പേരാവൂരിലെ ചിട്ടി തട്ടിപ്പില്‍ സി.പി.എം കൂടുതല്‍ കുരുക്കിലേക്ക്: സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്
കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ സി.പി.എമ്മിന് തലവേദനയായ ഹൗസിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. വ്യാപക ക്രമക്കേടുകളാണ് നടന്നെന്നാണ് കണ്ടെത്തല്‍. പേരാവൂറിലാണ് സി.പി.എമ്മിനെ വലച്ച് കോടികളുടെ ചിട്ടിതട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.
സൊസൈറ്റിക്കു കീഴിലെ ലതര്‍ ബാഗ് നിര്‍മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മതിയായ ഈടില്ലാതെയാണ് വായ്പകള്‍ നല്‍കിയതിയത്. ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണ്.
പ്രശ്നം പാര്‍ട്ടിയുടെ പേരിലാകുമെന്നായപ്പോള്‍ കുറ്റമെല്ലാം ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ചു തടിതപ്പാനായിരുന്നു സി.പി.എം ശ്രമം. ചിട്ടി തട്ടിപ്പിന്റെ പേരില്‍ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി പി.വി ഹരികുമാര്‍ സസ്പെന്‍ഷനിലാണ്.
ചിട്ടി നടത്തരുത് എന്ന താക്കീത് അവഗണിച്ചാണ് സെക്രട്ടറി ഹരികുമാര്‍ ചിട്ടി നടത്തിയതെന്നായിരുന്നു സി.പി.എം വാദിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും സി.പി.എമ്മിന്റെ സമ്മതത്തോടെയാണ് ചിട്ടി നടത്തിയതെന്നും അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് അനുമതി നല്‍കിയതെന്നുമായിരുന്നു പി.വി ഹരികുമാറിന്റെ പക്ഷം.
എല്ലാകാര്യങ്ങളും പൊതുമധ്യത്തില്‍ വെളിപ്പെടുത്താന്‍ ആകില്ല. തന്നെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനാണ് ജീവനക്കാരും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഹരികുമാര്‍ ആരോപിച്ചിരുന്നു.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ജോ.രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പ്രദോഷ് കുമാര്‍ പറഞ്ഞു. കുറ്റക്കാരില്‍ നിന്നും പണം ഈടാക്കണം എന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടാകും. പൊലിസ് കേസ് ഉള്‍പെടെ വേണമോ എന്ന് ജോ രജിസ്ട്രാര്‍ക്ക് തീരുമാനിക്കാമെന്ന് പ്രദോഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."