ചെന്നൈക്ക് കിരീടം
ദുബൈ: 14ാം സീസണ്‍ ഐ.പി.എല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 165 റണ്‍സില്‍ അവസാനിച്ചു. 59 പന്തില്‍ 86 റണ്‍സുമായി കത്തിക്കയറിയ ദക്ഷിണാഫ്രിക്കക്കാരന്‍ ഫാഫ് ഡുപ്ലെസിയുടെ ബാറ്റിങ്ങാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് സിക്‌സറും ഏഴ് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഐ.പി.എല്ലില്‍ ചെന്നൈയുടെ നാലാം കിരീടമാണിത്. മുന്‍പ് 2010, 2011, 2018 സീസണുകളിലാണ് ചെന്നൈ കിരീടം ചൂടിയത്.
ഓപ്പണിങ്ങില്‍ ഇറങ്ങി അവസാന ഓവറിലെ അവസാന പന്ത് വരെ ഡുപ്ലെസി ക്രീസില്‍ നിലയുറപ്പിച്ചു. അവസാന പന്തിലാണ് താരം പുറത്തായത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തില്‍ 32) ഇത്തവണയും തിളങ്ങി. റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31), മൊയീന്‍ അലി (20 പന്തില്‍ പുറത്താവാതെ 37) മികച്ച സംഭാവന നല്‍കി.
കൂറ്റന്‍ റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്ത നിരയില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (43 പന്തില്‍ 51), വെങ്കടേഷ് അയ്യര്‍ (32 പന്തില്‍ 52) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയവര്‍ പെട്ടെന്ന് തന്നെ മടങ്ങിയതോടെ ചെന്നൈയുടെ വിജയം എളുപ്പമായി. അവസാന ഓവറുകളില്‍ ശിവം മാവി (13 പന്തില്‍ 20), ലോക്കി ഫെര്‍ഗൂസന്‍ (11 പന്തില്‍ 18) കത്തിക്കയറിയെങ്കിലും വിജയത്തിന് അതു മതിയായില്ല. ചെന്നൈക്കു വേണ്ടി ഷാര്‍ദുല്‍ താക്കൂര്‍ മൂന്നും ജോഷ് ഹാസില്‍വുഡ്, ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
നേരത്തേ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ മോര്‍ഗന്‍ ചെന്നൈയെ ബാറ്റിങ്ങിനയച്ചു. ചെന്നൈക്കായി ഋതുരാജ് ഗെയ്ക്‌വാദ്-ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. എട്ടോവറില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഇവര്‍ പിരിഞ്ഞത്. 27 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്തു നില്‍ക്കേ ഋതുരാജിനെ തന്റെ ആദ്യ പന്തില്‍ തന്നെ മടക്കി സുനില്‍ നരെയ്ന്‍ ചെന്നൈക്ക് പ്രഹരം നല്‍കി. നരെയ്‌ന്റെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഋതുരാജിനെ ശിവം മാവിയാണ് പിടിച്ചു പുറത്താക്കിയത്. തുടര്‍ന്ന് റോബിന്‍ ഉത്തപ്പ എത്തിയതോടെ ചെന്നൈ ഇന്നിങ്‌സ് ടോപ് ഗിയറിലായി. ഇതില്‍ ഉത്തപ്പയായിരുന്നു കൂടുതല്‍ ആക്രമണകാരി. രണ്ടാം വിക്കറ്റില്‍ ഇരുവരും അതിവേഗം 63 റണ്‍സ് അടിച്ചെടുത്തു. ഇവര്‍ക്കിടയിലും നരെയ്ന്‍ വില്ലന്റെ വേഷം കെട്ടി. 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സടക്കം 31 റണ്‍സെടുത്ത ഉത്തപ്പയെ നരെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ മോയിന്‍ അലിയും തന്റെ റോള്‍ ഭംഗിയാക്കി. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 37 റണ്‍സോടെ പുറത്താകാതെ നിന്ന അലി, ഡുപ്ലെസിക്ക് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ 200ന് അടുത്തെത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്‍ റണ്ണൊഴുക്കില്‍ അര്‍ധ സെഞ്ചുറി (56 റണ്‍സ്) വഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."