HOME
DETAILS
MAL
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി ജനങ്ങള്‍ ആശങ്കയിലെന്ന് പ്രതിപക്ഷം
backup
October 14 2021 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാകുമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ എം.കെ മുനീര്‍ പറഞ്ഞു.
എക്‌സ്പ്രസ് ഹൈവേ പദ്ധതി ജനങ്ങള്‍ക്ക് ദോഷകരമാകുമെന്നു കണ്ടപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. അതുപോലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. പരിസ്ഥി ആഘാതം, പദ്ധതി കാലാവധി എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ല. വികസനം വേണ്ടെന്നല്ല, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷമടക്കമുള്ളവരുമായി വേണ്ട ചര്‍ച്ച നടത്തി ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു. എന്നാല്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആരും ഭവനരഹിതരാകില്ല. ഭൂമി അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ തുടക്കത്തിലുണ്ടായ പ്രചാരണവും ആശങ്കയും മറികടന്ന് അവ നടപ്പിലാക്കാന്‍ കഴിഞ്ഞ അനുഭവം നമ്മുടെ മുന്നിലുണ്ടെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ.
പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയറിങ് നടത്തും. നാടിന്റെ പൊതുവായ വികസനത്തിന് യോജിച്ചു നില്‍ക്കുന്നതിന് പകരം തെറ്റായ പ്രചാരണങ്ങള്‍ നടത്തി പദ്ധതിയെത്തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വികസനത്തെ പിന്നോട്ടു നയിക്കാനേ സഹായിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി കേരളത്തിലുണ്ടാക്കുന്ന പാരിസ്ഥിക നാശം കൃത്യമായി പഠിക്കാതെയാണ് സര്‍ക്കാര്‍ അതു നടപ്പാക്കാനൊരുങ്ങന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ പദ്ധതിക്കായി വീടൊഴിയണം. നിലവിലെ പദ്ധതി പ്രകാരം നടപ്പാക്കിയാല്‍ അടുത്ത പ്രളയത്തില്‍ വെള്ളം ഒലിച്ചു പോകാത്ത അവസ്ഥയുണ്ടാകും.
പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായും മുഖ്യമന്ത്രി ചിത്രീകരിക്കുകയാണെന്നുംസതീശന്‍ പറഞ്ഞു. സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."