലികള്‍ പൂര്‍ത്തിയാക്കി ഉല്പാദനം പുനരാരംഭിക്കാന്‍ ഇതുവരെ കഴിയാത്തത് വൈദ്യുതി ബോര്‍ഡിന്റെ ആസൂത്രണത്തിലെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടുക്കിയിലും ശബരിഗിരിയിലുമായി 230 മെഗാവാട്ടിലധികം ശേഷിയുള്ള ജനറേറ്ററുകള്‍ ഷട്ട് ഡൗണിലാണ്. ഇടുക്കിയില്‍ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്ററും ശബരിഗിരിയില്‍ രണ്ടെണ്ണവും പ്രവര്‍ത്തിക്കുന്നില്ല. വിവിധ കാരണങ്ങളാല്‍ പള്ളിവാസലില്‍ രണ്ടും കല്ലടയില്‍ ഒരു ജനറേറ്ററും നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ ജലശേഖരം 84.03 ശതമാനമുണ്ടെങ്കിലും ഉല്‍പാദനശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
വൈദ്യുതി ഉല്പാദനത്തിന്റെ കാര്യത്തില്‍ പതിറ്റാണ്ടുകളായി യാതൊരു മുന്നേറ്റവും നേടാത്ത കേരളം കൂടുതലായും ഇതര സംസ്ഥാനങ്ങളിലെ താപനിലയങ്ങളെയാണ് ആശ്രയിക്കുന്നത്. 1997 ല്‍ ലോവര്‍ പെരിയാര്‍ കമ്മിഷന്‍ ചെയ്ത ശേഷം വലിയ പദ്ധതികളൊന്നും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് 2020 ല്‍ ഉപയോഗിച്ച വൈദ്യുതിയുടെ 72.35 ശതമാനവും പുറത്തുനിന്നും എത്തിച്ചതാണ്. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 25125.38 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 6944.82 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉല്പാദനം. 18180.56 ദശലക്ഷം യൂനിറ്റും പുറത്തുനിന്നും എത്തിച്ചതാണ്.
പ്രകടനപത്രികയില്‍ 500 മെഗാവാട്ട് ജല വൈദ്യുതി വാഗ്ദാനം ചെയ്ത ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചപ്പോള്‍ കമ്മിഷന്‍ ചെയ്തതാകട്ടെ 18.6 മെഗാവാട്ട് മാത്രമാണ്. 2020 ഓടെ പുനരുപയോഗ വൈദ്യുതി ഉല്പാദനശേഷി 1500 മെഗാവാട്ടായും വര്‍ധിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ കമ്മിഷന്‍ ചെയ്യാമായിരുന്ന 150 മെഗാവാട്ട് പദ്ധതികള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഇതില്‍ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ എന്നിവയും ഉള്‍പ്പെടും. 2000-2001 കാലഘട്ടത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 56 ശതമാനവും ആഭ്യന്തര ഉല്പാദനമായിരുന്നു. എന്നാല്‍ പിന്നീട് ഉപഭോഗം കുതിച്ചുയര്‍ന്നെങ്കിലും അതിനനുസരിച്ച് ആഭ്യന്തര ഉല്പാദന ശേഷി ഉയര്‍ത്താനായില്ല. ഇടുക്കി രണ്ടാം നിലയത്തിന്റെ ആലോചനയും തുടങ്ങിയിടത്ത് തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."